ഞാൻ കയറി ചെല്ലുമ്പോൾ റോസിമോളെ മടിയിൽ വെച്ചു അമ്മയും കൂട്ടിനു മുത്തശ്ശിയും പൂമുഖത്തുണ്ടായിരുന്നു . കാർ കണ്ടതോടെ തന്നെ റോസീമോൾക്ക് ആളെ പിടികിട്ടിയെന്നു അവളുടെ ആഹ്ളാദം കണ്ടപ്പോൾ എനിക്ക് തോന്നി .
ഡോർ തുറന്നു പുറത്തിറങ്ങിയ എന്റെ നേരെ കൈചൂണ്ടികൊണ്ട് അവള് “ചാ ച്ച” എന്ന് സ്വല്പം ഉറക്കെ പറഞ്ഞു ചിണുങ്ങി . പിന്നെ മഞ്ജുസിന്റെ അമ്മയുടെ മടിയിൽ നിന്ന് ഇറങ്ങാൻ വേണ്ടി ഞെളിപിരി കൊണ്ട് ബലം പിടിച്ചു .
ഞാൻ അത് നോക്കി പയ്യെ ചിരിച്ചു ഉമ്മറത്തേക്ക് കയറി .
“ചാ ചാ ..”
ചെരിപ്പഴിച്ചു ഉമ്മറത്തേക്ക് കയറിയ എന്നെ നോക്കി റോസിമോള് ചിണുങ്ങി . അതോടെ ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന് അവളെ കൈനീട്ടി വാങ്ങി എന്റെ തോളത്തേക്കിട്ടു .
“എന്തോന്നാ പെണ്ണെ നിനക്ക് …”
ഞാൻ അവളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് ചിരിച്ചു .
“മോൻ ഇരിക്ക് ..അമ്മ ചായ എടുക്കാം ”
റോസിമോളെ കൊഞ്ചിക്കുന്ന എന്നെ നോക്കി അവർ പയ്യെ പറഞ്ഞു .
“ഹ്മ്മ്..’
ഞാൻ അതിനു പയ്യെ മൂളികൊണ്ട് കസേരയിലേക്കിരുന്നു . പിന്നെ റോസിമോളെ മടിയിൽ വെച്ചു കാലുകൾ ഇളക്കി അവളെ കളിപ്പിച്ചു .
“വീട്ടിന്റെ അടുത്തുള്ള ആളാണോ കുട്ട്യേ മരിച്ചത് ?”
ഞാൻ പറഞ്ഞ കള്ളാ വിശ്വസിച്ചെന്ന പോലെ മുത്തശ്ശി എന്നെ നോക്കി .
“ആഹ്..അതെ മുത്തശ്ശി….അച്ഛൻ പറഞ്ഞു കാണും ലെ ?”
ഞാൻ അവരെ ചിരിയോടെ നോക്കി .
“ആഹ്…ഇന്നലെ പറയണ കേട്ടു . എങ്ങനാ പ്രായം ആയ ആളാണോ ?”
മുത്തശ്ശി ഡീറ്റെയിൽസ് അറിയാനുള്ള ത്വരയിൽ ചോദിച്ചു .
“ഏയ് പ്രായം ഒന്നും ഇല്ല മുത്തശ്ശി..പെട്ടെന്ന് അറ്റാക് വന്നതാ ”
ഞാൻ വായിൽ വന്ന നുണ തട്ടിവിട്ടു .
“ഹ്മ്മ്…പാവം..എന്താ ചെയ്യാ…”
മുത്തശ്ശി അത് കേട്ടു സ്വയം പരിതപിച്ചു .ഞാനതു നോക്കി ചിരിച്ചുകൊണ്ട് റോസ്‌മോളുടെ കവിളിൽ എന്റെ കുറ്റിത്താടി ഉരുമ്മി . അതോടെ പെണ്ണ് പൊട്ടിച്ചിരിക്കാൻ തുടങ്ങി .