“എനിക്ക് എന്തെങ്കിലും കാര്യത്തിൽ വഴി മുട്ടി നിൽക്കുമ്പോൾ അവളാണ് എനിക്ക് മുന്നോട്ടുള്ള മാർഗ്ഗനിർദ്ദേശം തരുന്നത്. ഇവിടെയും നമുക്ക് അവളെ ആശ്രയിക്കാം.”
മീര പെട്ടെന്ന് തന്നെ പറഞ്ഞു.
“അത് വേണ്ട നവീൻ. തനിക്ക് എന്നെ കാണാൻ കഴിയുന്നത് കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കി. കാവ്യയുടെ കാര്യം അങ്ങനല്ല. നവീൻ പറയുന്നത് കാവ്യാ വിശ്വസിക്കണമെന്നില്ല. ചിലപ്പോൾ തനിക്ക് വട്ടാണെന്ന് അവൾ വിചാരിക്കും.”
“ഇല്ല മീര.. എനിക്ക് അവളെ…”
നവീൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് കാവ്യ ഡോർ തള്ളിത്തുറന്നു അവന്റെ റൂമിലേക്ക് വന്നു.
“നീയെന്താടാ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്?”
കാവ്യയുടെ പെട്ടെന്നുള്ള കടന്നു വരവിൽ നവീന്റെ മുഖം എന്തോ കള്ളത്തരം ചെയ്തിരുന്നപോലെ വിളറിവെളുത്തു.
“പ്ളീസ് നവീൻ.. എന്നെക്കുറിച്ച് ഒന്നും കാവ്യയോട് പറയരുത്.”
മീരയുടെ ശബ്‌ദം അവന്റെ കാതുകളിൽ പതിച്ചു. അതെ സമയം തന്നെ കാവ്യാ ചോദിച്ചു.
“എന്താടാ നിന്റെ മുഖം ഒരുമാതിരി ഇരിക്കുന്നെ?”
അവൻ പെട്ടെന്ന് പറഞ്ഞു.
“ഒന്നുമില്ല.. ഫോൺ സൈലന്റ് ആയിരുന്നു.”
കാവ്യാ അവന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.
“നീ വാ നമുക്കൊന്ന് ഷോപ്പിങ്ങിനു പോകണം. എനിക്ക് കുറച്ച് ഡ്രസ്സ് എടുക്കണം.”
“ഇപ്പോഴോ?”
“അഹ്.. നിനക്ക് പ്രതേകിച്ച് പണിയൊന്നും ഇല്ലല്ലോ.”
കാവ്യാ അവനെയും പിടിച്ച് വലിച്ച് റൂമിനു പുറത്തേക്ക് നടന്നു. നവീൻ പെട്ടെന്ന് ഒന്ന് നിന്ന ശേഷം റൂമിലേക്ക് തിരിഞ്ഞ് നോക്കി തന്നെ നോക്കി നിൽക്കുന്ന മീരയോട് കൂടെ വരാൻ തലകൊണ്ട് ആംഗ്യം കാണിച്ചു.
അത് കണ്ടപ്പോൾ മീരയുടെ മുഖമൊന്നു തെളിഞ്ഞു.
“നീ എന്താടാ തിരിഞ്ഞ് റൂമിലേക്ക് നോക്കി നിൽക്കുന്നത്?”
അവൻ കാവ്യയുടെ മുഖത്തേക്ക് നോക്കി ചിരിച്ച ശേഷം അവളുടെ കൈയും പിടിച്ച് പടികൾ ഇറങ്ങി. അവരുടെ തൊട്ടു പിറക്കേ മീരയും.
നവീൻ കാർ ഡ്രൈവ് ചെയ്യുമ്പോൾ കാവ്യാ വാ തോരാതെ ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. നവീൻ അതിനൊക്കെ എന്തൊക്കെയോ മറുപടി നൽകുമ്പോഴും അവന്റെ ശ്രദ്ധ പിന്നിലിരിക്കുന്ന മീരയിലായിരുന്നു.