ഞാൻ പകപ്പോടെ ഫോണിൽ ഞെക്കി…ഞാനാ വസുന്ധരഅന്തർജനത്തിന്റെ മെസേജ് റിക്വസ്റ്റ് വന്നപ്പോൾ എടുത്തിരുന്ന അതേ പേജ് ടൈപ്പ് ചെയ്ത് പാതിയായ ആ കമന്റ് സഹിതം…..!!!അതിന് ശേഷം ഞാൻ നോക്കിയിട്ട് ഫേസ്ബുക്കിലേ അങ്ങനൊരു ഐഡിയുമില്ല ആ ക്ലോസ്ഡ് ഗ്രൂപ്പിൽ അങ്ങനൊരു മെമ്പറുമില്ല മെസഞ്ചറിൽ ആ നടന്ന ചാറ്റുമില്ല!!!ലൈറ്റുമിട്ട് കുത്തിയിരുന്ന് വിറച്ചാണ് ഞാൻ അന്ന് നേരം വെളുപ്പിച്ചത്!!NB: രാത്രി 4 യാമങ്ങൾ ,പാർവതീ യാമം ,ദുർഗാ യാമം ,ഭദ്രകാളീ യാമം ,സാരസ്വതീ യാമം .ഒരു യാമം 3 മണിക്കൂർ .സൂര്യൻ അസ്തമിക്കുന്ന സമയം 6-30 മുതൽ 9.30 വരെ പാർവതിയാമം 9.30 മുതൽ 12.30 വരെ ദുർഗാ യാമം .അടുത്ത തു ഭദ്രകാളീയാമം 12.30 മുതൽ 3.30 വരെ .അതുകഴിഞ്ഞു 3.30 മുതൽ 6.30 വരെ സൂര്യ ഉദയം വരെ സരസ്വതീ യാമം .ഭദ്രകാളീ യാമത്തിനു മുൻപ് ഉറങ്ങണം -അതായതു 12.30 നു മുൻപേ ഉറങ്ങണം .സരസ്വതീ യാമം ഉണർന്നു ഇരിക്കണം .അതായതു 3.30 കഴിഞ്ഞാൽ ഉണർന്നു ഇരിക്കാൻ നല്ലതു .സൂര്യോദയത്തിനു മുൻപേ ഉണരണം .(ഉദയ അസ്തമന സമയത്തിനു അനുസരിച്ചു ഇത് മാറും .ഉദയം 6 30 am അസ്തമനം 6.30 pm എന്ന രീതിയിൽ ആണ് ഉദാഹരണം )ഭദ്രകാളീ യാമത്തിൽ തന്ത്ര ഉപാസകർ മാത്ത്രം ഉണർന്നു ഇരിക്കാം ഭൂതപ്രേത പിശാചുക്കൾക്ക് അനുവദിച്ച സമയമാണ് ഈ ഭദ്രകാളീയാമം)
വെറുതേ ഇരുന്ന് ഭാവനയിൽ മെനഞ്ഞ ഒരു പ്രേതകഥയിലെ നായിക മെസഞ്ചറിൽ വന്ന് താനാണാ പ്രേതം എന്ന് പ്രഖ്യാപിച്ചതിന്റെ അലകൾ അങ്ങ് മാറുന്നേയില്ല അങ്ങനെ ഇരിയ്ക്കെ ഒരു ദിവസം മീനച്ചൂടിൽ നല്ല വെയിലത്തുള്ള പണിയും കഴിഞ്ഞു പതിവ് രണ്ടെണ്ണവും വീശിയിട്ട് വന്ന് കുളിയും അത്താഴവും കഴിഞ്ഞു കിടന്നതേ ഓർമ്മയുള്ളു…….ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയി… അഗാധനിദ്ര!
കട്ടിലിൽ കിടന്ന ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കൺപോളകൾ വലിച്ചു തുറന്നത്…..
ഡിസ്പ്ളേയിൽ “അഭിരാമി” എന്ന് തെളിഞ്ഞിട്ടുണ്ട്…. ഞാൻ ഫോണെടുത്തു….
“ന്താടീ….?”
“ചേട്ടായീ ഞാൻ ദാ ഇവിടെത്തി …..”
“എവിടെ…?”
ഞാൻ അമ്പരപ്പിൽ ചോദിച്ചു…. ഫേസ്ബുക്കിലെ പ്രേതാനുഭവ കുറിപ്പുകളിൽ നിന്നുള്ള പരിചയം അടുപ്പവും ബന്ധവും ആയതാണ് അഭിരാമിയുമായി….!!
“ആതിര” എന്ന അനുഭവം ഞാൻ എഴുതി പോസ്റ്റ് ചെയ്തതിന് പിറ്റേന്ന് വന്ന മെസേജ് റിക്കുകളിൽ ഒന്ന് ഒരു അഭിരാമി…
ഒരു തുള്ളി കണ്ണീർ ഇറ്റ് നിൽക്കുന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് ഒറ്റക്കണ്ണ് DP…!
“ഈ ആതിരയെ ചേട്ടായി സത്യത്തീ കണ്ടതാണോ….?
നിഷ്കളങ്കമായ ആ ചോദ്യവും ആ “ചേട്ടായി” വിളിയും കണ്ടതും ഞാൻ വീണുപോയി!