തൊട്ടടുത്ത വളവു എത്തിയതും കാവ്യ പെട്ടെന്ന് പറഞ്ഞു.
“ഡാ എനിക്ക് ഒന്നും കാണാൻ വയ്യ.”
മുന്നോട്ട് നോക്കിയ നവീനും ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ആ വളവിൽ നല്ല രീതിയിൽ മൂടൽ മഞ്ഞ് താങ്ങി നിൽപ്പുണ്ടായിരുന്നു. കാവ്യയുടെ കാലുകൾ അറിയാതെ തന്നെ ബ്രേക്കിൽ അമർന്നു. അതേ സമയം തന്നെ പിന്നിൽ ഉണ്ടായിരുന്ന ഇന്നോവ അവരുടെ കാറിനെ ഇടിച്ചതും ഒരുമിച്ചായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നവീന്റെ കാർ മുന്നോട്ട് പോയി റോഡരികിലെ പാറക്കെട്ടിൽ ഇടിച്ച് നിന്നു.
ഒരു നിമിഷം നവീന്റെ കണ്ണിലേക്ക് ഇരുട്ടു കയറി. തൊട്ടടുത്ത നിമിഷം തന്നെ തല കുടഞ്ഞ് കൊണ്ട് കാറിൽ നിന്നും പുറത്തിറങ്ങിയ നവീൻ കാണുന്നത് കാറിനടുത്തേക്ക് ഓടിവരുന്ന ഒരുത്തനെയാണ്. മീരയും ഈ സമയം കാറിൽ നിന്നും പുറത്തിറങ്ങി.
കാറിന്റെ ബോണറ്റിൽ കൈ ഊന്നി ഒരു ചാട്ടത്തിനു കാറിന്റെ മറു സൈഡിൽ എത്തിയ നവീൻ കാറിനടുത്തേക്ക് ഓടി വന്നവനെ ഒരു ചവിട്ടിനു റോഡിലേക്ക് തെറിപ്പിച്ചു.
ഈ സമയം കൊണ്ട് ഇന്നോവയിൽ ബാക്കി ഉണ്ടായിരുന്ന നാലുപേരും പുറത്തേക്കിറങ്ങി. അവരെ ഇങ്ങനെ നേരിടണമെന്ന് നവീന് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. കാവ്യയും കാറിൽ നിന്നും പുറത്തിറങ്ങി. തല സ്റ്റിയറിങ്ങിൽ ഇടിച്ചതിനാൽ അവളുടെ നെറ്റിയുടെ സൈഡിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു.
ഈ സമയം ജെറിയുടെ കൂട്ടാളികളിൽ ഒരുവൻ നവീന് നേരെ ഓടി അടുത്തു. നവീൻ പെട്ടെന്ന് ഒഴിഞ്ഞ് മാറി അവനെ പിന്നിലേക്ക് തള്ളിയിട്ട് തിരിയുമ്പോഴേക്കും ജെറിയുടെ കൈയിൽ ഉണ്ടായിരുന്ന കത്തി നവീന്റെ വയർ ലക്ഷ്യമാക്കി അടുത്തിരുന്നു.
ഇത് കണ്ടു മീര ഉറക്കെ നിലവിളിച്ചു. മീരയെ പോലെ തന്നെ നവീനും ആ കത്തി തന്റെ വയർ തുളച്ച് കയറി എന്ന് തന്നെ ഉറപ്പിച്ചു.
കണ്ണുകൾ ഇറുക്കി അടച്ച് തുറന്ന നവീൻ കാണുന്നത് കത്തിയിൽ മുറുകെ പിടിച്ചിരിക്കുന്ന കാവ്യയെ ആണ്. അവളുടെ കൈയിൽ നിന്നും ചോര ചീറ്റുന്നുണ്ടായിരുന്നു. ഈ സമയം തന്നെ അവൻ മറ്റൊരു കാഴ്ചയും കണ്ടു. കാവ്യയുടെ പിന്നിൽ ഉണ്ടായിരുന്ന മീര അന്തരീക്ഷത്തിലേക്ക് മാഞ്ഞ് പോകുന്നത്.
നവീൻ ജെറിയുടെ വയറ്റിലേക്ക് ആഞ്ഞ് ചവിട്ടി. അവൻ കത്തിയുമായി റോഡിലേക്ക് തെറിച്ച് വീണു. കത്തി കൈയിലുലൂടെ ചീന്തി പോയതും കാവ്യയുടെ നിലവിളി അവിടെ ഉയർന്നിരുന്നു.