പരിഭവം പറയാത്ത സ്വന്തം സങ്കടങ്ങൾ സ്വയം കരഞ്ഞു തീർക്കുന്ന അവളിലെ പെണ്ണിനെ…. ആ പെണ്ണിന് ഒരു താങ്ങായും തണലായും നിന്ന് അവളുടെ സ്നേഹം ആസ്വദിക്കാനാണ് അവൻ ആഗ്രഹിച്ചത്…. ഇഷ്ടപ്പെട്ട രാജകുമാരിയെ നരകത്തിൽ നിന്ന് പോലും രക്ഷപെടുത്തുന്ന സ്വർണരഥത്തിൽ വരുന്ന രാജകുമാരനെ പോലെ…..
അത് അന്വർത്ഥമാക്കുന്ന ജീവിതമായിരുന്നു അവരുടേത്…. അവൻ ഒരു ഭർത്താവിനുപരി ഒരു കാമുകനായി ഒരു നല്ല കൂട്ടുകാരനായി….. അവൾളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും കുറുമ്പുകളും അവന് മാത്രം സ്വന്തമായിരുന്നു….. മനസ്സുകൾ ഒന്നായത് പോലെ ഏതോ ഒരു രാത്രിയിൽ ശരീരങ്ങളും ഒന്നായി…..
അവൾ ഒരു നല്ല ഭാര്യയയും മരുമകളുമായിരുന്നു…. അവളെ വിവാഹം ചെയ്തതിന്റെ പേരിൽ അവന് ഒരു നഷ്ടവും ഉണ്ടാകാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു….. അവൾ വന്നപ്പോൾ താഴത്തെ റൂമിലേക്ക് മാറ്റിയ അവന്റെ മുറി അവളുടെ നിർബന്ധപ്രകാരം വീണ്ടും മുകളിലേക്ക് മാറ്റി…. അവന്റെ കാര്യങ്ങളെല്ലാം അവൾ ഓടി നടന്നു ചെയ്തു… ഒരു ഭാര്യയുടെ കടമ അവൾ എല്ലാത്തരത്തിലും നിർവഹിച്ചു…. പലപ്പോളും അവൾ വീണു പോകുമോയെന്ന് എല്ലാവരും സംശയിച്ചപ്പോളും അവന് ഉറപ്പുണ്ടായിരുന്നു അവൾക്ക് അതിനെല്ലാം സാധിക്കുമെന്ന്…… അവൾ ഒരു പോരാളിയാണ്…..
കല്യാണത്തിന് ശേഷം അവളുടെ വീട്ടുകാരെയും അവൻ സ്വന്തം പോലെ നോക്കി….. രേണുകയുടെ പഠിപ്പിന്റെ കാര്യം വരെ…. നല്ലകാലം വന്നിട്ടും ആരോടും യാതൊരു ഈർഷ്യയും കാണിക്കാതെ രാധിക എല്ലാവർക്കും അത്ഭുതമായിരുന്നു…. അവളുടെ അമ്മയ്ക്കും അച്ഛനും പോലും….. അവർ അവസാനം ചെയ്ത തെറ്റുകൾ അവളോട് ഏറ്റു പറഞ്ഞ് മാപ്പ് അപേക്ഷിച്ചു….. എന്നും ദുശ്ശകുനം എന്ന് വിളിച്ചിരുന്ന നാവുകൊണ്ട് മോളെയെന്ന് തിരുത്തി വിളിച്ചു….. അത് അവളുടെ വിജയമായിരുന്നു അവന്റെയും….
കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് രാധു ഗർഭിണിയാകുന്നത്….. കല്യാണത്തിനു ശേഷം അവർ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം…. ഇപ്പോൾ മീനുമോൾക്ക് ആറു വയസ്സാകുന്നു….. അന്നത്തെ അവസ്ഥയല്ല ഇന്ന്…. ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു….. അവരുടെ പ്രണയമൊഴിച്ച്…….
—————————————————————-
രാധിക പറഞ്ഞതുപോലെ എല്ലാ തിരക്കുകളും മാറ്റി വച്ച് അവൻ ഉച്ചയ്ക്ക് മീനുമോളുടെ സ്കൂളിൽ മീറ്റിങ്ങിനായി പോയി…. മീനുമോളുടെ അമ്മയെ കാണാറില്ല എന്നല്ലാതെ വേറെ ഒരു പരാതിയും അവർക്ക് പറയാനുണ്ടായിരുന്നില്ല…. അതിനുള്ള മറുപടി ഒരു ചിരിയിലൊതുക്കി അവൻ മീനുവിനെയും കൂട്ടി അവിടെ നിന്നും ഇറങ്ങി….. പാർക്കിലും ബീച്ചിലും കറങ്ങി ഐസ്ക്രീമും വാങ്ങി അവർ വീട്ടിൽ തിരിച്ചെത്തിയപ്പോളേക്കും ഒരു സമയമായിരുന്നു….. തിരിച്ചു വന്നപ്പോളും അച്ഛൻ പതിവ് പോലെ ഉമ്മറത്തുണ്ടായിരുന്നു…..
” രാധു എന്തെങ്കിലും പറഞ്ഞിരുന്നോ അച്ഛാ..?? ”
മീനുവിനെ താഴെ നിർത്തി അച്ഛന് ഒരു ചിരി സമ്മാനിച്ചു കൊണ്ട് അവൻ പറഞ്ഞു…. ഒന്നും പറഞ്ഞില്ലാന്നുള്ള രീതിയിൽ അയാൾ തലയനക്കി…. ഒരു ചിരിയോടെ വീടിന്റ ഹാളിലേക്ക് കയറിയപ്പോളേക്കും മീനു അമ്മ എന്ന് വിളിച്ചു കൊണ്ട് അകത്തേക്ക് കയറി…. അകത്തു നിന്നിരുന്ന പെൺകുട്ടി അവളെ വാരിയെടുത്തു…. രേണുക….