നവീൻ പറഞ്ഞു.
“നിങ്ങൾ കാറിൽ തന്നെ ഇരുന്നാൽ മതി. ഞാനും മീരയും മാത്രം പോകുന്നതാണ് നല്ലത്.”
കാവ്യയ്ക്കും ആകാശിനും അത് തന്നെയാണ് നല്ലതെന്ന് തോന്നി.
കാറിൽ നിന്നും ഇറങ്ങിയ നവീൻ സ്റ്റേഷന് അരികിലുള്ള റോഡിലൂടെ പോലീസ് സ്റ്റേഷന് പിന്നിലുള്ള മതിലിനടുത്തേക്ക് നടന്നു.
പിന്നിലെ മതിൽ കെട്ടിനരികിൽ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. അടുത്തെങ്ങും ലൈറ്റ് ഇല്ലാത്തതിനാൽ നല്ല ഇരുട്ടും.
“നീ പോയി കാർ കണ്ട് പിടിച്ചിട്ട് വാ.. എന്നിട്ട് ഞാൻ മതിൽ ചാടുന്നതാണ് നല്ലത്.”
മീരയ്ക്കും അതാണ് നല്ലതെന്ന് തോന്നി. അവളെ ആകുമ്പോൾ ആരും കാണില്ലല്ലോ. കാർ കണ്ട് പിടിച്ച് കഴിഞ്ഞാൽ നവീന് നേരെ അവളോടൊപ്പം കാറിനടുത്തേക്ക് പോയാൽ മതിയല്ലോ.
മീര മതിലിനുള്ളിലൂടെ അകത്തേക്ക് നടന്ന് പോയി.
ഈ സമയം കാറിനുള്ളിൽ ഇരിക്കുകയായിരുന്ന കാവ്യയുടെ ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു.
അവളുടെ മുഖത്തെ ടെൻഷൻ കണ്ട് ആകാശ് പറഞ്ഞു.
“നീ പുറത്തിറങ്ങ്. നമുക്ക് ഓരോ ചായ കുടിക്കാം.”
കാവ്യ അവന്റെ മുഖത്തേക്ക് തുറിച്ച് നോക്കി.
“ഈ സമയത്ത് തന്നെ ചായ കുടിക്കണോ ചേട്ടന്.”
“നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. അവൻ ഇപ്പോൾ ഇങ്ങു വരില്ലേ.”
“എങ്കിലും അവൻ പോലീസ് സ്റ്റേഷന്റെ മതിൽ ചാടാനല്ലേ പോയിരിക്കുന്നത്.”
ഒരു ചിരിയോടെ അവൻ ചോദിച്ചു.
“നീ അല്ലെ ഇന്ന് വീട്ടിൽ വച്ച് ഭയങ്കര ആവേശത്തോടെ പോലീസ് സ്റ്റേഷന്റെ മതിൽ ചാടാം എന്നൊക്കെ പറഞ്ഞത്.”
അവൾ ഒരു ജാള്യതയോടെ ചിരിച്ചു.
“നീ ഇറങ്ങി വാ..”
അവൻ അതും പറഞ്ഞ് കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അവന്റെ പിന്നാലെ അവളും ഇറങ്ങി.
കടയിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. അവർ ഒരു ടേബിളിനു ഇരു വശത്തും ആയി ഇരുന്നു.
ആകാശ് വിളിച്ച് പറഞ്ഞു.
“ചേട്ടാ രണ്ടു ചായ..”
കുറച്ച് സമയത്തിനകം തന്നെ ചായ അവരുടെ മുന്നിൽ എത്തി. തണുത്ത അന്തരീക്ഷത്തിൽ ചൂട് ചായ കുറേശ്ശെയായി ഊതി കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് നവീൻ കാറിനടുത്തു തങ്ങളെ തിരയുന്നത് അവർ കണ്ടത്.