തമിഴനെ പറ്റി പറഞ്ഞാൽ, നാട്ടിൽ മുണ്ട് മടക്കിക്കുത്താതെ നടക്കുന്നവരിലെ ഒരു മാന്യദ്ദേഹം!.
“തമിഴൻ..”
എന്ന് എല്ലാരും സ്നേഹം കലർത്തിയാണ് വിളിക്കുന്നത് .
അദ്ദേഹത്തിന്റെ കാപ്പിരി വർണ്ണത്തിന് പ്രത്യേക ചന്തമാണ്.
കരിമഷിക്കറുപ്പുള്ള കൺപീലികളും ചെറിയ ചെവികളും നസീറിന്റെ പോലെ കുറ്റി മീശയുമടങ്ങിയാൽ തമിഴന്റെ ഛായയായി!.
തമിഴ് ചുവയില്ലെങ്കിലും കണ്ണിനിമ വെട്ടുമ്പോലെ വിക്കലുണ്ട് മലയാളത്തിന്!.
ഞായാറാഴ്ചകളിലെ നാലുംകൂട് കവലയിലെ ഒത്തുചേരലും വരമ്പത്തു കൂടെയുള്ള വരലിലും പോകലിലുമുള്ള വർത്തമാനങ്ങളുമാണ് നാട്ടിലെ സാമൂഹിക സമ്പർക്കം!.
തമിഴന്റെ മകളെ കുറിച്ച് ഞാൻ കേട്ടിട്ട് അപ്പോൾ അധിക നാളായിട്ടില്ല.
കേട്ടിരുന്നത് പറയാം..,
കദളിപ്പഴത്തിൻ നിറചാരുത! ,
നീട്ടി വരച്ച കണ്മഷിയെഴുതിയ ഹൂറികളുടെ നയനങ്ങൾ !,
മത്തങ്ങാ വലിപ്പത്തിൽ ഉന്തി നിൽക്കുന്ന നിതംബ കുംഭം!,
തമ്മിൽ നൂലിഴ അകലം പോലുമില്ലാത്ത മാറിട ദ്വയങ്ങൾ!!. ഹഹഹ..
ഇനി ഞാൻ കണ്ടത് പറയാം..
ഞാൻ കണ്ട സമയം വീട്ടിലേക്ക് മടങ്ങുന്ന സമയം തന്നെ. രാത്രി മഴ പെയ്തിരുന്നു.
ബണ്ടുകളിൽ കൂടി നടന്നു പോകുമ്പോൾ കനാലിൽ നിന്നും കയറിയ വെള്ളത്തിൽ സാരിവാലൻ മീനുകൾ കൂട്ടമായി ഉല്ലസിക്കുന്നുണ്ട്.
നല്ല മഞ്ഞുള്ള വെളിച്ചത്തിൽ പുൽനാമ്പുകൾക്കിടയിലൂടെ ചുവന്ന വാലുള്ളയാസുന്ദരികളെ കാണാൻ നല്ല ഭംഗിയാണ്.
തെളിഞ്ഞ വെള്ളം പ്രതലത്തിന്റെ ഉയരവ്യത്യാസം കാരണം കുറച്ചു ദൂരമേ ബണ്ടുകൾക്കിടയിലേക്ക് കയറിയിട്ടുള്ളൂ.
സൂര്യൻ മറനീക്കി വരുമ്പോൾ സമ്മാനിക്കായി പുൽനാമ്പുകൾ ജലത്തുള്ളികൾ തൻ തുമ്പുകളിൽ സൂക്ഷിച്ചിട്ടുണ്ട്!.
അന്നും ധൃതിയിൽ തന്നെയായിരുന്നു . തമിഴന്റെ വീടിന്റെ മതിലിൽ കുപ്പി വെച്ചുഞാൻ ചെമ്പരത്തിയിൽ കുറുക്കിട്ടു.
നനവുള്ള മുറ്റത്തിൻ മണ്ണ് കറുത്തിട്ടുണ്ട്.
ചെമ്പരത്തിയിൽ നിന്നും വീട്ടിലേക്ക് നീങ്ങിയുള്ള കപ്പങ്ങയിൽ താഴെയൊരെണ്ണത്തിന്റെ ഞെട്ടറ്റ തണ്ടിൽ നിന്നും മുറ്റത്തേക്ക് കറവീഴുന്നത് കണ്ടു ഞാൻ ആ ഭൂവിൽ നിമിഷങ്ങൾക്ക് മുമ്പുണ്ടായ തമിഴന്റെ മകളുടെ സാന്നിധ്യത്തിൻ മിഴിവിൽ ഉന്മാദിയായി!.
ചെറിയ കുളിരുള്ള അന്തരീക്ഷത്തിൽ രോമങ്ങൾ എഴുന്ന് അവളുടെ ശേഷിപ്പിനായി കണ്ണുകൾക്കും കാതുകൾക്കും മൊപ്പം പരിസരമെല്ലാം പരതി!.
സൂര്യന്റെ മറവിൽ നിന്നെത്തുന്ന കിരണങ്ങൾക്ക് നിലാവെട്ടത്തേക്കാൾ തെളിച്ചമുണ്ടെങ്കിലും കിഴക്കിലെ മരങ്ങൾ മൂലം ഇരുട്ടും കലർന്നിട്ടുണ്ട്.
ഇല്ല!. അവളവിടില്ല !