അത് കേട്ട നവീൻ അപ്പോഴത്തെ സാഹചര്യം മറന്ന് അറിയാതെ ചിരിച്ച് പോയി.
അവന്റെ ചിരി അപ്പോഴുണ്ടായിരുന്ന ചുറ്റുപാടിൽ ഒരു അയവു വരുത്തിയാൽ അവളും അവന്റെ ചിരി ആസ്വദിച്ച ശേഷം പറഞ്ഞു.
“എനിക്ക് ജീവനുള്ള ഒന്നിലും തൊടാനാകില്ല. പക്ഷെ ജീവനില്ലാത്ത വസ്തുക്കളിൽ തൊടാനുമാകും അതേസമയം അതിലൂടെ കടന്നുപോകാനും കഴിയും. അതിനാലാണ് എനിക്കിപ്പോൾ ഈ ബെഡിൽ ഇരിക്കാൻ കഴിയുന്നത്.”
“അപ്പോൾ തനിക്ക് ഈ ജീവനില്ലാത്ത വസ്തുക്കളെയൊക്കെ കൈയിൽ എടുക്കാൻ കഴിയുമോ?”
“ഏയ്.. അതൊന്നും കഴിയില്ല. ചുമ്മാ സ്പര്ശിക്കാം. അനക്കാനൊന്നും ആകില്ല. നമ്മൾ ഈ ഭിത്തിയിലൊക്കെ തൊടില്ലേ.. അതുപോലെ. ഇപ്പോൾ തന്നെ ഞാൻ ഈ ബെഡിൽ ഇരുന്നിട്ട് ബെഡ് താഴ്ന്നതൊന്നും ഇല്ലല്ലോ.”
ചെറിയൊരു ആശങ്കയോടെ അവൻ ചോദിച്ചു.
“അപ്പോൾ ആഹാരം എന്താ കഴിക്കുന്നേ?”
അവളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.
“ഇയ്യാള് പേടിക്കണ്ട ഞാൻ ബ്ലഡ് ഒന്നും കുടിക്കില്ല. എനിക്ക് ആഹാരം കഴിക്കേണ്ട ആവിശ്യം ഇല്ല.”
അവളുടെ മറുപടി കേട്ട അവൻ ഒന്ന് ചിരിച്ച ശേഷം ചോദിച്ചു.
“അപ്പോൾ തനിക്ക് തന്നെക്കുറിച്ച് ഒന്നും തന്നെ അറിയില്ല.”
“അതെ.. അതിനൊക്കെ ഉള്ള ഉത്തരം കണ്ടെത്താൻ നവീൻ എന്നെ സഹായിക്കണം. ഞാൻ ആരാണ്, ഞാൻ ജീവനോടെ ഉണ്ടോ.. അതോ മരിച്ച ആരുടെയെങ്കിലും പ്രേതമാണോ എന്നൊക്കെ നമുക്ക് കണ്ടെത്തണം.”
അത് പറയുമ്പോൾ അവളുടെ സ്വരം പതറിയിരുന്നു.
“എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യം ആർക്കും കാണാൻ കഴിയാത്ത തന്നെ എനിക്കെങ്ങനെയാണ് കാണാൻ കഴിയുന്നത്?”
“അതിനുള്ള ഉത്തരവും നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മളെ തമ്മിൽ കണക്ട് ചെയ്യിക്കുന്ന എന്തോ ഒന്ന് നമുക്കിടയിൽ ഉണ്ട്.”
നവീൻ കുറച്ച് നേരം ആലോചിച്ച ശേഷംപറഞ്ഞു.
“ഇപ്പോൾ നടക്കുന്നതൊക്കെ സ്വപ്നമാണോ എന്റെ തോന്നലുകൾ ആണോ എന്നെനിക്കറിയില്ല. നാളെ രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴും നീ എന്റെ കൂടെ ഉണ്ടെങ്കിൽ നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നമ്മൾ അന്വേഷിക്കും.”