വരവായി നീല രാത്രി…”അവളാ പാട്ടും കേട്ട് കണ്ണടച്ച് കാറിൽ കിടന്നു. ഞങ്ങൾ ഏകദേശം പൊതുവാൾ സാറിന്റെ വീടെത്തരായിരുന്നു.
മുൻപ് പലവട്ടം ഞാൻ ആ വീട്ടിൽ വന്നിട്ടുണ്ട്. ഒരു വളവു കൂടി കഴിഞ്ഞ് ആദ്യത്തെ വീടാണ് സാറിന്റെ… ഞാൻ വീടിന്റെ മുൻപിൽ കാർ നിർത്തി ഹോൺ അടിച്ചു. അത് വരെ വണ്ടിയിൽ കിടന്നുറങ്ങിയ അനു ഹോണടിക്കുന്ന ശബ്ദം കേട്ട് കണ്ണ് തിരുമ്മി എഴുന്നേറ്റു..
” അജി.. എന്തായി സമയം.. സാറിന്റെ വീടെത്തിയോ..”
” സമയം പന്ത്രണ്ടായി. ഇത് തന്നെയാണ് സാറിന്റെ വീട് ”
അവിടെയുള്ള ഒരു ജോലിക്കാരൻ വന്ന് ഗേറ്റ് തുറന്ന് തന്നു. ഞങ്ങൾ വണ്ടി ആ വീടിന്റെ മുറ്റത്തു നിർത്തി പുറത്തിറങ്ങി.
അപ്പോഴേക്കും പൊതുവാൾ സാർ വാതിൽ തുറന്ന് പുറത്ത് വന്നു. സാറിനെ കണ്ട അനു അത്ഭുതത്തോടെ നോക്കി ചോദിച്ചു.
” അജി.. എന്തുപറ്റിയതാ സാറിന്.. സാറെന്താ വീൽ ചെയറിലൊക്കെ..”
” എല്ലാം പറയാം നീ അകത്തേക്ക് വാ ”
പൊതുവാൾ സാർ ആ ജോലിക്കാരനോട് മൂന്ന് ചായ ഹാളിലേക്ക് എടുക്കാൻ പറഞ്ഞു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
ഞങ്ങൾ അവിടെയുള്ള സോഫയിൽ ഇരുന്ന് എന്നെയും സാറിനെയു പരസ്പരം നോക്കി. അത് കണ്ട സാർ എന്നോട് ചോദിച്ചു.
” നീ ഇവളോടൊന്നും പറഞ്ഞില്ലേ..”
” ഇല്ല..! എല്ലാം സാറുതന്നെ പറഞ്ഞ് കൊടുക്ക് ”
അവൾ സാറിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
” അനു ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കണം. ഞാൻ മുകുന്ദൻ സാറിന്റെ അഥവാ രവിയുടെ അച്ഛന്റെ കൂടെ അദ്ദേഹം ആദ്യം തുടങ്ങിയ ആ ചെറിയ ടെക്സ്റ്റയിൽസ് മുതലേ കൂടെ ഉണ്ട്. അന്ന് അത് മാത്രമേ സാറിനുണ്ടായിരുന്നൊള്ളു. പിന്നീടുള്ളതെല്ലാം സാർ കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയതാണ്.
എല്ലാ സ്ഥലത്തിലും കാണുമല്ലോ ഒരു വിഷവിത്ത്. അതായിരുന്നു രവി. അവന്റെ ദുർനടപ്പ് കൊണ്ട് അദ്ദേഹത്തിന്റെ മാനം പോകും എന്ന് കരുതിയ നേരത്താണ് മോളേ കല്യാണം കഴിപ്പിച്ചു തന്നാൽ അവൻ നല്ലൊരാളായി മാറാം എന്ന് ഉറപ്പ് കൊടുത്തത്.
പക്ഷെ അവൻ പിന്നെയും അത് തന്നെ തുടർന്നു. ഇതെല്ലം മുകുന്ദൻ സാർ അറിയുന്നുണ്ടായിരുന്നു. ഇനിയെന്ത് ചെയ്യും എന്നറിയാതെ ഇരിക്കുന്ന സമയത്തതാണ് അവൻ ചെയ്യാൻ പാടില്ലാത്ത ഏറ്റവും വലിയ തെറ്റു ചെയ്തത്. ഒരു ദിവസം കള്ളു കുടിച്ച് വന്ന് അവന്റെ സ്വന്തം അമ്മയെ..
ഛേ.. എനിക്ക് അത് പറയാൻ പോലും കഴിയുന്നില്ല. അന്ന് അവൻ അവിടെ ചെയ്തത് നോക്കി നിൽക്കാനേ സാറിന് കഴിഞ്ഞൊള്ളു..
അതിന് പിറ്റേ ദിവസം സാർ എന്നെ കാണാൻ വന്നു. അദ്ദേഹത്തിന്റെ സ്വത്ത് മുഴുവൻ അദ്ദേഹത്തിന്റെ കാലശേഷം നിങ്ങളുടെ മോന്റെ പേരിലേക്ക് മാറ്റി. ‘അവന് പ്രായപൂർത്തിയാകുമ്പോൾ ആ സ്വത്തെല്ലാം അവൻ കിട്ടും. അത് വരെ അവനെ വളർത്തുന്നതാരാണോ അവർക്കാണ് അതിന്റെ മുഴുവൻ നടത്തിപ്പവകാശവും.’ എന്ന വിൽപത്രം ഉണ്ടാക്കി ബാങ്ക് ലോക്കറിലേക്ക് മാറ്റി.