എന്തായാലും ആ സമയത് ഞാൻ അതിനു മറുപടി ഒന്നും പറയാൻ നിന്നില്ല. പെട്ടെന്ന് കഴിച്ചു തീർത്തുകൊണ്ട് എഴുനേറ്റു . ആ സമയത്തു വേഷം മാറാൻ വേണ്ടി മഞ്ജു ആദിയേയും എടുത്തു മുകളിലെ റൂമിലേക്ക് പോയി . ഹാളിൽ ഇരുന്നു ടി.വി കാണുന്ന അഞ്ജുവിനെ ശ്രദ്ധിക്കാതെ തന്നെ ഞാൻ ഉമ്മറത്തേക്ക് നടന്നു . ഉമ്മറത്തെ തിണ്ണയിൽ കയറി ഇരുന്നു ന്യൂസ് പേപ്പർ ഒകെ മറിച്ചുനോക്കി . ആ സമയത്താണ് പുറത്തു പോയ അച്ഛൻ റോസിമോളെയും എടുത്തുകൊണ്ട് തിരികെ എത്തിയത് . ഇടം കൈകൊണ്ട് അവളെ എടുത്തുപിടിച്ചു വലതു കയ്യിൽ കടയിൽ നിന്നും വാങ്ങിയ കവറും തൂക്കിപിടിച്ചു അച്ഛൻ ഗേറ്റ് കടന്നു വന്നു .
റോസ്‌മോളുടെ കാതിൽ എന്തൊക്കെയോ പറഞ്ഞു കൊഞ്ചിച്ചുകൊണ്ടാണ് വരവ് . പെണ്ണ് അതെല്ലാം കൗതുകത്തോടെ കേട്ട് ചിരിക്കുന്നുണ്ട് . അവളെ ചീത്ത പറഞ്ഞാലും പെണ്ണ് ചിരിച്ചോളും എന്നുള്ളതുകൊണ്ട് അതിൽ വല്യ ത്രില്ല് ഇല്ല !
ഞാൻ അവരുടെ വരവും നോക്കി തിണ്ണയിൽ അങ്ങനെ ഇരുന്നു . അതിനിടക്ക് റോസ് മോള് എന്നെ കണ്ടതോടെ അവളുടെ മുഖം സന്തോഷം കൊണ്ട് തെളിഞ്ഞു .
“ചാ ച്ച…”
അച്ഛന്റെ തോളിൽ ഇരുന്നു എന്നെ നോക്കി അവൾ കൈകൊട്ടി ചിരിച്ചു . പിന്നെ അച്ഛന് കാണാൻ വേണ്ടി എന്നെ ചൂണ്ടി കാണിച്ചു കൊടുത്തു .
“ആഹ്…ഞാൻ കണ്ടടി …”
അച്ഛൻ അതിനു ചിരിയോടെ മറുപടി പറഞ്ഞു . പിന്നെ ഉമ്മറത്തേക് കയറി . അപ്പോഴേക്കും ഞാൻ തിണ്ണയിൽ നിന്നും എഴുനേറ്റു സ്വല്പം ബഹുമാനം കാണിച്ചു . എന്നെ കണ്ടതോടെ പെണ്ണ് ഒച്ചവെച്ചുകൊണ്ട് അച്ഛന്റെ കൈയിൽ നിന്നും എന്റെ നേരെ ചാഞ്ഞു .
“നീ എപ്പൊഴാടാ എത്തിയെ ?”
റോസ് മോളെ എന്റെ കയ്യിലേക്ക് നൽകികൊണ്ട് അച്ഛൻ തിരക്കി . പിന്നെ ഹാളിൽ ഇരുന്ന അഞ്ജുവിനെ പേര് ചൊല്ലി നീട്ടി വിളിച്ചു .
“പന്ത്രണ്ടര ഒകെ ആയിക്കാണും അച്ഛാ …”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് തിണ്ണയിലേക്ക് വീണ്ടുമിരുന്നു . പിന്നെ റോസ്‌മോളുടെ കവിളിൽ എന്റെ കുറ്റിത്താടി ഉരുമ്മി അവളെ ഇക്കിളിപെടുത്തി .
“ഹി ഹി….ചാ..ച്ചാ ഹ്മ്മ് മ്മ്മ് ”
എന്റെ കയ്യിൽ കിടന്നു ഞെളിപിരി കൊണ്ട് പെണ്ണ് കിടന്നു ചിരിച്ചു . അതെല്ലാം നോക്കി കണ്ടു അച്ഛൻ നിൽക്കെ അഞ്ജു അകത്തുനിന്നും ഉമ്മറത്തേക്കെത്തി . അച്ഛൻ കടയിൽ നിന്നും കൊണ്ട് വന്ന സാധനങ്ങളൊക്കെ അവളെ ഏല്പിച്ചുകൊണ്ട് എന്റെ മുൻപിൽ കിടന്ന കസേരയിലേക്കിരുന്നു .
“മോൾടെ വീട്ടിലോട്ടു പോകുവാണെന്നു കേട്ടല്ലോ ..”
അച്ഛൻ ഷർട്ടിന്റെ മുകളിലെ ബട്ടൻസ് അഴിച്ചുകൊണ്ട് എന്നോടായി തിരക്കി . റോസിമോളെ കൊഞ്ചിച്ചിരുന്ന ഞാൻ അച്ഛന്റെ ചോദ്യം കേട്ടതും അവളെ മടിയിലേക്കിരുത്തി .
“ആഹ്…ഇപ്പൊ കുറച്ചായി പോയിട്ട് . അവിടത്തെ അച്ഛനും അമ്മക്കുമൊക്കെ കുട്ടികളെ കാണണം എന്നൊക്കെ പറഞ്ഞപ്പോ…”
ഞാൻ പയ്യെ പറഞ്ഞു നിർത്തി .
“ഹ്മ്മ്…അതൊക്കെ വേണ്ടത് തന്നെയാ ..”