അവൾ തിരിഞ്ഞു നിന്ന് അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി…. അവന്റെ ഷർട്ട് നനയുന്നത് അവൻ അറിഞ്ഞു…..
” എന്താ പെണ്ണേ ഇന്ന് ഒരു കരച്ചിൽ…. അമ്മ എന്തെങ്കിലും പറഞ്ഞോ നിന്നെ..??.. ”
അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് അവൻ ചോദിച്ചു…. ആ കണ്ണുകൾ അപ്പോളും നിറഞ്ഞിരുന്നു….
” അമ്മ എന്നെ ഒന്നും പറഞ്ഞില്ല… ഇനി പറഞ്ഞാലും എനിക്ക് വിഷമം ഒന്നുല്ല… അമ്മയുടെ ഒരേ ഒരു മകന്റെ ജീവിതം ഞാൻ കാരണം നശിച്ചുകൊണ്ടിരിക്കുവല്ലേ…. ”
” ദേ രാവിലേ എന്റെ മൂഡ് കളയാൻ ഓരോന്ന് പറയല്ലേ… എനിക്ക് ഇപ്പൊ എന്തോ പറ്റീന്നാ നീ പറയുന്നേ…??.. ”
” ഒന്നും പറ്റിയില്ലേ…. എന്തിനാ നന്ദേട്ടാ കള്ളം പറയുന്നേ…. എന്തിനാ ഈ ചട്ടുകാലി പെണ്ണിനെ കൂടെക്കൂട്ടിയെ…. എന്തിനാ…. ”
അവൾ പൂർത്തിയാക്കുന്നതിന് മുൻപ് അവൻ അവളുടെ ചുണ്ടിനു മുകളിൽ ചൂണ്ടു വിരൽ അമർത്തി….
” പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. അടങ്ങാത്ത ദാഹം…. ആദ്യം കണ്ട നാൾ മുതലേ…. ഇനി അങ്ങോട്ടും അതങ്ങനെ തന്നെയായിരിക്കും…. ”
അവൻ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ ചേർക്കാനൊരുങ്ങി….
” അച്ചേ…. ”
അപ്പോളേക്കും റൂമിൽ നിന്നും ആറു വയസുകാരി മീനുവിന്റെ വിളി വന്നു…. നന്ദൻ ഈർഷ്യയോടെ അവളിൽ നിന്നും അകന്നു…. രാധിക വാ പൊത്തി ചിരിച്ചു…
” ചിരിക്കടി… നിന്നെയുണ്ടല്ലോ…. ”
അവൻ വീണ്ടും അവളെ പിടിക്കാനാഞ്ഞു…
” ദേ നന്ദേട്ടാ മോൾ വിളിക്കണുണ്ട്…. കളിക്കാതെ പോയെ…. ”
അവൾ ചിരിയോടെ പറഞ്ഞു…
” ഈ അമ്മ എന്തിനാ ഇപ്പൊ അവളെ ഇങ്ങോട്ട് കയറ്റി വിട്ടത്…. അല്ലെങ്കിലും അമ്മയെ പറഞ്ഞിട്ടെന്താ ഇതിന്റെയല്ലേ മോള്… ഇങ്ങനൊക്കെയെ വരു….”
രാധികയെ നോക്കി കപട ദേഷ്യവും കാണിച്ച് അവൻ മീനുവിനെ വാരിയെടുത്തു കൊണ്ട് പുറത്തേക്ക് നടന്നു… രാധിക അവനെ നോക്കി നാവു കൊണ്ട് ഗോഷ്ടി കാണിച്ചു….
” നന്ദേട്ടാ…. ഇന്ന് മോളുടെ സ്കൂളിൽ മീറ്റിംഗ് ഉണ്ടേ… പോകാൻ മറക്കല്ലേ….”
വലതു കൈ കാൽ മുട്ടിൽ പിടിച്ച് മുടന്തി മുടന്തി അവരുടെ പിന്നാലെ നടന്നു കൊണ്ട് അവൾ പറഞ്ഞു….
” ആഹാ… നീ ഇവളുടെ അമ്മയല്ലേ…. നിനക്കു പൊക്കൂടെ…. ”
നന്ദൻ തിരിഞ്ഞു നിന്ന് പറഞ്ഞു…
” നന്ദേട്ടാ…. ”