ഞങ്ങളെ കണ്ടപ്പോൾ ആ കടയിലെ ആൾ എന്നെ വന്ന് കെട്ടിപിടിച്ചു. അനു ഒന്നും മനസ്സിലാകാതെ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ പറഞ്ഞു .
” അനു ഇത് ജോജോ.. രവിയുടെ യും എന്റെയും ഒപ്പം കോളേജിൽ ഒപ്പം ഉണ്ടായിരുന്നു ”
” വാ അജിത് നമുക്ക് വീട്ടിലേക്ക് പോവാം.. ”
ജോജോ അവന്റെ കട അവിടത്തെ പണിക്കരാനെ ഏല്പിച്ച് വണ്ടിയിൽ കയറി. കുറച്ച് കൂടി മുന്നോട്ട് പോയി ഒരു ഓടിട്ട വീടിന്റെ മുൻപിൽ വണ്ടി നിർത്തി.
ആ വീട്ട് മുറ്റത്ത് ഒരു കുട്ടി കളിക്കുന്നുണ്ടായിരുന്നു. ഞാനും ജോജോയും അനുവും കാറിൽ നിന്നിറങ്ങി. ജോജോ ആ കുട്ടിയെ എടുത്ത് ഞങ്ങളോട് വീട്ടിലേക്ക് കയറാൻ പറഞ്ഞു. ഞങ്ങൾ അകത്തേക്ക് കയറി. അപ്പോൾ അടുക്കളയിൽ നിന്ന് നാൻസി പൂമുഖത്തേക്ക് വന്നു. അനുവിനോട് ഞാൻ ചോദിച്ചു.
” ആളെ മനസ്സിലായോ.. എന്നെ പണ്ട് ചാരക്കേസിൽ കുടുക്കിയ പ്രതിയാ..”
എന്ന് പറഞ്ഞ് ഞാൻ ചിരിച്ചു. അത് കേട്ട് ജോജോയും ചിരിച്ചു. നാൻസി എന്നെ നോക്കി കൊണ്ട് കൊഞ്ഞനം കുത്തി കാണിച്ചു. എന്നിട്ട് കുഞ്ഞിനെ ജോജോയുടെ കയ്യിൽ നിന്ന് മേടിച്ചു. ജോജോ കുഞ്ഞിനെ നാൻസിയ്ക്ക് കൊടുത്ത ശേഷം അന്ന് അവിടെ നടന്നതും പിന്നെ അവരുടെ ജീവിതത്തിലുണ്ടായതെല്ലാം അനുവിനോട് വിവരിച്ചു. നാൻസി അത് കേട്ട് നെടുവീർപ്പിട്ടു. അനു എല്ലാം പറഞ് കഴിഞ്ഞപ്പോൾ വീടിന് പുറത്തേക്കോടി കാറിൽ തല വെച്ച് പൊട്ടി കരഞ്ഞു.
ഞാൻ പിന്നാലെ പോയി അവളെ തിരിച്ച് നിർത്തി.
” എന്താ.. അനു ഇത്.. കരച്ചിൽ നിർത്ത് .. പ്ലീസ്.. പോട്ടെ സാരല്ല ”
അവൾ വീണ്ടും എന്റെ തോളിൽ കിടന്ന് കരഞ്ഞ് കൊണ്ടിരുന്നു.
” അനു ഇതൊക്കെ ദൈവം നമുക്ക് വിധിച്ചതാണ് എന്ന് കരുതി സമാധാനിക്ക് ..”
ഞാൻ അവളുടെ താടി ഉയർത്തി പറഞ്ഞു..
” ദെ.. നോക്ക് ഇനി നീ കരയാൻ പാടില്ല.. ഇനി നിന്റെയും എന്റെയും ജീവിതം ഇങ്ങനെ ആക്കിയ അവനോട് ഇതിന് പകരം ചോദിക്കയാണ് വേണ്ടത് ”
അവൾ കണ്ണ് തുടച്ചു. എന്നിട്ട് എന്റെ കൈ പിടിച്ച് ജോജോയുടെ വീട്ടിനകത്തേക്ക് കേറിയപ്പോൾ നാൻസി അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് മാപ്പ് ചോദിച്ചു. അനു അവളെ ആശ്വസിപ്പിച്ചു. ഈ സമയം ജോജോ കസേരയിൽ നിന്നെഴുന്നേറ്റ് അനുവിന്റെ അടുക്കൽ ചെന്ന് പറഞ്ഞു.
” അനു.. നിന്നെയും ഇവനെയും ഞങ്ങൾ ദ്രോഹിച്ചിട്ടേ ഉള്ളൂ… പക്ഷെ ഇവൻ ഒരു ജോലിയും ചെയ്യാൻ കഴിയാതെ അവസാനം ഐസ്ക്രീം വിൽക്കുന്ന ജോലി ചെയ്യുമ്പോഴാണ് ഞങ്ങൾ കണ്ടത്. ഒരു കാലില്ലാത്ത എനിക്ക് ആ ജോലി വളരെ പ്രയാസമായിരുന്നു. അന്ന് സ്‌കൂളിൽ വെച്ച് കണ്ട ശേഷം ഇവൻ ഞങ്ങളെ തേടി വന്നു. എനിക്ക് ഒരു ചെറിയ കടയും ഈ വീടും വയ്ക്കാൻ സഹായിച്ചു. ഇടയ്ക്കൊക്കെ ഞങ്ങളുടെ സുഖവിവരം അന്വേഷിക്കാൻ വരും.
അന്നൊക്കെ ഇവൻ ഒന്നേ ആവശ്യപെട്ടിട്ടുള്ളൂ.. ഒരു നാൾ നിന്നെയും കൂട്ടി വരുമ്പോൾ ഉള്ള സത്യങ്ങൾ പറയുക എന്ന് മാത്രം. നിന്നോട് മാത്രമല്ല ഏത് കോടതിയിലും വന്ന് ഞങ്ങൾ ഇത് ഏറ്റു പറയും. അത് ഇവനോടുള്ള കടപ്പാട് കൊണ്ട് മാത്രല്ല ഇനി ഒരാളും രവി കാരണം ജീവിതം തകരരുത് ”