ഒഴിയാറായ മദ്യക്കുപ്പിയും തുറന്നു വച്ചിരിക്കുന്ന ഭക്ഷണവുമാണ്.ബെഡ് റൂം തുറന്നുകിടക്കുകയായിരുന്നു.
അകത്തേക്ക് ഒന്നേ നോക്കിയുള്ളൂ സാറെ……ഞാൻ പേടിച്ചു പുറത്തേക്ക് ചാടി.മരിച്ച സാറ് നഗ്നനാക്കപ്പെട്ട നിലയിലായിരുന്നു.ഞാൻ വേഗം സെക്രട്ടറി സാറിനെ
വിവരം അറിയിച്ചു.അദ്ദേഹം വന്നു നോക്കി,സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സാറാണ്.”
കൂടെയുള്ള പോലീസുകാരൻ മൊഴി രേഖപ്പെടുത്തുന്നുണ്ട്.
അടുത്തത് സെക്യുരിറ്റിയുടെ ഊഴമെത്തി.തലേന്ന് രാത്രിയിൽ ഇങ്ങനെയൊന്ന് പ്രതീക്ഷിക്കാതെ വില്ല്യം കൊടുത്ത കുപ്പിയോട് കൂട്ടുകൂടി നേരംവെളുപ്പിച്ച അയാളെ വിളിച്ചു വരുത്തുകയായിരുന്നു.
നന്നായി പേടിച്ചാണ് അയാൾ എസ് ഐക്ക് മുന്നിൽ നിൽക്കുന്നതും.
“തന്റെ ഡ്യുട്ടി ടൈം എങ്ങനാ?”
“നൈറ്റ് ആണ് സാറെ വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെ”
“മദ്യപിക്കുമൊ?”
“അല്പസ്വല്പം ആരാ കഴിക്കാത്തത് സാറെ”
“ജോലി സമയത്തെങ്ങനെയാ?”
“അങ്ങനെയൊന്നും ഇല്ല സാറെ”
“പിന്നെ എങ്ങനെയാ സാറെ…..?”
“അത് പിന്നെ…….മുഷിച്ചില് ജോലി അല്ലെ സാറെ.പോരാഞ്ഞിട്ട് എന്നും നൈറ്റ് ഡ്യുട്ടിയും.ഇടക്ക് വല്ലപ്പോഴും…
അതും ജോലി കഴിഞ്ഞു വീട്ടിൽ എത്തിയിട്ട്”
“തന്റെ ബ്രാൻഡ് ഏതാ……..?”
“ഓൾഡ് മങ്ക്”അയാൾ തന്റെ ബ്രാൻഡ് മറന്നില്ല.അല്ലെങ്കിലും കുടിക്കുന്ന കള്ളിനെ ആര് മറക്കും.
“താനിന്നലെ രാത്രി നല്ല ഫോമിൽ ആയിരുന്നു അല്ലെ…..?എസ് ഐ ചോദിച്ചു.
സെക്യുരിറ്റി ഒന്ന് തലചൊറിഞ്ഞു.
അയാൾ പിന്നിലേക്ക് നോക്കിയപ്പോൾ സെക്രട്ടറി അയാളെ രൂക്ഷമായി നോക്കുന്നത് കണ്ടു.
അയാൾ പെട്ടന്ന് മുഖം തിരിച്ചു
“എടൊ നിന്ന് പരുങ്ങണ്ട.ഇന്നലെ ജോലിസമയത്തു കുടിച്ചിരുന്നോ ഇല്ലയോ?”
“സാറേ ഞാൻ പറഞ്ഞല്ലോ.ജോലി സമയം ഞാനങ്ങനെ……..”
“എന്നാൽ പറയ്…….ഇന്നലെ രാത്രി ഇവിടെ പുറത്ത് നിന്നും ആരെങ്കിലും വന്നിട്ടുണ്ടോ?”
“ഇല്ല സാറെ……..സാറിന് ബുക്ക് നോക്കാം.”