തന്റെ മുന്നിലുള്ള രൂപം സത്യമാണോ അല്ലയോ എന്നുള്ള ചിന്തയിൽ അവൻ ബെഡിലേക്ക് കണ്ണടച്ച് കിടന്നു. ഉറക്കം വരാതെ ഇടക്കൊക്കെ കണ്ണ് തുറന്നു നോക്കുമ്പോഴും അവന്റെ ഉറക്കം കെടുത്തിയ ആ രൂപം അവനെ നോക്കികൊണ്ട് ബെഡിൽ തന്നെ ഉണ്ടായിരുന്നു. അർധരാത്രിക്ക് ശേഷം എപ്പോഴോ അവൻ നിദ്രയിലേക്കാണ്ടു.
ബ്രേക്ഫാസ്റ് കഴിച്ചുകഴിഞ്ഞു നേരെ ബെഡ്റൂമിലേക്ക് വന്ന നവീന്റെ നോട്ടം ആദ്യം പോയത് തന്റെ ബെഡിലേക്കാണ്. അവനെയും പ്രതീക്ഷിച്ചിട്ടെന്നവണ്ണം ആ പെൺകുട്ടി ബെഡിൽ ഇരിക്കുകയാണ്.
എന്ത് ചെയ്യണമെന്ന് നവീന് ഒരു എത്തുംപിടിയും കിട്ടുന്നില്ലായിരുന്നു. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോഴും ഇന്നലെ നടന്നതൊക്കെ ഒരു സ്വപ്നം ആണെന്ന ചിന്തയിൽ ആയിരുന്നു അവൻ. പക്ഷെ അവനെ ഞെട്ടിച്ച് കൊണ്ട് ആ പെൺകുട്ടി റൂമിൽ തന്നെ ഉണ്ടായിരുന്നു.
എന്തെങ്കിലും ഒരു തുടക്കമിടണമല്ലോ എന്നുള്ള ചിന്തയിൽ അവൾക്കൊപ്പം ബെഡിൽ വന്നിരുന്ന നവീൻ പറഞ്ഞു.
“തനിക്ക് തന്റെ പേരുപോലും അറിയില്ലെന്നല്ലേ പറഞ്ഞത്.”
അവൾ നവീന്റെ മുഖത്ത് നോക്കി അതെ എന്ന അർഥത്തിൽ മൂളി.
“അപ്പോൾ ആദ്യം തന്നെ എനിക്ക് വിളിക്കാനായി തനിക്കൊരു പേര് കണ്ടെത്തണം.”
അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
“മീര.. തനിക്ക് ഇഷ്ടപ്പെട്ടോ ഈ പേര്.”
അവൾ ഒരു പുഞ്ചിരിയോയോട് കൂടി ഇഷ്ട്ടപെട്ടു എന്നുള്ള അർഥത്തിൽ തല കുലുക്കി.
“അപ്പോൾ മീര.. തന്നെക്കുറിച്ച് അന്വേഷിക്കാൻ നമുക്ക് മീരയുടെ ശരിക്കുള്ള പേരറിയില്ല, തന്റെ ഒരു ഫോട്ടോ പോലും എടുക്കാനും കഴിയില്ല.”
അവൾ ദയനീയമായ സ്വരത്തിൽ ചോദിച്ചു.
“അപ്പോൾ എന്നെക്കുറിച്ച് ഒന്നും കണ്ടെത്താൻ കഴിയില്ല എന്നാണോ?”
“അങ്ങനെ ഞാൻ പറയില്ല. എല്ലാത്തിനും ഒരു ഉത്തരം കാണുമല്ലോ. മീരയുടെ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ എനിക്ക് ഈ കാര്യങ്ങൾ ഒരാളോട് പറയണം.”
“കാവ്യയോടാണോ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“കുറച്ച് ദിവസമായി മീര എന്റെ പിറകെ ആയതിനാൽ കാവ്യയെ അറിയാമായിരിക്കും. അവൾ എന്റെ മുറപ്പെണ്ണാണ്. ഞങ്ങളെ തമ്മിൽ കെട്ടിക്കാനാണ് വീട്ടുകാരുടെ പ്ലാൻ. പക്ഷെ അത് നടക്കില്ല. അവൾക്ക് ഒരു ബോയ്‌ഫ്രണ്ട് ഉണ്ട് ആകാശ്. മാത്രമല്ല ഞാനും അവളും ബെസ്ററ് ഫ്രണ്ട്സും ആണ്, ശരിക്കും പറഞ്ഞാൽ എന്റെ ക്രൈം പാർട്ണർ എന്ന് പറയാം.”
ഒരു നിമിഷം നിർത്തിയ ശേഷം അവൻ പറഞ്ഞു.