“ഇത് കാണിക്കാൻ വേണ്ടിയാണോ നിങ്ങള് എന്നെ വിളിച്ചു വരുത്തിയത് ”
എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ഞാൻ ഒന്നും മിണ്ടാതെ കസേരയിൽ നിന്നു എഴുനേറ്റു .
“പോട്ടെ…”
മുത്തശ്ശിയേയും അമ്മയെയും നോക്കി പയ്യെ ചിരിച്ചുകൊണ്ട് ഞാൻ യാത്ര പറഞ്ഞു ഇറങ്ങി . അപ്പോഴേക്കും മഞ്ജു കാറിന്റെ പുറകിലെ ഡോർ തുറന്നു പിൻസീറ്റിലേക്ക് കയറി ഇരുന്നിരുന്നു . ഡോർ അടച്ചുകൊണ്ട് അവളെന്നേയും കാത്തിരുന്നു .
ഞാൻ ഒന്നും മിണ്ടാതെ റോസ് മോളെയും എടുത്തുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . മഞ്ജു അതൊന്നും ശ്രദ്ധിക്കുന്നേയില്ല. അവള് ആദിയെ മടിയിൽ വെച്ചുകൊണ്ട് പുറത്തേക്കും നോക്കി ഗൗരവത്തിൽ ഇരുന്നു .
അതിനിടക്ക് പിള്ളേരുടെ ചെറിയ കൊഞ്ചലും ഞെരക്കങ്ങളും മാത്രമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഏക ശബ്ദം . ഞാൻ പെട്ടെന്ന് സെന്റര് മിററിലൂടെ അവളെ പാളി നോക്കി .
“ഒന്ന് മിണ്ടടി പുല്ലേ…”
എന്ന് ഞാൻ മനസിൽ പറഞ്ഞുകൊണ്ട് അവളുടെ ഗൗരവം നിറഞ്ഞ മുഖം കണ്ണാടിയിലൂടെ കണ്ടു . അത് അവള് ശ്രദ്ധിച്ചപ്പോൾ ഞാൻ പെട്ടെന്ന് നോട്ടം അവസാനിപ്പിച്ചു .
“വണ്ടി എടുക്കുന്നുണ്ടേൽ എടുക്ക്..ഇല്ലേൽ ഞാൻ ഓടിക്കാം ”
ഞാൻ കാർ സ്റ്റാർട്ട് ചെയ്യാൻ വൈകുന്നത് കണ്ടു മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
“വേണ്ട…ഞാൻ ഓടിച്ചോളാം ”
ഞാൻ പെട്ടെന്ന് ബോധം വന്നപോലെ പയ്യെ പറഞ്ഞു . പിന്നെ കീ തിരിച്ചുകൊണ്ടു വണ്ടി സ്റ്റാർട്ട് ചെയ്തു . അതോടെ റോസ്‌മോളും ആദിയും ചാർജ് ആയി .
അവളുടെ വീട് പിന്നിട്ടതോടെ മഞ്ജുസ് കാഴ്ചയും നോക്കി ഇരിപ്പായി . ആദിയോട് എന്തൊക്കെയോ കുശുകുശുക്കുന്നത് അല്ലാതെ എന്നോട് മിണ്ടുന്നില്ല . എതോ അപരിചിതനെ പോലെ ആണ് അവളെന്നെ നോക്കുന്നതും പെരുമാറുന്നതും ഒക്കെ ..
“നാളെ കോളേജിൽ പോണുണ്ടോ ?”
കുറെ നേരം മിണ്ടാതിരുന്നു ഒടുക്കം ഞാൻ തന്നെ സൈലെൻസ് ബ്രെക് ചെയ്തു .
“തീരുമാനിച്ചിട്ടില്ല ”
അതിനു പുറത്തേക്ക് നോക്കികൊണ്ട് തന്നെ അവള് മറുപടി നൽകി .
“അതെന്താ ?”
ഞാൻ സംശയത്തോടെ തിരക്കിയെങ്കിലും ആ ചോദ്യത്തിന് മറുപടി വന്നില്ല . അവള് പെട്ടെന്ന് ആദിയെ മുലയൂട്ടാൻ തുടങ്ങി . അതോടെ ഞാൻ കാറിന്റെ വേഗവും ഒന്ന് കുറച്ചു . പിന്നെ വീടെത്തുന്ന വരെ കാര്യമായ സംസാരം ഒന്നും ഉണ്ടായില്ല .