കുളിച്ചു വസ്ത്രം മാറാൻ വേണ്ടി ബെഡ് റൂമിൽ എത്തിയപ്പോഴേക്കും ക്യാമറ ക്രൂ റെഡി ആയിരുന്നു.. കടും നീല നിറത്തിലുള്ള സ്യൂട് ആയിരുന്നു എന്റെ കല്യാണ വസ്ത്രം. പ്രാർത്ഥന എല്ലാം കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് പള്ളിയിലേക്ക് ഇറങ്ങി, കല്യാണത്തിനായി പ്രത്യേകം എന്റെ കൂട്ടുകാരൻ വഴി ആഗ്രഹ പൂർത്തീകരണത്തിനായി ഓഡി ആർഎയ്റ്റ് (Audi R8) വാടകക്ക് എടുത്തിരുന്നു. ചെറുക്കനും പെണ്ണിനും പോവാനുള്ള വാഹനം അതാണ്. പള്ളിയിലേക്ക് ഞാനാ കാറിൽ ആണ് പോയത്.
പള്ളിയിലെത്തി അല്പ സമയം വെയിറ്റ് ചെയ്തപ്പോഴേക്കും ആഷ്ലിനും ഫാമിലിയും എത്തി. എല്ലാവരും സ്റ്റേ ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് ഇങ്ങോട്ട് എത്താൻ കുറച്ച് സമയം മാത്രേ വേണ്ടി വന്നുള്ളൂ.
കാറിൽ നിന്ന് ആഷ്‌ലിൻ ഇറങ്ങുന്നത് ഞാൻ കണ്ടില്ല, അതിനു മുമ്പേ എന്നെ ആരൊക്കെയോ കൂടി തള്ളി പള്ളിക്കകത്തേക്ക് കൊണ്ട് പോയി. അൾത്താരക്ക് മുന്നിൽ എന്റെ പെണ്ണിനേയും കാത്തു നിന്നു, വല്ലാത്തൊരു കാത്തു നിൽപ്പാണത്. അടുത്ത മണിക്കൂർ മുതൽ അവളെന്റെത് മാത്രം ആകുന്നതിനു മുന്നേ ഉള്ള കാത്തിരിപ്പ്.
അധികം വൈകിയില്ല, പള്ളിക്കകത്തേക്ക് അവളുടെ ഫാമിലിയിലെ ഓരോരുത്തരായി കയറി വന്നു കൊണ്ടിരുന്നു. ഒടുവിലായി ആഷ്‌ലിനും.. തൂവെള്ള നിറത്തിലുള്ള ഒരു ഗൗണാണ് വേഷം.. ചിറക് വിരിച്ച മാലാഖ പോലെ അവളെന്റെ അരികിലേക്ക് നടന്നു വന്നു. തൊട്ടടുത്തു വന്നു നിന്ന് കൈ മുട്ട് കൊണ്ട് വയറ്റിലൊരു ഇടി തന്നപ്പോളാണ് എനിക്കു പരിസര ബോധം വന്നത്. ഇവൾ അരികിൽ ആയിരിക്കുമ്പോൾ എനിക്കു പരിസര ബോധം നഷ്ടപ്പെടുന്നത് ആദ്യായിട്ടൊന്നുമല്ല. പള്ളിയിലാകെ പതിഞ്ഞ ശബ്ദത്തിൽ ചിരി പടർന്നു.
അച്ചൻ കുർബാന ചൊല്ലാൻ ആരംഭിച്ചു, കുർബാന സ്വീകരണം കഴിഞ്ഞ് മിന്നു കെട്ടും പുടവ കൊടുക്കലും. മിന്നു കെട്ടുമ്പോൾ ഞങ്ങൾ രണ്ടു പെരുടെയും കണ്ണ് നിറഞ്ഞിരുന്നു. ആഷ്‌ലിന്റെ കണ്ണിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണീർ തുടക്കാൻ ഞാനെന്റെ കർച്ചീഫ് എടുത്തു കൊടുത്തു. അവളത് തുടച്ചു എന്നെ നോക്കി ചിരിച്ചു. അവളെന്തോ ഓർത്ത് ചിരിച്ചതാണെന്ന് എനിക്കു മനസ്സിലായി..
ചടങ്ങ് എല്ലാം കഴിഞ്ഞ് ലൈറ്റ് ആയിട്ട് ഭക്ഷണവും കഴിച്ച് ഞങ്ങളിറങ്ങി. ഞങ്ങൾക്കായി ഒരുക്കി നിർത്തിയിരിക്കുന്ന ഔഡി ആർ എയ്റ്റിലേക്ക് കേറി.
“അപ്പൊ എങ്ങനാ, തുടങ്ങല്ലേ?”
“എന്ത്?” ഞാനവളെ എന്തോ ചെയ്യാൻ പോവാണെന്നു പേടിച്ചു പുറകോട്ടു വലിഞ്ഞു.
“എടി പുല്ലേ.. ലൈഫ് തുടങ്ങുന്ന കാര്യമാ പറഞ്ഞെ” ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.
“പുല്ലെന്നാ.. ഞാനിനി എന്തൊക്കെ കേൾക്കണം..” ദൈവത്തോട് ചോദിക്കുന്ന പോലെ അവൾ മുകളിലോട്ട് നോക്കി.
“അതൊക്കെ വേണ്ടി വരും.. ഇന്ന് മുതൽ നീയെന്റെ അടിമ” കാർ പതിയെ റോഡിലേക്ക് ഇറക്കി.
“ഡോ കെട്ട്യോനെ.. കെട്ടിയ അന്ന് തന്നെ ഡിവോഴ്സ് വാങ്ങിച്ചു എന്ന ചീത്ത പേര് കേൾപ്പിക്കരുത് എനിക്ക്” അവളെന്നെ ഭീഷണിപ്പെടുത്താനായി ഷിർട്ടിന്റെ കോളറിൽ കേറി പിടിച്ചു.