മഞ്ജുസിന്റെ വേഷവും വർത്തമാനവുമൊക്കെ ശ്രദ്ധിച്ചുകൊണ്ട് മുത്തശ്ശി ചിരിച്ചു .
“അഹ്..അതെന്നെ .അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തശ്ശി ..”
ഞാനും അത് അംഗീകരിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു . അതത്ര രസിക്കാത്ത മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . പിന്നെ പതിവ് ഓർമയിൽ “പോടാ ” എന്ന് പറയാൻ വന്നെങ്കിലും അവളുടെ അമ്മ ഞങ്ങളെ ശ്രദ്ധിക്കുന്ന കാരണം പറയാൻ വന്നത് വിഴുങ്ങികളഞ്ഞു .
മഞ്ജുവിന് ആകെ പേടി ഉണ്ടെങ്കിൽ അവളുടെ അമ്മയെ മാത്രം ആണ് . എന്നെ അവള് എടാ ..പോടാ എന്നൊന്നും വിളിക്കുന്നത് അമ്മക്ക് ഇഷ്ടം അല്ല . അതുപോലെ ഞങ്ങളുടെ വഴക്കിന്റെ കാര്യം ഒകെ അറിഞ്ഞാൽ അമ്മ അവളെ വഴക്ക് പറയും .
“അഹ് , പിന്നെ മോനെ ബാംഗ്ലൂരിലെ കാര്യം ഒകെ എങ്ങനെ ഉണ്ട് ? റോസ്‌മേരി ഇടക്ക് എന്നെ വിളിക്കാറുണ്ട് ”
കസേരയിലേക്കിരുന്നു , ആദിമോനെ മടിയിലേക്കു വെച്ചുകൊണ്ട് അച്ഛൻ തിരക്കി . ആദി കുട്ടൻ പ്രേത്യേകിച്ചു ഭാവ വ്യത്യാസമോ പരുങ്ങലോ ഒന്നുമില്ലാതെ അച്ഛന്റെ അടുത്ത് അടങ്ങി ഇരിക്കുന്നുമുണ്ട് .
“കൊഴപ്പല്യ അച്ഛാ…ഞാൻ ഇല്ലെങ്കിലും അതൊക്കെ അവള് അഡ്ജസ്റ്റ് ചെയ്യും ”
ഞാൻ പയ്യെ തട്ടിവിട്ടു .
“ഹ്മ്മ്…”
അതിനു പുള്ളി അമർത്തി ഒന്ന് മൂളി .
“ചായ എടുക്കണോ മോനെ ?”
റോസിമോളെ കൊഞ്ചിച്ചുകൊണ്ട് തന്നെ മഞ്ജുസിന്റെ അമ്മ എന്നോടായി തിരക്കി .
“അയ്യോ വേണ്ടമ്മ ..ഊണിന്റെ നേരം ആയില്ലേ ..ഇനി ചായ ഒന്നും വേണ്ട ”
ഞാൻ സമയം ഓർമിപ്പിച്ചുകൊണ്ട് തന്നെ തട്ടിവിട്ടു .
“ആഹ്..എന്ന അകത്തേക്ക് വാ ..ഒക്കെ റെഡിയാ ..”
അമ്മച്ചി നിറഞ്ഞ ചിരിയോടെ എന്നെ ക്ഷണിച്ചു . അതോടെ എല്ലാവരും ഊണ് കഴിക്കാനുള്ള തിരക്കിലേക്ക് നീങ്ങി . പിന്നെ ഊണൊക്കെ കഴിച്ച ശേഷമാണ് വീണ്ടും വിശേഷങ്ങളിലേക്കൊക്കെ നീങ്ങിയത് . അപ്പോഴേക്കും മഞ്ജു വീട്ടു വേഷത്തിലേക്ക് മാറിയിരുന്നു .
“ഇപ്പൊ എങ്ങനെയാ മോനെ രണ്ടാളും തല്ലു കൂടാറുണ്ടോ ?”
ഊണൊക്കെ കഴിഞ്ഞു ഉമ്മറത്തെ കസേരയിൽ മൊബൈലും നോക്കിയിരിക്കെ ആദിയെയും എടുത്തുകൊണ്ട് അങ്ങോട്ടേക്ക് വന്ന മഞ്ജുവിന്റെ അമ്മച്ചി തിരക്കി.
“ഏയ് ..അങ്ങനെ ഒന്നും ഇല്ലമ്മാ…അതൊക്കെ ചുമ്മാ തമാശക്ക് അല്ലെ ..”
ഞാൻ അമ്മയുടെ ചോദ്യം കേട്ട് ചിരിച്ചു .