ആഷ്‌ലിന്റെ പെരുമാറ്റം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല, എന്റെ മനസ്സിലുള്ളത് പറഞ്ഞപ്പോഴും അവൾ പ്രതികരിക്കാൻ കൂട്ടാക്കുന്നില്ല. ഇനി വീട്ടിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ.. ഇല്ല.. അങ്ങനെ ആയിരുന്നെങ്കിൽ അവളത് പറഞ്ഞേനെ..
ചിന്തകൾ ഒരു ചങ്ങല പോലെ തുടർന്നു പോയി കൊണ്ടിരുന്നു.. എന്നെ അതിൽ നിന്ന് ഉണർത്തിയത് അവളുടെ മെസ്സേജ് നോട്ടിഫിക്കേഷൻ ആണ്.
“ലെറ്റസ് ബ്രേക്ക് അപ്പ്, വി ആർ നോട് റൈറ്റ് ഫോർ ഈച് അദർ” മെസ്സേജ് വായിച്ച എനിക്ക് തല കറങ്ങുന്ന പോലെ ആണ് തോന്നിയത്. എന്റെ കാലുകൾ നിൽക്കുന്ന ഇടത്തെ മണ്ണ് മുഴുവൻ പോയി ഏതോ ഗർത്തത്തിലേക്ക വീണ് പോയി കൊണ്ടിരിക്കണ പോലെ.
അവൾക്ക് റിപ്ലൈ അയക്കണം എന്നെന്റെ മനസ്സ് ആഗ്രഹിക്കുന്നു, പക്ഷെ ടൈപ് ചെയ്യാൻ ആവുന്നില്ല. ഫോൺ തന്നെ കയ്യിൽ പിടിക്കാനാവാതെ വഴുതി താഴേക്ക് വീണു, ബെഞ്ചിൽ നിന്ന് താഴേക്ക് ഇറങ്ങി കാൽ മുട്ടുകൾ നെഞ്ചോടു ചേർത്ത് മുഖം പൂഴ്ത്തി ഞാനിരുന്നു. തൊട്ട് പുറകിൽ റോഡ് ആണെന്നോ അരികിൽ ആളുകൾ ഉണ്ടെന്നോ എനിക്കോർമ വന്നില്ല.
അരമണിക്കൂർ മണിക്കൂർ സമയം ആ മണ്ണിൽ ഇരുന്ന ശേഷം എഴുന്നേറ്റു വണ്ടിയുമെടുത്തു തിരിച്ചു വീട്ടിലേക്ക്.
എന്റെ മനസ്സിൽ ആ സമയം ആഷ്‌ലിനെ കുറിച്ചുള്ള ഓർമകൾ ഉണ്ടായിരുന്നില്ല, എന്തിന് അവളങ്ങനെ പറഞ്ഞു എന്ന ചിന്തകൾ ഉണ്ടായിരുന്നില്ല. ശക്തമായി തിരകൾ അടിച്ചു തകർന്ന് പോയ ഒരു കടൽഭിത്തി പോലെ, കല്ലുകൾ അടർന്നു വീണ കോട്ട മതിൽ പോലെ എന്റെ ഉള്ളിലെ സ്വപ്നങ്ങളും തകർന്നടിഞ്ഞു.
അടുത്ത ജംഗ്ഷനിൽ നിന്ന് വലത് വശത്തേക്ക് പോവേണ്ട ഞാൻ തിരക്ക് കുറയാൻ കാത്ത് നിൽക്കാതെ മുന്നോട്ടു എടുത്തു. ചരക്ക് ലോറികൾ അത്രയധികം പോയി കൊണ്ടിരുന്ന റോഡിൽ ഒട്ടും ശ്രെദ്ധയില്ലാതെ വാഹനം ഓടിച്ച എനിക്ക് പ്രതീക്ഷിച്ചത് തന്നെ കിട്ടി, എതിരെ വന്ന ഒരു അശോക് ലെയ്ലാൻഡ് ലോറി കാറിന്റെ ഇടത്തെ ഫ്രന്റ് ടയർനു സമീപത്തു ഇടിച്ചു നിന്നു. ഒരു മിന്നായം പോലെ നടന്നതെന്തെന്ന് മനസ്സിലാവാതെ എയർ ബാഗ് വന്നിടിച്ചു എന്റെ ബോധം പോയി..
കണ്ണു തുറക്കുമ്പോൾ കണ്ണിനു മുകളിലൂടെ രക്തം ഒലിച്ചിറങ്ങുന്നത് പോലെ എനിക്ക് തോന്നി ശരീരം അനക്കാൻ ആകുന്നില്ല കാല് മരവിച്ചു പോയത് പോലെ, ആരോ സ്‌ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ നിന്ന് പുറത്തേക്ക് ഇറക്കുന്നു, സൈറൺ ശബ്ദം കേൾക്കനുണ്ട്. തലക്കുള്ളിൽ ഒരു മുഴക്കം കൂടെ അകമ്പടി ആയി കേൾക്കാം.. വീണ്ടും എന്റെ ഓർമ മറഞ്ഞു..
****
“നീ കൈ കുറച്ചൂടെ നിവർത്തി പിടി, ഫോട്ടോ ഒക്കെ ഞാൻ എടുത്തോളാം നീ മര്യാദക്ക് പോസ് ചെയ്താ മതി” ഫോട്ടോ എടുക്കാൻ വേണ്ടി നിർദ്ദേശം കൊടുത്തു് ഞാൻ ആഷ്‌ലിനടുത്തേക്ക് നടന്നു.
അനങ്ങുന്നില്ല, കാലുകൾ മുന്നോട്ട് നീങ്ങുന്നില്ല.. ഞാൻ ആഷ്‌ലിനു നേരെ കൈകൾ നീട്ടുന്നുണ്ട് പക്ഷെ അവളെന്നെ കാണുന്നില്ല.. ആഷ്‌ലിൻ.. ആഷ്‌ലിൻ.. ഞാൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ അവളെ വിളിക്കുന്നുണ്ട് പക്ഷെ അവളെന്നെ കേൾക്കുന്നില്ല..