നവീൻ കൈ ഞെട്ടലോടെ പിൻവലിച്ച് അവളുടെ മുഖത്തേക്ക് നോക്കി. അവൾ നിർവികാരതയോടെ അവനെ തന്നെ നോക്കി നിൽക്കുകയാണ്. നവീൻ വിരൽ കൊണ്ട് അവളുടെ കവിളിൽ ഒന്ന് തൊടുവാനായി ശ്രമിച്ചു. വായുവിലൂടെ കൈ കടന്നു പോകുന്നത് പോലെ അവളുടെ തലക്കുള്ളിലൂടെ അവന്റെ കൈ കടന്നു പോയി.
അവന്റെ ഉള്ളിൽ പെട്ടെന്ന് ഭയം നിറഞ്ഞു. വിളറിയ മുഖത്തോടെ അവൻ പിന്നിലേക്ക് പോയി.
അവന്റെ മുഖത്തെ ഭയം കണ്ട അവൾ പറഞ്ഞു.
“നവീൻ പേടിച്ച് നിലവിളിക്കരുത്. എനിക്ക് തന്നെ ഉപദ്രവിക്കാനാകില്ല. എനിക്ക് തന്നെ സ്പർശിക്കാൻ പോലും ആകില്ല,”
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതൊക്കെ തന്റെ സ്വപ്നമോ തോന്നലോ ആണോ എന്നൊന്നും അവനു മനസിലാക്കാനായില്ല. എങ്കിലും അവൻ ധൈര്യം സംഭരിച്ച് ചോദിച്ചു.
“താൻ ആരാണ്.. പ്രേതമാണോ?”
അവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് ചിരിച്ചു. എന്നിട്ട് സാവധാനം നടന്ന് ചെന്ന് അവന്റെ ബെഡിലേക്ക് ഇരുന്നു.
“ഞാൻ ആരാണെന്ന് എനിക്കറിയില്ല. ഞാൻ പ്രേതമാണോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നെ കുറിച്ച് ഞാൻ മനസിലാക്കിയ കാര്യങ്ങൾ ഞാൻ നവീന് പറഞ്ഞു തരാം. ഇവിടേക്ക് വന്നിരിക്ക്.”
കുറച്ച് പേടിയോടെ ആണെങ്കിലും അവൻ അവളുടെ അരികിലായി ബെഡിൽ ഇരുന്നു.
“ഞാൻ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. സ്വന്തം പേരുപോലും അറിയില്ല. ഒരു നീണ്ട ഉറക്കത്തിൽ നിന്നെന്നപോലെ ഞാൻ എഴുന്നേൽക്കുമ്പോൾ നമ്മൾ അന്ന് കണ്ട കുന്നിനരികിൽ ആയിരുന്നു ഞാൻ. ഒന്നും ഓർമ്മയില്ലാതെ.”
ഒരു നിമിഷം നിർത്തിയ ശേഷം അവൾ തുടർന്നു.
“പതുക്കെ ഞാൻ മനസിലാക്കി എന്നെ ആർക്കും കാണാൻ കഴിയില്ല. എന്റെ ശബ്‌ദം ആർക്കും കേൾക്കാനും കഴിയില്ല. ആരെയും സ്പര്ശിക്കാനും കഴിയില്ല. ഇനി എന്ത് എന്നറിയാതെ ദിവസങ്ങൾ തള്ളി നീക്കുമ്പോഴാണ് ഇയ്യാളെ ഞാൻ ആ കുന്നിൽ വച്ച് കാണുന്നത്. തനിക്ക് എന്നെ കാണാനാകില്ല എന്നുള്ള വിശ്വാസത്തിലാണ് ഞാൻ അന്ന് തന്റെ അരികിൽ വന്നു നിന്നത്. പക്ഷെ എന്നെ അത്ഭതപ്പെടുത്തികൊണ്ടു നവീന് എന്നെ കാണാൻ കഴിഞ്ഞു. ഞാൻ സംസാരിക്കുന്നത് കേൾക്കാൻ കഴിഞ്ഞു. അവിടെ വച്ച് ഇയ്യാളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിയില്ല എന്നുള്ളത് കൊണ്ട് അന്ന് മുതൽ ഞാൻ നവീന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.”
അവൻ അത്ഭുതത്തോടെ ചോദിച്ചു.
“എന്റെ കൂടെയോ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“അതെ.. തന്റെ കാറിൽ ഞാൻ അന്ന് മുതൽ കൂടെ തന്നെ ഉണ്ടായിരുന്നു. ഇയ്യാൾക്ക് എന്നെ കാണാൻ കഴിയുന്നതിനാൽ കാറിനുള്ളിൽ ഇരിക്കാതെ കാറിന്റെ ഡിക്കിയിൽ ആയിരുന്നെന്ന് ഉള്ളു.”