കാവ്യയും അവന് അരികിലായി മുകളിലേക്ക് നോക്കി കിടന്നു.
“മീര ഇപ്പോൾ ഈ റൂമിൽ ഉണ്ടോടാ?”
“ഇല്ല.. അവളിപ്പോൾ താഴേക്ക് എവിടെയോ പോയേക്കുവാണ്.”
“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”
നവീൻ തല ചരിച്ച് കാവ്യയെ നോക്കി.
“എന്താടി?”
“നിനക്ക് മീരയെ ഇഷ്ടമാണോ?”
അവൻ ഒന്നും പറഞ്ഞില്ല. കാവ്യ അവന്റെ മുഖത്തേക്ക് നോക്കി.
“അവളെ കാണാതായപ്പോൾ ഇന്ന് നീ കാണിച്ച് കൂട്ടിയതൊക്കെ ഞാൻ കണ്ടതാണ്. അതുകൊണ്ട് ഉള്ള സത്യം നീ തുറന്നു പറഞ്ഞോ.”
“ഇഷ്ട്ടം ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴും എനിക്ക് വ്യക്തമായിട്ടറിയില്ല അവളോട് തോന്നുല്ല ഫീലിംഗ് എന്താണെന്ന്.”
കാവ്യ കുറച്ച് നേരത്തേക്ക് നിശ്ശബ്ദതയായി കിടന്നു. ഈ സമയത്താണ് മീര ആ റൂമിലേക്ക് കയറി വന്നത്. പക്ഷെ ആ കാര്യം അവൻ കാവ്യയോട് പറഞ്ഞില്ല.
കാവ്യ പെട്ടെന്ന് ചോദിച്ചു.
“മീരയെ കാണാൻ സുന്ദരി ആണോ?”
കാവ്യയുടെ ചോദ്യം കേട്ട മീര പെട്ടെന്ന് നവീന്റെ മുഖത്തേക്ക് നോക്കി. അവന്റെ നോട്ടവും മീരയുടെ മുഖത്തായിരുന്നു.
“അഹ്.. സുന്ദരി ആണ്.”
പെട്ടെന്ന് തന്നെ കാവ്യയുടെ അടുത്ത ചോദ്യം വന്നു.
“എന്നെക്കാളും സുന്ദരി ആണോ?”
കാവ്യയുടെ കുശുമ്പ് നിറഞ്ഞ ചോദ്യം കേട്ട് മീരയുടെ ചുണ്ടിൽ ചിരി നിറഞ്ഞിരുന്നു.
കാവ്യയെ ഒന്ന് കളിപ്പിക്കാനായി നവീൻ പറഞ്ഞു.
“അങ്ങനെ ചോദിച്ചാൽ… നിന്നെക്കാളും ഇച്ചിരി സൗന്ദര്യം കൂടുതലാണ്.”
അത് കേട്ടതും കാവ്യയുടെ മുഖം ഒന്ന് മങ്ങി. എങ്കിലും അവൾ ചോദിച്ചു.
“എന്റെ ഒരു ബോഡി ഷേപ്പ് അവൾക്കുണ്ടോ?”
ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞു.
“ഞാൻ ഒരു സത്യം പറയട്ടെ.”
“എന്താ?”
“ഒരു മിനിറ്റ് മുൻപ് മീര ഈ റൂമിലേക്ക് വന്നു. ഇപ്പോൾ അവളിവിടെ ഉണ്ട്.”