“രജിസ്റ്ററിൽ എൻട്രിയില്ലാതെയും അകത്തു കടക്കാല്ലോ സാറെ.
അതല്ലേ ചോദിക്കുന്നതും”
“സാറെ…….പുറത്ത് നിന്നും ആരേലും വന്നാൽ എൻട്രി ചെയ്തശേഷമാണ് കടത്തിവിടുക.വന്നിട്ടുണ്ടെങ്കിൽ അതിൽ ചേർത്തിട്ടുമുണ്ടാകും.
പക്ഷെ ഇന്നലെ രാത്രി അങ്ങനെ ആരുമില്ല സാറെ”
അതേസമയം ഒരു കോൺസ്റ്റബിൾ വന്ന് എസ് ഐയെ സല്യൂട്ട് ചെയ്തു.
“എന്താടോ….?”സല്യൂട്ട് സ്വീകരിച്ച അയാൾ ചോദിച്ചു.
“സാറിനെ അവിടെ അന്വേഷിക്കുന്നു.
ഒന്ന് വന്നിരുന്നെങ്കിൽ…….”
“കഴിഞ്ഞോ അവിടെ?”
“കഴിയുന്നു സർ………”
സെക്യൂരിറ്റിയെ ചോദ്യം ചെയ്യുന്നത് പാതിയിൽ നിർത്തി എസ് ഐ പുറത്തേക്കിറങ്ങി.പെട്ടു പോയത് നമ്മുടെ സെക്യൂരിറ്റിയും.തന്നെഞാൻ
ശരിയാക്കിത്തരാം എന്ന ഭാവത്തിൽ സെക്രട്ടറി അയാളെ നോക്കി കണ്ണുരുട്ടി.പാവം ആയാളും ആകെ വല്ലാതെയായിരുന്നു.കാരണം തന്റെ ജോലി സമയം ഇങ്ങനെയൊന്ന് നടക്കുമെന്ന് കരുതിയതല്ല.തന്നെയുമല്ല തലേന്ന് വൈകിട്ടുമുതൽ തനിക്കും വില്ല്യമിനുമിടയിൽ നടന്നതോർത്ത് അയാളുടെ നല്ല ജീവൻ പോയിരുന്നു.
എന്നാലും ആ പെണ്ണ്……….
അതയാൾക്കുറപ്പായിരുന്നു.പേടി കൊണ്ടാണയാൾ കള്ളം പറഞ്ഞതും.
“മെറ്റിരിയൽസ് എല്ലാം കിട്ടിയില്ലേ?”
സ്പോട്ടിൽ എത്തിയതും എസ് ഐ
വിദഗ്‌ധരോടായി ചോദിച്ചു.
“കിട്ടാവുന്നതൊക്കെ അരിച്ചു പെറുക്കിയെടുത്തിട്ടുണ്ട് സർ.ലെഫ്റ്റ്
ആന്റീരിയർ ജുഗുലാർ വെയിനാണ് മുറിഞ്ഞിരിക്കുന്നത്.അതുമൂലമുള്ള ബ്ലഡ് ലോസ്സ്,അതാണ് മരണത്തിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
കിട്ടാവുന്ന സാമ്പിൾസ് ഒക്കെ എടുത്തിട്ടുമുണ്ട്.”
“ഡോക്ടറെ ലീഡിങ് ആയിട്ടുള്ള എന്തെങ്കിലും?”ഫോറൻസിക് വിധഗ്ധയോടായിരുന്നു ആ ചോദ്യം.
“ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ കൊല്ലണം എന്നുറപ്പിച്ചുള്ള മൂവ് തന്നെ.സീ ദിസ്…..ഒരു ലോങ് ഹെയർ
മരിച്ചയാളുടെ നഖത്തിനിടയിൽ പെട്ടതാ.കണ്ടിട്ട് ഒരു സ്ത്രീയുടെത് പോലെയുണ്ട്.ബാക്കിയൊക്കെ……….”
“ഫൈൻ……ഒന്നും വിട്ടുപോകരുത്.
ഒരിഞ്ചുപോലും വിട്ടുപോകാതെ അരിച്ചുപെറുക്കിയിരിക്കണം.പിന്നെ നിങ്ങളുടെ കഴിഞ്ഞു എങ്കിൽ ബോഡി പോസ്റ്റ്മോർട്ടത്തിന് അയക്കാമല്ലോ അല്ലെ?”എസ് ഐ ചോദിച്ചു.
“യാ…..ഷുവർ.ഞങ്ങൾക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞു.ഇനി നിങ്ങൾക്ക് പ്രോസിഡ് ചെയ്യാം”
അതുവരെയുള്ള കാര്യങ്ങൾ വിലയിരുത്തി ബോഡി പോസ്റ്റ്മോർട്ടം കാര്യങ്ങൾക്കായി വിട്ടുനൽകിയ ശേഷം എസ് ഐ പുറത്തേക്കിറങ്ങി.
വിദഗ്ദ്ധ സംഘവുമായി ഒരുവട്ടം കൂടി സംസാരിച്ചു പിരിഞ്ഞപ്പോൾ താഴെ ആംബുലൻസ് സൈറൺ മുഴക്കി പോകുന്നതയാളുടെ ചെവിയിലെത്തി.