പക്ഷെ ജെയ്‌സണെ കുറിച്ച് ഞാൻ കേട്ടതെല്ലാം നല്ലത് മാത്രമാണ്.. എന്റെ മോൾക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് വിശ്വസിക്കട്ടെ ഞാൻ” അദ്ദേഹം കർച്ചീഫ് കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടക്കുന്നുണ്ട്, ചൂട് കൊണ്ടാണ്. പക്ഷെ ആ ചോദ്യം കേട്ടതോടെ ഞാൻ ഉരുകാൻ തുടങ്ങി. എന്താ ഞാൻ പറയാ എന്നാലോചിച്ചു കൊണ്ട്. പിന്നെ രണ്ടും കല്പ്പിച്ചു ഇങ്ങനെ പറഞ്ഞു.
“സാറിന് സാറിന്റെ മകളോടുള്ള ഇഷ്ടം എനിക്കു മനസ്സിലാവും.. സാറിന്റെ മകൾക്ക് സാറിനോടുള്ള ഇഷ്ടവും എനിക്കു മനസ്സിലാവും.. അതിന്റെ ഒരംശം എങ്കിലും അവളെന്നെ സ്നേഹിക്കണേ എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു, എത്ര മടങ്ങു ഞാൻ അവളെ സ്നേഹിച്ചാലും എനിക്കെന്നും അവളുടെ മനസ്സിൽ രണ്ടാം സ്ഥാനം മാത്രേ ഉണ്ടാവുള്ളു.. ഒരു പക്ഷെ സാറവളോട് വേണ്ട എന്ന് തീർത്തു പറഞ്ഞിരുന്നെങ്കിൽ അവളെന്നോട് ബൈ പറഞ്ഞു പോയേനെ.. മോളോട് സ്നേഹം ഉള്ളത് കൊണ്ടല്ലേ സമ്മതിച്ചത്.. സാറിന്റെ സ്നേഹത്തിൽ സാറിന് വിശ്വാസം ഉണ്ടെങ്കിൽ ഞാൻ ഉറപ്പിച്ചു പറയാം തീരുമാനം തെറ്റിയില്ല എന്ന്” ഞാൻ നല്ല ആത്മവിശ്വാസത്തോടെ തന്നെ ആണത് പറഞ്ഞത്.
കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിനും മനസ്സ് നിറഞ്ഞെന്നു എനിക്കു തോന്നി, കർച്ചീഫ് എടുത്ത് വിയർപ്പ് ഒപ്പുന്നതിന്റെ കൂട്ടത്തിൽ കണ്ണട എടുത്ത് കണ്ണ് കൂടെ അദ്ദേഹമൊന്ന് തുടച്ചു. അത്രക്ക് വലുതായി ഒന്നും ഞാൻ പറഞ്ഞില്ലലോ.. ഉവ്വോ..
ശെരിയെന്നു പറഞ്ഞ് ഞാൻ തിരിഞ്ഞ് നടക്കാൻ ആരംഭിച്ചപ്പോൾ പുറകിന്ന് അദ്ദേഹമെന്നെ ഒരിക്കൽ കൂടെ വിളിച്ചു.
“ജെയ്‌സൺ”
“പറയു സർ”
“ഈ സർ വിളി മാറ്റിക്കൂടെ.. എനിക്ക് വല്ലാത്ത അകലം തോന്നുന്നു.. മോള് വിളിക്കുന്നത് പോലെ വിളിച്ചൂടെ”
“ശെരി പപ്പ” ഞാനൊന്ന് ചിരിച്ചു.
അദ്ദേഹത്തിന്റെ നിറഞ്ഞ ചിരി കണ്ടു കൊണ്ട് ഞാൻ കാറിനരികിലേക്ക് നടന്നു. കുറച്ചപ്പുറത്തു മരത്തണലിൽ കസിൻസിന്റെ കൂടെ സംസാരിച്ചു കൊണ്ടിരുന്ന ആഷ്‌ലിനെ ഞാൻ അപ്പോഴാണ് ശ്രെദ്ധിച്ചത്. അവൾ ഞങ്ങളുടെ സംഭാഷണം കണ്ടു കൊണ്ടിരിക്കായിരുന്നു എന്നെനിക്ക് ബോധ്യമായി. അവളെന്നെ കൈ വീശി, വിളിക്കാമെന്ന് ആംഗ്യം കാണിച്ചു. ഞാൻ കാറിലേക്ക് കയറി തിരികെ കോഴിക്കോട്ടേക്ക്..
കല്യാണതലേന്ന് അത്ര കാര്യമായ ചടങ്ങുകൾ ഒന്നുമില്ല, ക്ഷെണം സ്വീകരിച്ചു വന്ന ആൾക്കാരെ സ്വീകരിക്കുക എന്നത് തന്നാണ് ഏറ്റവും വലിയ ജോലി. കൂടെ സപ്പോർട്ട് ആയി അനിയത്തിയും അളിയനും ഉണ്ടെന്നതാണ് സമാധാനം. കല്യാണത്തിനുള്ള സ്യൂട് അവരുടെ സെലെക്ഷൻ ആണ്. അനിയത്തിയുടെ കെട്ട്യോൻ എന്റെ പഴയൊരു സുഹൃത്ത് ആണ്, കെട്ട് കഴിഞ്ഞതോടെ അവനെന്റെ അളിയനായി മാറി. അല്ലെങ്കിലും അളിയന്മാരെ സുഹൃത്തുക്കളായി വെക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഭാര്യമാരെ പേടിയുള്ളവർ ആണെങ്കിൽ പറയുകയേ വേണ്ട.
തിരക്കിനിടയിൽ ആഷ്‌ലിൻ എനിക്ക് മെസ്സേജ് അയച്ച് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അവളുടെ വിവാഹ വസ്ത്രത്തെ പറ്റിയും ധരിക്കാൻ പോകുന്ന ആഭരണത്തിനെ പറ്റിയും എല്ലാം. സത്യത്തിൽ എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാൻ ആവുന്നില്ല.. എങ്ങനെ ഇവിടെ വരെ എത്തിയെന്ന്. അവൾടെ ദൃഡനിശ്ചയം ഇല്ലെങ്കിൽ ഞാൻ വെറുമൊരു നിരാശാകാമുകൻ മാത്രമായി തീർന്നേനെ. അവളാണ് എല്ലാത്തിനും മുൻകൈ എടുത്തത്, ഞാൻ പുറകിൽ നിന്നതേ ഉള്ളു.