ആഷ്‌ലിൻ 3 [Jobin James] [Climax]

Posted by

എന്റെ കൈയിൽ ഒരു ഭാരം അനുഭവപെടുന്നു.. ഒരു നനവും.. ഞാൻ കണ്ണ് തുറന്നു.. എന്റെ മുകളിൽ ആകാശമല്ല, നേരെ നോക്കിയ ഞാൻ കണ്ടത് ആഷ്‌ലിനെ അല്ല ഒരു ഡോർ മാത്രം അതടഞ്ഞു കിടക്കുന്നു.. എന്റെ കയ്യിലെ ഭാരം ഓർത്ത് ഞാൻ ചെരിഞ്ഞു നോക്കാൻ ശ്രെമിച്ചു ഇല്ല ആവുന്നില്ല. എന്റെ കഴുത്തു ചെരിച്ചു നോക്കാൻ പോലും എനിക്കാവുന്നില്ല. എന്റെ അനക്കം കണ്ടത് കൊണ്ടാവാം എന്റെ അരികിലെ കസേരയിൽ ഇരുന്ന അമ്മ എഴുന്നേറ്റ് എന്റെ മുഖത്തേക്ക് നോക്കി. മുഖത്ത് സന്തോഷവും സങ്കടവും നിറഞ്ഞു നിൽക്കുന്നു. അമ്മ ചിരിക്കുന്നുണ്ട് അതെ സമയം കണ്ണ് രണ്ടും നിറഞ്ഞൊഴുകുന്നു. തിരിച്ചു ചിരിക്കാൻ എനിക്കാവുന്നില്ല, കണ്ണ് അല്ലാതെ മറ്റൊന്നും എന്റെ ഇഷ്ടപ്രകാരം ചലിപ്പിക്കാൻ എനിക്കാവുന്നില്ലായിരുന്നു. അമ്മേ എന്ന് വിളിക്കാൻ ഞാൻ ശ്രെമിച്ചു. എന്റെ മുഖത്തു വെച്ചിരിക്കുന്ന ശ്വസന സഹായിയും വായിലൂടെയും മൂക്കിലൂടെയും ഇട്ടിരിക്കുന്ന ട്യൂബുകളും എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലായിരുന്നു. വേദന കാരണം സംസാരിക്കാൻ ശ്രെമിക്കുന്നത് ഞാൻ ഉപേക്ഷിച്ചു.

“മോളെ” അമ്മ ആരെയോ വിളിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്.

എന്റെ കയ്യിലെ ഭാരം കുറഞ്ഞതു പോലെ,  എന്നെ ആരോ തലയുയർത്തി നോക്കുന്നു. എനിക്കറിയാം ഈ മുഖം.. ഇത്.. ആഷ്‌ലിൻ.. ഇവളിവിടെ.. എപ്പോ വന്നു.. എനിക്കൊന്നും മനസിലായില്ല.. ആക്‌സിഡന്റ് ആയി മണിക്കൂറുകൾക്കുള്ളിൽ അവളെങ്ങനെ ഇവിടെത്തി. ബ്രേക്ക്‌ അപ്പ്‌ ആയെന്ന് പറഞ്ഞിട്ട് ഇപ്പോ എന്താ.. എനിക്ക് സന്തോഷമാണോ അതോ മറ്റെന്തെങ്കിലും ആണോ മനസ്സിലാവുന്നില്ല.. എന്തെങ്കിലും ഓർത്തെടുക്കാൻ ശ്രെമിക്കുന്തോറും എന്റെ വേദനകൾ കൂടുന്ന പോലെ… ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീണു പോയി..

നേർത്ത ശബ്ദത്തിൽ ഉള്ള ഒരു പാട്ട് കേട്ടാണ് പിന്നെ ഞാൻ കണ്ണ് തുറന്നത്. ഈ പാട്ടെനിക്ക് ഓർമയുണ്ട്.. എന്റെ കഴുത്ത് ചലിപ്പിക്കാൻ എനിക്കാവുന്നുണ്ട്, ട്യൂബ് എല്ലാം മാറ്റിയിരിക്കുന്നു. ഞാനെന്റെ ശരീരത്തെ മൊത്തമൊന്ന് നോക്കി.. എന്റെ വലതു കാൽ പ്ലാസ്റ്റർ ഇട്ടേക്കുന്നു.. തലയിൽ വലിയൊരു കെട്ടുണ്ടെന്ന് വേദന വെച്ച് ഞാൻ മനസ്സിലാക്കി. പതിയെ കൈ ഉയർത്തി നോക്കി, വലതു കയ്യിൽ മരുന്നു കേറ്റാനായി കുത്തിയിരിക്കുന്ന സൂചി, ഇടത് കൈ പത്തിക്ക് മീതെ ടേപ്പ് ഒട്ടിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും സഹിക്കാൻ പറ്റാത്ത വേദന. ഒന്നെഴുന്നേറ്റ് ഇരുന്നാൽ കൊള്ളാമെന്നു തോന്നി. സഹായത്തിന് ആരെങ്കിലും ഉണ്ടോ എന്നോ മുറിക്ക് ചുറ്റും ഞാൻ നോക്കി. ബെഡിനരികെ കസേരയിൽ കണ്ണടച്ചു ഇരിക്കുന്നു ആഷ്‌ലിൻ. അവളുടെ മടിയിൽ ഇരിക്കുന്ന ഫോണിൽ നിന്നാണ് നേർത്ത സ്വരത്തിൽ ഉള്ള പാട്ട് കേൾക്കുന്നത്. ഞാൻ എഴുന്നേറ്റു ഇരിക്കാൻ ശ്രെമിക്കുന്നുണ്ട് പക്ഷെ പറ്റുന്നില്ല. ഞാൻ അവളെ വിളിക്കാൻ തന്നെ തീരുമാനിച്ചു.

“ആഷ്..” ശബ്ദം മുഴുവൻ പുറത്തു വന്നില്ല.

പക്ഷെ കണ്ണുകൾ ഉയർത്തി എന്നെ നോക്കി, വിടർന്ന കണ്ണുകളോടെ അവളെന്നെ നോക്കി ചിരിച്ചു. ആദ്യമായി സംസാരിച്ച കുട്ടിയെ നോക്കുന്ന അമ്മയെ പോലെ ആണ് അവളെ കണ്ടപ്പോ എനിക്കു തോന്നിയത്. അത്രക്ക് സന്തോഷം ആ മുഖത്തപ്പോൾ ഉണ്ടായിരുന്നു. ഇത്രേം ഒക്കെ സ്നേഹം ആയിട്ടാണോ ബ്രേക്ക്‌ അപ്പ്‌ ആവാമെന്ന് പറഞ്ഞെ.

Leave a Reply

Your email address will not be published. Required fields are marked *