എന്റെ ധൃതി വീണ്ടെടുത്ത് ഞാൻ പിന്തിരിഞ്ഞു നടന്നു.
കുറഞ്ഞ കാല്വെപ്പുകൾക്കിടയിലെ തിരിഞ്ഞു നോട്ടത്തിൽ ആടുന്ന ചെമ്പരത്തിക്കൊമ്പിലെ വളയിട്ട കൈകൾ കണ്ടു!.
ചൂണ്ടു വിരലിനു താഴെ തള്ള വിരലിനോട് ചേർന്നുള്ള ചെറിയ കറുത്ത പുള്ളി പോലും..!!
ഞാൻ ഈ ചെറിയ കാറ്റിൽ
ഉയർന്നുപോവുകയാണോ !.
പുറകോട്ടാഞ്ഞാഞ്ഞു പോവുകയാണ് ഞാൻ!.
ഒഴുക്കിനെതിരെ നീന്തി ഞാൻ അവളുടെയടുക്കലേക്ക് കുതിച്ചു.
അടുത്തെത്തിയപ്പോഴേക്കും തിരിഞ്ഞു നടത്തം തുടങ്ങിയിരുന്നു.
ഹാ..
ചെരുപ്പിടാത്ത പാദങ്ങൾ പോലും..
ആ നിമിഷങ്ങളിൽ ഞാൻ നിശ്ചലനായെങ്കിലും താളത്തിൽ മിടിച്ചിരുന്നയൊന്ന് മുഴക്കത്തിലായി!.
പക്ഷെ ആ മുഴക്കം എന്നിലടങ്ങിയതല്ലാതെ ഒരു ചെറിയ കാറ്റുണ്ടാകുന്ന ചലനം പോലും ചുറ്റിലുമുണ്ടാക്കിയില്ല!.
എന്റെ മനസ്സ് എന്റെ ശരീരത്തെ എത്ര ദുര്ബലമാക്കി!.
ഒട്ടും കനമില്ലാതായി ഞാൻ!!.
ഒരു പ്രതിരൂപമായിരുന്നവൾ!.
ഒത്തിരിയാശിച്ച ആശകളുടെ നേർസാക്ഷ്യം!.
നമ്മൾ കനമില്ലാതാക്കുന്നത് നമ്മുടെ
സ്വപ്നങ്ങളിലാണ് !.
ഞാൻ കണ്ടുവളർന്ന കാഴ്ചകളുടെ സൗന്ദര്യമാണ് എന്റെ സ്വപ്നങ്ങളിലും “തമിഴന്റെ മകളിലും “.
അതാണെന്നെ ദുർബലമാക്കിയത്!.
മനസ്സ് പെട്ടെന്ന് ശരീരത്തിൽ നിന്നും വിട്ടു പോകാനെന്ന പോലെ തുനിഞ്ഞത്!.
ചെറുപ്പത്തിലേ കണ്ടുതുടങ്ങിയ ഉത്സാഹങ്ങളിൽ, കഷ്ടപ്പാടുകളിൽ എന്നു പറയാൻ ഉമ്മയെ ക്ഷീണിതയായി ഞാൻ കണ്ടിട്ടില്ല!,
ഒന്നിനുമൊരു മുട്ടുമുണ്ടായിട്ടില്ല!,
എല്ലാ സന്തോഷങ്ങളുമുണ്ടായിരുന്നു. എന്നാൽ ആ ശരീരത്തിനും മനസ്സിനും വേണ്ട വിശ്രമം എന്നിലെ കരുതലിലാണ് മനസ്സിലാക്കിയിട്ടുള്ളത്.
ആ കരുതലിന്റെ ഹേതുവായ ഞാൻ ആ കരുതലിനെ എത്ര സ്നേഹിച്ചിരുന്നു. ആ ജീവിതത്തെ എത്ര സ്നേഹിച്ചിരുന്നു . എന്നിലെ സ്നേഹത്തിന്റെ നിർവചനം പോലും ആ കരുതലായിരുന്നു.