ശരിയാണ്. സ്ഥിരം നോക്കുന്ന പ്രായമുള്ള സ്ത്രീ എവിടെയോ വീണു കയ്യും കാലുമൊടിഞ്ഞു. ഇനി വരാൻ സമയമെടുക്കും. അവരൊന്നു രണ്ടു പെണ്ണുങ്ങളെ വെച്ചുനോക്കി. പക്ഷേ കെട്ടിലമ്മയ്ക്ക് അവരെയൊന്നും പിടിച്ചില്ല. എതെങ്കിലും പയ്യന്മാരെ വെക്കാമെന്ന് കെട്ടിലമ്മ സൂചിപ്പിച്ചു. അപ്പോഴാണ് മാധുരിത്തമ്പുരാട്ടി എന്നെ വിളിപ്പിച്ചത്. നിന്റെ പേരാണാദ്യം നാക്കിൽ വന്നത്. നിന്നെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. നീ ഉത്തരവാദിത്തമുള്ള ചെറുക്കനാണ്. അപ്പോ നിന്നെക്കൊണ്ടു പറ്റുമോ? ആ പിന്നെ അവിടെത്താമസിക്കണം.
അയ്യോ അമ്മാവാ! അമ്മയൊറ്റയ്ക്ക്… ഞാനൊന്നു പകച്ചു.
ഞാനവളോടാ ആദ്യമിക്കാര്യം പറഞ്ഞത്. അവൾക്ക് സമ്മതാടാ. പിന്നെ നിന്നോടാദ്യം എനിക്ക് സംസാരിക്കണംന്ന് ഞാനാ പറഞ്ഞേ.
ഞാൻ തലയാട്ടി. അമ്മായി പിന്നിൽ നിന്ന് മന്ദഹസിക്കുന്നുണ്ടായിരുന്നു.
അങ്ങനെയാണ് ദൂരെനിന്നും മാത്രം കണ്ടിട്ടുള്ള ആ കോവിലകത്തേക്ക് ഒരു സഞ്ചിയിൽ മൂന്നുജോഡി മുണ്ടും കുപ്പായങ്ങളും നാലഞ്ചു പുത്തൻ കോണകങ്ങളും ചുട്ടിത്തോർത്തുകളുമായി ഞാൻ അമ്മാവനോടൊപ്പം കാലെടുത്തുവെച്ചത്.
രണ്ടു നിലയിലുള്ള ഒരു വലിയ മാളിക. നാലുകെട്ടോ, എട്ടുകെട്ടോ… അങ്ങനെയേതാണ്ട്. ഉമ്മറത്താരേം കണ്ടില്ല. കൂറ്റൻ മാവുകൾ വിശാലമായ മുറ്റം മുഴുവൻ തണലു വിരിച്ചിരുന്നു. പടിഞ്ഞാറു വശത്തേക്ക് അമ്മാവനെന്നേയും കൊണ്ടു നടന്നു. അവിടെ ഒരു വരാന്തയ്ക്കു മുന്നിൽ മിറ്റത്തു നിന്നു.
അമ്മാവനൊന്നു മുരടനക്കി. ഉള്ളിൽ നിന്നും ഒരു ഇളം ചുവപ്പു ബ്ലൗസും ചുവന്ന കരയുള്ള മുണ്ടും മാത്രം ധരിച്ച ഒരു സുന്ദരി… വേറെയൊന്നും പറയാനാവില്ല…സുന്ദരിയായ സ്ത്രീ കടന്നു വന്നു. ആ മുഖത്തുനിന്നും കണ്ണെടുക്കാനായില്ല.
ആ കേശവനോ? വരൂ വരൂ… അവരമ്മാവനെ ഉള്ളിലേക്ക് ക്ഷണിച്ചു. അമ്മാവനെന്റെ കയ്യിലും പിടിച്ചു… ഞങ്ങൾ കാലുകൾ കഴുകി തണുപ്പുള്ള വരാന്തയിലേക്കു കയറി.
അരമതിലിൽ ഇരുന്ന അമ്മാവന്റെയടുത്ത് ഞാൻ നിന്നു. ആ സുന്ദരി ഒരു കസേരയിലിരുന്നു.
ഇവനാണോ ആ കുട്ടി? മണിനാദം പോലെയുള്ള ശബ്ദത്തിൽ ആ ദേവത ചോദിച്ചു.
അതെ തമ്പുരാട്ടീ. നീലകണ്ഠൻ. ഇവന്റെയച്ഛൻ മരിച്ചു. വീട്ടിലമ്മ മാത്രേള്ളൂ. നീലൻന്നാ വിളിപ്പേര്.
ശരി. നിങ്ങളെന്തെങ്കിലും കഴിച്ചോ? അമ്മാവൻ ഉവ്വ് എന്നു പറഞ്ഞു.
നീയോ നീലാ? തമ്പുരാട്ടി ചോദിച്ചു. സത്യം പറഞ്ഞാൽ വയറു കത്തിത്തുടങ്ങിയിരുന്നു. കാലത്തേ ഒരു തുടം പഴങ്കഞ്ഞി മാത്രം കുടിച്ചതാണ്. ഞാനൊന്നും മിണ്ടിയില്ല.