കുന്നിന്റെ മുകളിൽ വച്ച് കണ്ട പെൺകുട്ടി കണ്ണാടി ഗ്ലാസിൽ കൂടി അവനെയും നോക്കി നിൽക്കുന്നു. അന്ന് കണ്ട അതെ ജീൻസും ഷർട്ടും തന്നെയാണ് വേഷം.
നവീൻ പെട്ടെന്ന് എഴുന്നേറ്റ് റെസ്റ്റോറെന്റിന്റെ പുറത്തേക്ക് നടന്നു. അവിടെ ചെന്ന് നോക്കുമ്പോൾ അവളെ കാണാനും ഇല്ല. അവൻ ചുറ്റുമൊക്കെ ഒന്ന് കറങ്ങി നോക്കിയ ശേഷം തിരികെ വന്നിരുന്നു.
നവീൻ എന്താ ചെയ്യുന്നതെന്ന് അറിയാതെ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു കാവ്യയും ആകാശും.
കാവ്യാ ആകാംഷയോടെ ചോദിച്ചു.
“എന്താടാ, നീ ആരെ നോക്കാനാണ് പോയത്.”
“രണ്ടു മൂന്നു ദിവസം മുൻപ് മാന്ധ്രായിലെ കുന്നിന്റെ മുകളിൽ വച്ച് ഒരു പെങ്കൊച്ചിനെ കണ്ടെന്നു പറഞ്ഞില്ലേ. അവളിപ്പോൾ അവിടെ നിന്നു എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. പക്ഷെ പുറത്തു ചെന്ന് നോക്കിയപ്പോൾ കാണാനില്ല.”
“നിനക്ക് തോന്നിയതായിരിക്കും അളിയാ.”
“അല്ലേടാ, കഴിഞ്ഞ രണ്ടു ദിവസവും അവളെ ഞാൻ ഓരോ ഇടത്തും വച്ച് കണ്ടിരുന്നു. പക്ഷെ പെട്ടെന്ന് കാണാതാകും.”
കാവ്യാ കുസൃതിയോടെ ചോദിച്ചു.
“അവൾ നല്ല സുന്ദരി ആയിരുന്നെന്നല്ലേ നീ പറഞ്ഞിരുന്നേ?”
അവൻ അതെ എന്നർത്ഥത്തിൽ മൂളി.
“ആ സുന്ദരി കുട്ടി അപ്പോൾ നിന്റെ മനസ്സിൽ കടന്നു കൂടി കാണും. അതാ ഇടക്കൊക്കെ അവളെ കാണുന്നതായി തോന്നുന്നേ.”
“പോടീ.. അന്ന് സംസാരിച്ചപ്പോഴേ മനസിലായി അതൊരു കിളി പോയ സാധനം ആണെന്ന്.”
കുറച്ച് സമയം കൂടി അവിടെ ചിലവഴിച്ച ശേഷം അവർ വീടുകളിലേക്ക് മടങ്ങി. കാവ്യയെ വീട്ടിൽ ഡ്രോപ്പ് ചെയ്തത് നവീൻ ആണ്.
അവൻ കാവ്യയുടെ വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ രവി മാമൻ മുറ്റത്ത് ഒരു ടേബിളും കസേരയും ഇട്ടു മദ്യപിക്കുകയായിരുന്നു.
കാവ്യ കാറിൽ നിന്നും ഇറങ്ങിയപ്പോൾ രവി വിളിച്ച് ചോദിച്ചു.
“നവീൻ..ഇറങ്ങുന്നില്ലെ?”