“ഹി ഹി..ഹ്ഹ്ഹ് ..ചാ ..ഛാ”
പെണ്ണ് ഉറക്കെ ചിരിച്ചുകൊണ്ട് ചിണുങ്ങി .
“ചാച്ചന് ഉമ്മ താടി പൊന്നുസേ…”
ഞാൻ അവളെ എന്റെ നേരെ പിടിച്ചുകൊണ്ട് കവിള് കാണിച്ചു . അതോടെ അവള് എന്റെ കവിളിൽ പയ്യെ ചുണ്ടുകൾ ഉരസികൊണ്ട് ചിണുങ്ങി .
“ഹ്മ്മ് മ്മം മ്മം മ്മം ”
അവൾ ഉമ്മവെക്കുന്ന പോലെ കാണിച്ചുകൊണ്ട് ശബ്ദങ്ങൾ ഉണ്ടാക്കി . സ്വല്പ നേരം ഞാനും റോസ് മോളും കൂടി അങ്ങനെ കളിച്ചിരുന്നു . മഞ്ജുവിന്റെ അമ്മ ചായ എടുത്തുവെച്ചു ക്ഷണിച്ചതോടെ ഞാൻ പെണ്ണിനേയും എടുത്തു ഡൈനിങ് ഹാളിലേക്ക് പോയി . അവിടെയൊന്നും മഞ്ജുവിനെ കാണാൻ കഴിഞ്ഞില്ല . അതോടെ കക്ഷി മാളികപ്പുറത്തു തന്നെ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു .
ചായ കുടിക്കാനായി റോസിമോളെയും മടിയിൽ വെച്ചുകൊണ്ട് ഞാൻ കസേരയിൽ ഇരുന്നു .
“മഞ്ജുസ് എവിടെ ?”
ഞാൻ അമ്മയെ നോക്കി സംശയത്തോടെ തിരക്കി .
“മുകളിലുണ്ട്..ഡ്രെസ് മാറാൻ പോയതാ ..”
അവളുടെ അമ്മ പയ്യെ പറഞ്ഞു മുഖത്തൊരു ചിരി വരുത്തി .
“ഹ്മ്മ്…”
ഞാൻ മൂളികൊണ്ട് ചെറിയ സംശയത്തോടെ ചായ ഊതികുടിച്ചു . അതുകണ്ടു റോസ്‌മോളും ബഹളം വെച്ചതോടെ അവൾക്കും തണുപ്പിച്ചുകൊണ്ട് സ്വല്പം നൽകി . പിന്നെ കഴിക്കാൻ കൊണ്ടുവെച്ച കേക്കിൽ നിന്ന് സ്വല്പം പൊട്ടിച്ചുകൊണ്ട് പെണ്ണിന്റെ വായിലിട്ടു കൊടുത്തു . അത് നുണഞ്ഞും ചപ്പിയുമൊക്കെ പെണ്ണ് കഴിച്ചു .
അതിനിടക്ക് മഞ്ജുസിനെ വിളിക്കാൻ വേണ്ടി അമ്മ മുകളിലേക്കു പോയി .ചായ കുടിച്ചു കഴിഞ്ഞതോടെ ഞാൻ എഴുനേറ്റു ഉമ്മറത്തേക്കും പോയി . സ്വല്പം കഴിഞ്ഞതോടെ ഇടതു കയ്യിൽ ആദിയെയും എടുത്തുകൊണ്ട് മഞ്ജുസ് ഉമ്മറത്തേക്കെത്തി .
ഒരു വെള്ളയിൽ ചുവന്ന പൂക്കൾ ഉള്ള ചുരിദാറും ചുവന്ന പാന്റുമാണ് അവളുടെ വേഷം . വല്യ മേക്കപ്പ് ഒന്നുമില്ല . മുഖത്ത് നല്ല ഗൗരവം ഉണ്ട് . വലതു കയ്യിൽ ഒരു ചെറിയ ലഗ്ഗേജ് ബാഗും തൂക്കി പിടിച്ചിട്ടുണ്ട് .
ഞാൻ അടിച്ച പാടൊക്കെ ഏറെക്കുറെ മാഞ്ഞിട്ടുണ്ടെലും അവിടം ചുവന്നു തന്നെ കിടപ്പുണ്ട് .
നല്ല സീപീഡിൽ നടന്നു വന്ന അവള് ഉമ്മറത്തെത്തി ഒന്ന് നിന്നു . പിന്നെ എന്നെ മൈൻഡ് ചെയ്യാതെ മുത്തശ്ശിയോട് യാത്ര പറഞ്ഞു .
“എന്നെ പോട്ടെ മുത്തശ്ശി …പിന്നെ എപ്പോഴേലും വരാം ”
സ്വല്പം ഗൗരവത്തിൽ അവരോടു യാത്ര പറഞ്ഞു ചിരിച്ചു കാണിച്ചുകൊണ്ട് മഞ്ജു അമ്മയെ നോക്കി .
“അപ്പൊ ശരി…”
പയ്യെ തലയാട്ടി അവരെ നോക്കികൊണ്ട് മഞ്ജു സ്റ്റെപ്പിലേക്കിറങ്ങി . പിന്നെ ചെരിപ്പുമിട്ടു മുറ്റത്തേക്കിറങ്ങി , കാറിനടുത്തേക്ക് നടന്നു . ഞാൻ ഇതെല്ലം ചെറിയ അസ്വസ്ഥതയോടെ കണ്ടിരുന്നു മഞ്ജുസിന്റെ അമ്മയെ നോക്കി .