” അത് അമ്മയല്ല ചെറിയമ്മയല്ലേ മോളെ….”
മീനുവിന്റെ കവിളിൽ തട്ടിക്കൊണ്ട് അവൻ പറഞ്ഞു….
” രേണുക എപ്പോൾ വന്നു…. എക്സാം ഒക്കെ എങ്ങനുണ്ടായിരുന്നു…. ഇനിയിപ്പോ പേരിന്റെ അറ്റത്ത് ഒരു ഡോക്ടറേറ്റ് കൂടി വയ്ക്കാം അല്ലേ…. ”
ഒരു ചിരിയോടെ അവൻ വിശേഷങ്ങൾ തിരക്കി…. അവളും ഒന്ന് ചിരിച്ചു കാണിച്ചു…
” രേണുക രാധുവിനെ കണ്ടിരുന്നോ…. ഞാൻ വന്നിട്ട് അവളെ പോയി കണ്ടില്ലെങ്കിൽ പിന്നെ അത് മതി…. മോളെ ഇങ്ങ് താ…. ഞാൻ കുളിപ്പിച്ച് കൊണ്ടുവരാം…. ”
അവൻ മോളെ വാങ്ങാൻ കൈ നീട്ടി…
” ചേട്ടൻ പോയി കുളിച്ചോളു…. മോളെ ഇന്ന് ഞാൻ ഒരുക്കിക്കോളാം….”
അവൾ പറഞ്ഞു
നന്ദൻ അത് അനുസരിച്ച് മുകളിലേക്ക് പോയി…. ചെന്നപ്പോളേ കണ്ടു ബെഡിൽ ഇരിക്കുന്ന രാധികയെ…. രാവിലത്തെ സാരി മാറ്റി വേറെയൊരു സാരി ഉടുത്തിരിക്കുന്നു….. മുടി പതിവ് പോലെ അഴിഞ്ഞ് കിടക്കുകയാണ്….
” ആ നന്ദേട്ടൻ വന്നോ…. രേണുവിനെ കണ്ടിരുന്നോ….? ”
അവനെ കണ്ടപാടെ ബെഡിൽ നിന്നും എഴുന്നേറ്റ് രാധു ചോദിച്ചു….
” ഉവ്വ്…. മോളെ അവൾ വാങ്ങിച്ചു…. ഇന്ന് അവൾ ഒരുക്കികോളമെന്ന്… എന്തേ അവളുടെ മുഖം വല്ലാതെ…. ”
അവൻ ചോദിച്ചു….
” അവൾ എന്തൊക്കെയോ തീരുമാനം എടുത്തിട്ടുണ്ട്…. നന്ദേട്ടൻ കുളിച്ചിട്ട് അങ്ങോട്ടേക്ക് ചെല്ല്…. അവൾക്ക് പറയാനുള്ളത് കേട്ടിട്ട് നല്ലൊരു തീരുമാനം എടുക്കണം…. ”
” ഓഹോ അപ്പോൾ എന്റെ ശ്രീമതിയും കൂടി അറിഞ്ഞുകൊണ്ടാണ്…. ഓക്കേ… ഞാൻ കുളിച്ചിട്ട് വരാം… നമ്മുക്ക് ഒരുമിച്ചു പോകാം…. ”
” നന്ദേട്ടാ…. ഒറ്റയ്ക്ക് പോയാൽ മതി അവൾക്ക് നന്ദേട്ടനോടല്ലേ സംസാരിക്കാനുള്ളത്…. ഞാൻ എന്തിനാ അവിടെ…. ”
അവൾ നിന്ന് ചിണുങ്ങി….
” ശരി ശരി എന്റെ പൊന്നോ…. ഈ ഇടയായിട്ട് നിനക്ക് ഇത്തിരി കുട്ടിക്കളി കൂടുന്നുണ്ട്…. മ്മ്… വരട്ടെ ഞാൻ കാണിച്ചു തരാം…. ”
അവൻ അവളെ ഇടുപ്പിൽ പിടിച്ച് ദേഹത്തോട് അടുപ്പിച്ചു….
” ഛെ… വിട് നന്ദേട്ടാ… ആരെങ്കിലും വരൂട്ടോ… പോയി കുളിച്ചേ…. ”
അവൾ ഒരു വിധത്തിൽ അവനെ തള്ളി ബാത്‌റൂമിലക്കി…..
കുളിച്ചിട്ട് വന്നപ്പോൾ രാധിക റൂമിൽ ഉണ്ടായിരുന്നില്ല…. ബാൽക്കണിയിൽ അസ്തമയം കാണാൻ നിൽക്കുകയാകും എന്ന് അവൻ ഊഹിച്ചു…. ഇപ്പോൾ അത് സ്ഥിരമാണ്…..
അവൻ ഡ്രസ്സ് മാറി താഴേക്ക് ഇറങ്ങി രേണുക മീനുവിനേയും കളിപ്പിച്ച് ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു…. അവൻ സിറ്റ് ഔട്ടിന്റെ പടിയിൽ പോയി ഇരുന്നു…. അവൻ കൈ നീട്ടിയപ്പോൾ മീനു അവന്റെ മടിയിലേക്ക് കയറി ഇരുന്നു….
” നിനക്ക് എന്തോ പറയാനുണ്ടെന്ന് രാധു പറഞ്ഞല്ലോ….എന്താ കാര്യം വലിയ മുഖവര ഒന്നുമില്ലാതെ പറഞ്ഞോന്നെ… ”
അവൻ അവളോട് തിരക്കി…. അപ്പോളേക്കും അമ്മയും അച്ഛനും അങ്ങോട്ട് വന്നു… അച്ഛൻ കസേരയിൽ ഇരുന്നു…. അമ്മ തൂണും ചാരി നിന്നു….