“ഇല്ല മാമാ.. പോയിട്ടൊരു അത്യാവിശം ഉണ്ടായിരുന്നു.”
കുടിച്ച് കഴിഞ്ഞാൽ രവി മാമൻ പഴയ കഥകൾ പറഞിരുത്തി ബോറടിപ്പിക്കുമെന്ന് നവീന് അറിയാം.
“നിന്റെ അച്ഛന്റെ സ്പെഷ്യൽ ഗിഫ്റ് ഉണ്ട്. ഒരെണ്ണം അടിച്ചിട്ട് പോകുന്നോ?”
“അച്ഛന് വേറെ പണി ഇല്ലേ. ഞാൻ അവനെ എങ്ങനെയെങ്കിലും കണ്ട്രോൾ ചെയ്ത് കുടി വല്ലപ്പോഴും ആക്കി വച്ചിരിക്കുവാണ്.”
മകൾ പറഞ്ഞത് കേട്ട് രവി ഒരു ചിരിയോടെ ചോദിച്ചു.
“കല്യാണത്തിന് മുൻപ് തന്നെ ഇവൾ നിന്നെ കണ്ട്രോൾ ചെയ്തു തുടങ്ങിയോടാ.”
അതിനുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി നവീൻ കാർ പിന്നിലേക്ക് എടുത്തു തന്റെ വീട്ടിലേക്ക് ഓടിച്ചു.
വീട്ടിൽ ചെന്ന് കയറുമ്പോൾ ‘അമ്മ ഹാളിൽ ഇരുന്നു ടിവി കാണുവായിരുന്നു.
നവീനെ കണ്ടയുടൻ ജയശ്രീ ചോദിച്ചു.
“നിനക്ക് ചോറെടുക്കട്ടെ?”
“വേണ്ടമ്മാ.. ആകാശിന്റെ സ്ട്രീറ്റ് ഉണ്ടായിരുന്നു ഇന്ന്.”
“നിനക്കെങ്കിൽ അതൊന്നു വിളിച്ചു പറഞ്ഞൂടെ. വെറുതെ എന്തിനാ ആഹാരം വച്ച് കളയുന്നത്.”
“സോറി അമ്മ, കാവ്യയുടെ നിർബന്ധം കാരണം ആകാശ് പെട്ടെന്ന് നടത്തിയ പാർട്ടി ആയിരുന്നു.”
ജയശ്രീ ഒന്ന് മൂളിയ ശേഷം പറഞ്ഞു.
“അവനെ കൊണ്ട് നിങ്ങൾ വെറുതെ പൈസ ഒന്നും ചിലവാക്കിപ്പിക്കരുത്. ആ പാവം കൊച്ച് ഒറ്റക്കാണ് ഗായത്രിയുടെ കല്യാണം നടത്തിയത്. ”
വിവേക് അമ്മക്ക് ഒരു ചിരി സമ്മാനിച്ച് കൊണ്ട് പടികൾ കയറി തന്റെ റൂമിലേക്ക് നടന്നു.
ഒന്ന് ഫ്രഷ് ആയി വാട്സ്അപ്പും, ഫേസ്ബുക്കും നോക്കി കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് പോയി കഴിഞ്ഞിരുന്നു. ഉറങ്ങാമെന്ന ചിന്തയിൽ ബെഡിൽ കിടന്നുകൊണ്ട് കൈ എത്തിച്ച് ലൈറ്റ് ഓഫ് ചെയ്തപ്പോഴാണ് തന്റെ റൂമിൽ ആരോ ഉള്ളതായി അവനു തോന്നിയത്. നവീൻ പെട്ടെന്ന് തന്നെ ലൈറ്റ് ഓൺ ചെയ്ത് റൂമിന്റെ മൂലയിലേക്ക് നോക്കി. അവന്റെ മുഖത്ത് ഒരു ഞെട്ടലും പരിഭ്രാന്തിയും ഒരുമിച്ച് വന്നു.
മാന്ധ്രാ കുന്നിന്റെ മുകളിൽ വച്ച് കണ്ട പെൺകുട്ടി റൂമിന്റെ മൂലയിൽ അവനെയും നോക്കി നിൽക്കുന്നു. അന്ന് കണ്ട അതെ നീല ജീൻസും ചുവന്ന ചെക്ക് ഷർട്ടും.
അവൻ പരിഭ്രാന്തിയോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ടു ചോദിച്ചു.
“നീ എന്താ ഇവിടെ? നീ എങ്ങനെ എന്റെ റൂമിലെത്തി?”
മുഖത്ത് യാതൊരു ഭാവ മാറ്റവും വരുത്താതെ അവൾ നവീന്റെ അരികിലേക്ക് ചെന്നു.