“എടി എന്തേലും പറ മഞ്ജുസേ ..എന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കല്ലേ ”
അവളുടെ നിസഹകരണം കണ്ടു ഞാൻ ദേഷ്യപ്പെട്ടു .
അതിനും അവൾക്കു മിണ്ടാട്ടം ഇല്ലെന്നു കണ്ടതോടെ ഞാൻ കീഴടങ്ങി. ദേഷ്യം കടിച്ചമർത്തി ഞാൻ വീണ്ടും താഴേക്കിറങ്ങി .അവിടെ എന്നെയും കത്ത് മഞ്ജുസിന്റെ അമ്മച്ചി ഉണ്ടായിരുന്നു .
“സാരല്യ മോനെ …അവൾക്കു നല്ല വിഷമം ആയികാണും ..അതോണ്ടാ ”
എന്റെ ഭാവം കണ്ടു മുകളിൽ സംഭവിച്ചത് ഊഹിച്ച അമ്മ എന്നെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു .
“അപ്പൊ എനിക്ക് ഇല്ലേ അമ്മെ ? എന്റെ വിഷമമം ഞാൻ ആരോടാ പറയാ ? പറയാനുള്ള ആള് ഒന്നും മിണ്ടുന്നതും ഇല്ല”
ഞാൻ അവരെ നോക്കി പാതിവെന്ത ചിരിയോടെ പറഞ്ഞു .
അതിനു അവർക്കും ഒരു മറുപടി ഉണ്ടായിരുന്നില്ല .
“അവള് താഴേക്ക് മനഃപൂർവം വരാത്തതാ..മുഖത്തെ പാട് കണ്ടാൽ അവളുടെ അച്ഛൻ എന്തേലുമൊക്കെ ചോദിചാലോ ”
അമ്മച്ചി എന്നെ നോക്കി പയ്യെ പറഞ്ഞു .
“ഹ്മ്മ്….”
ഞാൻ അതിനു പയ്യെ മൂളി .
“മോൻ ചെയ്തത് തെറ്റാണെന്നു അമ്മ പറയില്ല , അവൾക്കു ഒരു അടിയുടെ കുറവൊക്കെ ഉണ്ട് . പക്ഷെ പിള്ളേരുടെ മുൻപിൽ വെച്ച് ഇങ്ങനെയൊക്കെ ഉണ്ടാവുന്നത് അത്ര ശരിയല്ല മോനെ ”
പുള്ളിക്കാരി എന്നെ കുറ്റപ്പെടുത്തുന്ന പോലെ പറഞ്ഞു . ഞാൻ അതിനു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .
“മനസിലായി അമ്മെ …”
എന്റെ ഭാഗം പറയാൻ അവിടെ ആരുമില്ലെന്ന് തോന്നിയതോടെ ഞാൻ പയ്യെ പറഞ്ഞു ഉമ്മറത്തേക്ക് നീങ്ങി . സാധാരണ എന്റെ പക്ഷം പിടിക്കാറുള്ള അവളുടെ അമ്മയടക്കം നമ്മളെ കൈവിട്ടു !
പിന്നെ കൊറച്ചു നേരം ഞാൻ ഉമ്മറത്തു തനിയെ ഇരുന്നു . അപ്പോഴേക്കും മഞ്ജുവിന്റെ അച്ഛൻ ആദിയെയും ഒക്കത്തിരുത്തികൊണ്ട് തിരികെ എത്തി .
“അച്ഛൻ വേഗം ഇങ്ങു പൊന്നോ ?”
പുള്ളി സ്റ്റെപ്പുകൾ കയറുന്നതിനിടെ ഞാൻ പയ്യെ തിരക്കി .
“ആഹ് …ഇനി മഞ് കൊണ്ട് കുട്ടിക്ക് വല്ലതും ആയാലോ ..അതോണ്ട് വേഗം ഇങ്ങു പോന്നു”
പുള്ളി ചിരിയോടെ പറഞ്ഞു ഉമ്മറത്തേക് കയറി .
“ആഹ് ..”
ഞാൻ അതിനു പയ്യെ മൂളി .
“മഞ്ജു എവിടെ ?ഇന്ന് അവളെ കണ്ടിട്ടേ ഇല്ലല്ലോ ?”
പുള്ളി ചെറിയ ചിരിയോടെ തന്നെ എന്നെ നോക്കി . ആ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അറിയില്ലേൽ കൂടി ഞാൻ അപ്പോൾ വായിൽ വന്ന ഒരു കള്ളം തട്ടിവിട്ടു .
“മിസ്സിന് നല്ല തലവേദന ആണെന്ന് പറഞ്ഞു ..റൂമിൽ തന്നെ കിടക്കുവാ ”
ഞാൻ പയ്യെ പറഞ്ഞു കസേരയിലേക്ക് ചാരി കിടന്നു .അപ്പോഴേക്കും കക്ഷി ആദിയെ എന്നെ ഏൽപ്പിച്ചു അടുത്ത് കിടന്ന ചാര് കസേരയിലേക്ക് ഇരുന്നു .
വീണപ്പോഴുള്ള വേദന ഒകെ മറന്നു തുടങ്ങിയ ആദി എന്നെ നോക്കി ചിരിച്ചു കാണിച്ചു . അവന്റെ നെറ്റിയിൽ അപ്പോഴും മുറിവിന്റെ പാട് ഉണ്ട് . ചെറിയ രീതിക്ക് തടിപ്പും ഉണ്ട് ! മങ്കി ക്യാപ് ഒകെ ഇട്ടുള്ള അവന്റെ രൂപം കാണാൻ നല്ല രസമുണ്ട് .