എന്തു തന്നെ ആയാലും കരഞ്ഞതിന് കാരണം ആയത് ഞാന്‍ തന്നെ ആണല്ലോ.
അപ്പോഴേക്കും ഒരു ബസ് വന്നു. പോകാം എന്നു ചോദിച്ചപ്പോ അവള്‍ തല ആട്ടി. ബസില്‍ കയറി.
അവള്‍ക്ക് സീറ്റ് കിട്ടി. എനിക്കും. പക്ഷേ ഒരുമിച്ചല്ല ഇരുന്നതു എന്നു മാത്രം. അതുകൊണ്ടു തന്നെ ഒന്നും ചോദിക്കാനും പറ്റില്ല.
കുറച്ചു ദൂരം പോയപ്പോ എന്‍റെ അടുത്തിരിക്കുന്ന ആള്‍ ഇറങ്ങി. ഞാന്‍ ഫോണില്‍ വിളിച്ച് ഇങ്ങോട്ട് വന്നിരിക്കാന്‍. കുഴപ്പമില്ല ഇവിടിരുന്നോളാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.
ആ പറഞ്ഞതില്‍ എന്നോടു എന്തോ ദേഷ്യം ഉണ്ടോ? അതോ എനിക്കു തോന്നിയതായിരിക്കുമോ?
ഇടയ്ക്കിടയ്ക്ക് വിളിച്ച് വെറുതെ ബുദ്ധിമുട്ടിക്കേണ്ട. കുറച്ചു നേരം സ്വസ്ഥമായിരിക്കട്ടെ അവള്‍. അത് തന്നെ ആയിരിയ്ക്കും നല്ലത്.
എന്തായാലും എന്‍റെ കൂടെ തന്നെ ആണല്ലോ വന്നത്.
ബസ് സ്റ്റാഡില്‍എത്തി. അവള്‍ മുന്‍വാതിലിലൂടെ ഇറങ്ങി. പുറകിലൂടെ ഞാനും. ഞാന്‍ അവളുടെ അടുത്തേക്ക് പോയപ്പോള്‍ അവള്‍ വേഗം മാറി നടക്കുന്നു. എന്‍റെ മുഖത്തേക്ക് പോലും നോക്കാതെ.
ഞാന്‍ ആകെ അന്തംവിട്ടു പോയി. ഫോണില്‍ അവളെ വിളിച്ചു. പക്ഷേ ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു അവള്‍. പിന്നേയും വിളിച്ചു. അപ്പോഴും അവള്‍ കട്ട് ചെയ്തു. എനിക്കു ചെറുതായി ദേഷ്യവും വന്നു. ഒരു ഒരക്ഷരം മിണ്ടാതെ പോയതിന്. ഒന്നുകില്‍ കാര്യം പറയുക അല്ലെങ്കില്‍ പുറകെ വരരുത് എന്നു പറയുക. ഒന്നും മിണ്ടാതെ പോവുക എന്നു വച്ചാല്‍ പിന്നെ ദേഷ്യം വരില്ലേ?
അവള്‍ അവളുടെ നാട്ടിലേക്കുള്ള ബസില്‍ കയറി പോയി. പുറകെ ബസില്‍ കയറി പോയി സംസാരിക്കാന്‍ ശ്രമിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പിന്നെ വിചാരിച്ചു വേണ്ടെന്ന്.
ഒന്നു കൂടി ഫോണില്‍ വിളിച്ചു നോക്കി. അപ്പോഴും ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ്.
(തുടരും)