“അമ്മ ഞാൻ വരുമ്പോഴേക്കും ഇന്റർനെറ്റ് ശെരിയാക്കാൻ ഞാൻ പറഞ്ഞതല്ലേ, എന്താ നിങ്ങൾ ചെയ്യാഞ്ഞേ?” എന്റെ ശബ്ദം ഉച്ചത്തിൽ തന്നെ ആയിരുന്നു.
പതിവില്ലാത്ത എന്റെ പെരുമാറ്റം കണ്ട് അമ്മ അമ്പരന്നിട്ടുണ്ട്, ഒരിക്കലും ദേഷ്യപ്പെട്ടു സംസാരിക്കാത്ത മോൻ പെട്ടന്നങ്ങനെ പെരുമാറുമ്പോ താങ്ങാൻ ആവില്ല.
“ഞാൻ വിളിച്ചിട്ട് അവര് വന്നില്ല, മോൻ വരുമ്പോ ശെരിയാക്കിക്കോളാം എന്നല്ലേ പറഞ്ഞെ..?” അമ്മയുടെ കണ്ണ് ചെറുതായി നിറഞ്ഞിരുന്നു.
ശെരിയാ.. അമ്മ എന്നെ വിളിച്ചു പറഞ്ഞിരുന്നു, ഞാനാണ് ഓർക്കാത്തത്. എന്റെ ചിന്തകളും ഓർമ്മകളും ഒന്നും എന്റെ വരുതിക്ക് നിൽക്കാതായിരിക്കുന്നു. ഒന്നു മെസ്സേജ് അയക്കാനോ അവളെ വിളിക്കാനോ കഴിയാതെ എനിക്ക് ഭ്രാന്ത് ആവും എന്ന പോലായി. ഞാനെന്ത് പറഞ്ഞാലും അതമ്മയുടെ കരച്ചിലിൽ മാത്രേ അവസാനിക്കൂ.. ഒന്നും മിണ്ടാതെ ഞാനെന്റെ മുറിയിലേക്ക് പോയി.
ബെഡിൽ ഞാൻ കമിഴ്ന്നു കിടന്നു. കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി വീണ് തലയിണ നനയുന്നത്അ റിയുന്നുണ്ടായിരുന്നില്ല, ആഷ്‌ലിനെ ചേർത്ത് പിടിച്ചു സോറി പറഞ്ഞു കരയണം എന്നെന്റെ ഹൃദയം വിങ്ങി കൊണ്ടിരുന്നു, പക്ഷെ അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന് പോലും അറിയാത്ത വീർപ്പുമുട്ടലും ഞാനതെ നിമിഷം അനുഭവിക്കുന്നു.
തലയിൽ തണുത്ത കരസ്പർശം അറിഞ്ഞപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. അമ്മയാണ്.. എന്റെ പുറകെ വന്നു, ഞാൻ കിടന്നു കരഞ്ഞപ്പോൾ എന്റെ അരികിൽ വന്നിരുന്നു..
“എന്താടാ പറ്റിയേ.. എന്റെ മോനെന്തിനാ കരയണെ?”
“ഒന്നുല്ല അമ്മാ..” കണ്ണു തുടച്ചു കരച്ചിലടക്കി ഞാൻ പറഞ്ഞു.
“അമ്മക്ക് അറിഞ്ഞൂടെ എന്റെ മോനേ, ഞാൻ അവിടന്ന് വരുന്നതിനു മുമ്പ് തന്നെ നിനക്ക് ചില മാറ്റങ്ങൾ കണ്ടതാ.. ഇന്നാ എന്റെ ഫോൺ നീ ആരെയാണെന്നു വെച്ചാൽ വിളിക്ക്” അമ്മയുടെ ഫോൺ എന്റെ അരികിൽ വെച്ച് അമ്മ പോയി.
എന്റെ ഫോണിൽ നിന്ന് ആഷ്‌ലിന്റെ നമ്പർ നോക്കി അമ്മയുടെ ഫോണിൽ ഡയൽ ചെയ്തു.
രണ്ട് പ്രാവശ്യം തുടർച്ചയായി വിളിച്ചിട്ടും അവളെടുത്തില്ല. ഞാൻ ഒരു തവണ കൂടി വിളിച്ചു, അവളെടുത്തു.
“ഹലോ ആഷ്‌ലിൻ”
“മ്മ് പറയ്”
“എപ്പഴാ എത്തിയെ? പപ്പക്ക് എങ്ങനുണ്ട്?”
“ഞാൻ ഇവിടെ ലഞ്ച് ടൈം ആയപ്പോഴേക്കും എത്തി, പപ്പ.. ഹി ഈസ് ഓകെ” ആഷ്‌ലിന്റെ സംസാരം വളരെ ശാന്തമായിട്ടായിരുന്നു.
“ഞാൻ വീട്ടിൽ എത്തിയതേ ഉള്ളു, ഇത് അമ്മയുടെ നമ്പർ ആണ്.. പുതിയ സിം കാർഡ് എടുത്ത ശേഷം വിളിക്കാം”
“ഇറ്സ് ഓകെ..”
“ബൈ”