കണ്ടപ്പോൾ എന്റെ പകുതി ശ്വാസം നേരെ വീണു. ഭക്ഷണം എല്ലാം എല്ലാർക്കും ഇഷ്ടപ്പെട്ടു, ആഷ്‌ലിന്റെ ടിപ്സ് പ്രകാരം വരുന്നവർക്ക് ഇഷ്ടപെട്ട വിഭവങ്ങൾ തിരഞ്ഞു പിടിച്ചു ഉണ്ടാക്കിയ എന്റെ അമ്മയുടെ മാസ്സ് പെർഫോമൻസ് ഞാൻ വൈകി ആണ് അറിഞ്ഞത്.
വീടും വീട്ടിലുള്ളവരെയും ഇഷ്ടപെട്ടത് പോലെ തന്നെ ആയിരുന്നു അവരുടെ പെരുമാറ്റം. ഇറങ്ങാൻ നേരം ഇനി എല്ലാം ചടങ്ങായിട്ട് നടത്താം എന്ന് പറഞ്ഞ് അവരിറങ്ങി. ഇത്രേ ഉള്ളു, ഇതിനാണോ ഞാനിത്രക്ക് പേടിച്ചത്. ചെ.. വേണ്ടായിരുന്നു..
അവരിറങ്ങിയപ്പോൾ ഞാനും കൂടെ ഇറങ്ങി യാത്ര പറഞ്ഞു, കൂട്ടത്തിൽ പ്രധാനപെട്ട ആളായ ആഷ്‌ലിന്റെ അങ്കിൾ എന്നെ മാറ്റി നിർത്തി സംസാരിച്ചു. പുള്ളി എല്ലാം ശെരിയാക്കിക്കോളാം എന്ന് ഉറപ്പ് തന്നു..
ആഷ്‌ലിനു ഏറ്റവും കൂടുതൽ ഇഷ്ടമുള്ള അങ്കിളും ആന്റിയുമാണ് വന്നതെന്ന് അവൾ പറഞ്ഞ ശേഷമാണു ഞാൻ അറിഞ്ഞത്. അവൾടെ തലതൊട്ടപ്പനും അമ്മയും. അവൾടെ ആഗ്രഹം എന്താണെങ്കിലും സാധിച്ചു കൊടുക്കും എന്ന ഉറപ്പ് അവൾക്കുണ്ടായത് കൊണ്ടായിരുന്നു അവരെ തന്നെ ഇങ്ങോട്ടേക്കു പറഞ്ഞയച്ചത്. അവരു പറഞ്ഞാൽ ആഷ്‌ലിന്റെ മമ്മ കേൾക്കും എന്ന് തന്നെ ആണ് അവൾടെ വിശ്വാസം. മമ്മ പറഞ്ഞാൽ പിന്നെ പപ്പക്ക് എതിരഭിപ്രായമില്ല.
അവൾടെ ബുദ്ധി ഓർത്ത് ഒരു നിമിഷം ഞാൻ കൈ കൂപ്പി പോയി.. കെട്ട് കഴിഞ്ഞാൽ ഇതെല്ലാം എന്റെ അടുക്കൽ ആണല്ലോ ഉപയോഗിക്കാൻ പോണേ എന്നാലോചിച്ചപ്പോൾ ഒരു നടുക്കവും.
അധികം വൈകാതെ തന്നെ ആഷ്‌ലിൻ ജോലി റിസൈൻ ചെയ്ത് ലണ്ടനിലേക്ക് തിരികെ പോയി. ഇത്രക്ക് ഹൈ പേയിങ് ആയ ജോലി രാജി വെച്ച് അവൾ എനിക്കു വേണ്ടി പോരടിക്കുന്നത് കണ്ടപ്പോൾ ഞാൻ അവളെ അർഹിക്കുന്നുണ്ടോ എന്ന് പോലും തോന്നി പോയി.
***
മനസ്സമ്മതമായിരുന്നു ഇന്നലെ നാളെ കല്യാണവും.. പെണ്ണ് കാണലും ചോദിക്കലും എല്ലാം കഴിഞ്ഞ് അധികം വൈകാതെ തന്നെ മനസ്സമ്മതത്തിനു തിയ്യതി നിശ്ചയിച്ചു. പെണ്ണിന്റെ പള്ളിയിൽ വെച്ചായിരുന്നു മനസ്സമ്മതം. അമ്മയും എന്റെ അനിയത്തിയും അവൾടെ കെട്ട്യോനും മക്കളും പിന്നെ അത്രയും വേണ്ടപ്പെട്ട കുറച്ച് ബന്ധുക്കളും മാത്രം ഉൾപ്പെട്ട ഒരു ചെറിയ ചടങ്ങ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷെ അവിടെ എത്തിയപ്പോഴാണ്, അവർക്ക് കല്യാണം മനസ്സമ്മതം എന്ന് വ്യത്യാസമൊന്നുമില്ലെന്ന് മനസ്സിലായത്. അത്രക്കധികം ആളായിരുന്നു.. എല്ലാവരെയും പരിചയപ്പെട്ടും വിശേഷങ്ങൾ ചോദിച്ചും നിന്നപ്പോഴേക്കും ചടങ്ങിനു സമയമായി.. ചടങ്ങ് കഴിഞ്ഞു ഇറങ്ങുന്ന സമയത്താണ് ആഷ്‌ലിന്റെ പപ്പ എന്നോട് ആദ്യമായി ദീർഘ നേരം സംസാരിച്ചത്.
“ജെയ്‌സൺ.. ഒന്ന് നിൽക്കൂ”
“യെസ്.. സർ പറയു” ഞാൻ ഇത് വരെ അദ്ദേഹത്തെ പപ്പ എന്ന് വിളിച്ചിട്ടില്ല അത് അവൾക്കും അറിയാം. എനിക്കങ്ങനെ ഒരു അടുപ്പം വരുന്നത് വരെ ഞാൻ വിളിക്കില്ല എന്നവളോട് പറഞ്ഞിട്ടും ഉണ്ട്.
“എന്റെ മോൾടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ സമ്മതിച്ചത്..