പിന്നീടാണ് ആ കാടിന് നടുവിൽ എങ്ങിനെ അങ്ങനൊരു വീട് വരും അവിടെ അത്രയും പ്രായമായ ഒരു അമ്മച്ചി ഒറ്റക്ക് എങ്ങിനെ കഴിയും എന്നതൊക്കെ ഞങ്ങൾ ചിന്തിക്കുന്നത്!
പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നതിനാൽ തന്നെ ഞങ്ങൾ ഈ അനുഭവം മറ്റാരോടും പറഞ്ഞുമില്ല! എന്തായാലും ഞങ്ങൾ മൂവരും പിന്നീടാ വഴി പോയിട്ടേയില്ല!!!
വർഷങ്ങൾ ഒരുപാട് കഴിഞ്ഞു… അന്നത്തെ ആ അനുഭവം ഞാൻ ഫേസ്ബുക്ക് പോസ്റ്റാക്കി ഇട്ടിട്ട് അന്ന് പുലർച്ചെ ബ്രാഹ്മമുഹൂർത്തത്തിന് മുൻപുള്ള ഭദ്രകാളീയാമത്തിൽ നടന്ന സംഭവത്തിന്റെ ഞടുക്കം എന്നിൽ നിന്ന് ഇതേവരെ മാറിയിട്ടില്ല…
അത് ഓർക്കുമ്പോൾ ഇപ്പോഴും നട്ടെല്ലിലൂടെ മേൽപ്പോട്ട് ഒരു തണുപ്പ് പാഞ്ഞങ്ങ് കയറുകയാണ്….
പതിവ് പോലെ ആ പുലർച്ചയും ഇടയ്ക്ക് ഒരു രണ്ട് മണിയോടെ ഉറക്കം ഉണർന്ന ഞാൻ ഒന്നിന് പോയി വന്ന ശേഷം ഫോൺ ഓണാക്കി അന്നലത്തെ പോസ്റ്റിന് വന്ന ലൈക്കുകളും കമന്റുകളും ഒക്കെ നോക്കുകയും മറുപടി നൽകുകയും ആയിരുന്നു….
പെട്ടന്ന് ഫോണിന്റെ മുകൾഭാഗത്ത് ഒരു മെസഞ്ചർ മെസേജ് റിക്വസ്റ്റ് നോട്ടിയുടെ ബാനർ!
“വസുന്ധരഅന്തർജനം വാണ്ട്സ് ടു കണക്ട് യൂ”
ഞാൻ പെട്ടന്ന് ആ ബാനർ ക്ലിക്ക് ചെയ്ത് മെസഞ്ചർ ഓപ്പൺ ആക്കി….
“വസുദ്ധര അന്തർജനം എന്ന് മലയാളത്തിൽ പേരെഴുതിയ സുദർശനചക്രം ഒക്കെ പോലുള്ള ഏതോ ഒരു മാന്ത്രികചക്രം dp ആയുള്ള ഐഡിയിൽ നിന്ന് ഒരു ചോദ്യം…
“ആ കാപ്പിതന്ന അമ്മച്ചിയുടെ പേര് അറിയാവോ..”
“ഇല്ല” ഞാൻ മറുപടി നൽകി….
“എന്നാൽ എനിക്കറിയാം ആ അമ്മച്ചി ഞാനാണ് വസുന്ധര അന്തർജനം എന്നാണ് എന്റെ പേര്!”
എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ ഒരു വെള്ളിടി വെട്ടി…. കട്ടിലിൽ ചാരി കിടന്ന് ഫോണിൽ നോക്കുന്ന എന്റെ കൈയ്യിൽ നിന്ന് ഫോൺ എന്റെ മടിയിലേക്ക് വീണു….
അനങ്ങാനാവാത്ത ആ അവസ്ഥയിൽ മടിയിൽ വീണ ഫോണിൽ ഓപ്പണായ അവരുടെ ചാറ്റിൽ തനിയെ പേരിൽ ക്ലിക്കായി…
ഓപ്പണായ പേജിൽ പ്രോഫൈൽ ക്ലിക്കായി ഫേസ്ബുക്ക് ആപ്ലിക്കേഷനിൽ എന്റെ ഐഡി ക്ലിക്കായി
“വസുന്ധര അന്തർജനം” എന്ന ഫേസ്ബുക്ക് പേജ് തുറന്ന് വന്നു…
സ്ഥലം കണ്ണൂർ ഇരിട്ടി
Date of birth ന്റെ സ്ഥാനത്ത്
1903 -1984—!!!
പെട്ടന്ന് ഫോണിന്റെ സ്ക്രീൻ ഓഫായി!