രാവിലെ ചെറിയ ശബ്ദത്തിൽ ഉള്ള സംസാരം കേട്ട് കൊണ്ടാണ് ഉണർന്നത്. അമ്മയും ആഷ്‌ലിനും ആണ്, ആഷ്‌ലിൻ കയ്യിൽ ഹാൻഡ് ബാഗ് എടുത്ത് പോവാൻ നിൽക്കുകയാണ് അമ്മ അവളോട് എന്തോ പറയുന്നുണ്ട്.
ഞാൻ അവരെയും നോക്കി കിടന്നു, ഒന്നും മിണ്ടിയില്ല. ആഷ്‌ലിൻ എന്നെ ഒന്നും കൂടെ നോക്കി, എന്നോടെന്തൊക്കെയോ പറയാൻ ഉള്ളത് പോലെ ആണ് അവളുടെ മുഖം. കർചീഫ് കൊണ്ട് കണ്ണ് ഒപ്പി അവളമ്മയെ കെട്ടിപിടിച്ചു. എന്നോട് ഒന്നും പറഞ്ഞില്ല തിരിഞ്ഞു പുറത്തേക്ക് നടന്നു..
അമ്മ എന്റെ അടുത്തേക്ക് നടന്നു വന്നു. “നിനക്കാ കുട്ടിയോട് കുറച്ചൂടെ മര്യാദക്ക് ഒക്കെ സംസാരിച്ചു കൂടെ? എത്ര ദിവസായ് നിനക്ക് കാവലിരിക്കാൻ തുടങ്ങിയിട്ടെന്ന് അറിയോ? രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. എന്നിട്ട് കണ്ണു തുറന്നപ്പോ ആ കുട്ടിയെ കരയിച്ചു പറഞ്ഞയച്ചു”
അമ്മ എന്തൊക്കെ ആണ് പറയണേ, ഞാൻ എന്താ മര്യാദകേട് കാണിച്ചത്. അവളെന്നോട് കാണിച്ചതെന്താണെന്ന് അമ്മക്ക് അറിയാത്തത് കൊണ്ടാ.
“അമ്മ എന്താ ഉദേശിച്ചേ എത്ര ദിവസമായി കാവലിരിക്കാൻ തുടങ്ങിയിട്ടെന്ന് പറഞ്ഞല്ലോ?”
“അപ്പൊ ഒന്നും ഓർമ ഇല്ലാലെ.. മോനോടൊന്നും പറഞ്ഞുമില്ല അല്ലെ, പറയില്ല.. ഒന്നിനും പരാതി ഇല്ല എന്റെ മോൾക്ക്” അമ്മ കണ്ണ് തുടച്ചു കൊണ്ടാണ് പറഞ്ഞത്.
എന്റെ മോളോ.. അത് പറഞ്ഞു അമ്മ എന്തിനാ കരയണെ, അമ്മ എന്ന് മുതലാ ഇത്രക്ക് ഡ്രമാറ്റിക് ആയത്. ഇവിടെ എന്തൊക്കെയാ നടക്കണേ.. ഞാൻ എത്ര ദിവസായി ഈ കിടപ്പ് തുടങ്ങിയിട്ട് 2 ദിവസമോ?
“അമ്മ പറഞ്ഞില്ല ഞാൻ എത്ര ദിവസായി ഇവിടെ?”
“15 ദിവസം” അമ്മ എന്റെ അരികിലേക്ക് ഇരുന്നു.
എന്റെ ബോധം വീണ്ടും പോവുമെന്ന് തോന്നി.. 15 ദിവസായിട്ട് ഞാനീ കിടപ്പാണ്.. വെറുതെ അല്ല സംസാരിക്കാൻ ഇത്ര പാട്. അപ്പൊ ആഷ്‌ലിൻ അവളെപ്പോഴാ വന്നേ.. അവളെത്രയോ ദിവസമായി എന്റെ അരികിലുണ്ട്, എന്തോ തെറ്റ് ചെയ്തെന്ന കുറ്റബോധം കൊണ്ട് ആവുമോ ഇങ്ങനെ.. പക്ഷെ സ്നേഹമില്ലെങ്കിൽ അവളെങ്ങനെ ചെയ്യോ.. ഞാൻ മഹാ ചെറ്റ തന്നെ ഇങ്ങനെ പെരുമാറാൻ..
“ഇപ്പോൾ അവളെങ്ങോട്ടാ പോയത്?” എനിക്ക് അവളെ ഇപ്പോൾ തന്നെ കാണണം എന്ന തോന്നൽ ശക്തമായി
“വീട്ടിലേക്ക്.. മോൾ തിരിച്ചു പോവാണെന്നു പറഞ്ഞു.” അമ്മ എന്റെ അരികിലേക്ക് ഇരുന്നു.
“അമ്മ അവളെ വിളിക്ക്, ഇങ്ങോട്ട് വരാൻ പറ” ഞാൻ അക്ഷമനായി.
“യാത്ര പറയാൻ വരും അപ്പൊ കാണാം” അമ്മ ഞാൻ പറയുന്നത് മൈൻഡ് ചെയ്യുന്നില്ല.
“പറ്റില്ല എനിക്കിപ്പോ കാണണം, വരാൻ പറ അമ്മ പ്ലീസ്” ഞാൻ ചെറിയ കുട്ടികൾ പെരുമാറുന്നത് പോലെ ആയപ്പോൾ അമ്മക്ക് ചിരി വന്നു. ഫോൺ എടുത്ത് വിളിച്ചു.