“ഹേയ് പോണില്ലേ.. അല്ലേൽ അമ്മ അന്വേഷിക്കും” കളിയാക്കുന്ന പോലാണ് ഞാൻ പറഞ്ഞത്.
“പോടാ പട്ടി” ചെറിയ ശബ്ദത്തിൽ അവൾടെ പിറുപിറുപ്പ് എനിക്ക് കേൾക്കാം..
“എന്താന്ന്.. ഡീ ഇവടെ വാടി” ഞാൻ ബെഡിന്ന് എഴുന്നേൽക്കുമ്പോഴേക്കും അമ്മാ വിളിച്ചോ എന്നും ചോദിച്ചു അവളിറങ്ങി ഓടി..
സാരമില്ല നിന്നെ എന്റെൽ കിട്ടും, ഞാനെന്റെ പണിയിലേക്ക് കടന്നു, ഞാനില്ലെങ്കിലും വലിയ ആർഭാടം ഇല്ലാതെ ഓഫീസ് തുറന്നു പ്രവർത്തനം തുടങ്ങിയിരുന്നു. പുതുതുതായി കിട്ടിയ ക്ലയന്റ്ന്റെ ഡിസൈനിങ് വർക്ക് എല്ലാം കഴിഞ്ഞ് അയച്ചത് ഒന്നു വെരിഫൈ ചെയ്യണം. ജീവിതത്തിൽ ഒരു പ്രധാനപെട്ട കാര്യം ചെയ്യാൻ ഒരുങ്ങിയപ്പോഴേക്കും ഇങ്ങനെ ഒരു മോശം സംഭവം ഉണ്ടായെന്നു വെച്ച് അതുപേക്ഷിക്കാൻ പാടില്ല എന്ന് പറഞ്ഞത് അമ്മ ആണ്. അതോണ്ട് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ഷിഫ്റ്റ് ആയപ്പോൾ അതിനു വേണ്ടുന്ന കാര്യങ്ങൾ ആഷ്‌ലിൻ തന്നെ ചെയ്തു.
ഇന്റീരിയർ അവളുടെ മേഖല ആയത് കൊണ്ട് ചില്ലറ മിനുക്കു പണികൾ കൂടെ കഴിഞ്ഞ ശേഷമാണു സമ്മതിച്ചത്. പക്ഷെ അവിടത്തെ ജോലി സംബദ്ധമായ കാര്യങ്ങളിൽ അവൾ ഇടപെടാറില്ല. താൻ എന്നാണോ അവിടെ ജോലി ചെയ്യാൻ തുടങ്ങുന്നത് അപ്പോൾ മുതൽ ഉത്തരവാദിത്തം കാണിക്കാം എന്നാണ് അവളുടെ പക്ഷം. അതിൽ കുറ്റം പറയാൻ പറ്റാത്തത് കൊണ്ട് പിന്നീട് ഞാനും തർക്കിക്കാൻ നിന്നില്ല.
എന്റെ കാലിലെ പ്ലാസ്റ്റർ എടുത്ത് മാറ്റാനുള്ള ദിവസമായി.. ഇതൂടെ കഴിഞ്ഞാൽ ഫ്രീ ആണ്.. ജീവിതം വീണ്ടും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെ മുന്നോട്ടു പോവാൻ തുടങ്ങി. പക്ഷെ അതിനധികം ആയുസ്സ് ഉണ്ടായില്ല.
ആഷ്‌ലിൻ പറഞ്ഞ ഒരാഴ്ച നാളെ തീരും, അവളുടെ ലീവ്. ഇനിയും നീട്ടാനാവില്ല, ഇത് തന്നെ ഓരോ കള്ളം പറഞ്ഞ് പിടിച്ചു നിൽക്കുന്നതാണ്. പോവാനുള്ള സമയം ആയപ്പോൾ അവളുടെ മുഖത്ത് വീണ്ടും ഒരു വാട്ടം.
ലഞ്ച് കഴിച്ച് കഴിഞ്ഞ് ഹാളിലേക്ക് വന്നു ടീവി ഓൺ ചെയ്തു സോഫയിലേക്ക് ഇരുന്നു. ആഷ്‌ലിനെ നോക്കിയപ്പോൾ അവളെന്തോ ചിന്തയിലാണ്.
“പോയിട്ട് റിസൈൻ ചെയ്തിട്ട് വാ.. നമുക്കിവിടെ അടിച്ചു പൊളിക്കാം” ഞാനവളെ ഒന്ന് ചിയർ അപ്പ് ചെയ്യാനുള്ള ശ്രെമം നടത്തി.
അവളെന്നെ ആർ യു സീരിയസ് എന്നൊരു നോട്ടം നോക്കി. അവൾ പറയാതെ തന്നെ അതിന്റെ അർത്ഥമറിയാവുന്നത് കൊണ്ട് ഞാൻ തല താഴ്ത്തി ഇരുന്നതെ ഉള്ളു.
“എനിക്കു പോവാൻ തോന്നുന്നില്ല, ജോലി റിസൈൻ ചെയ്യാനും തോന്നുന്നില്ല.. പപ്പയെ വിഷമിപ്പിക്കാനും തോന്നുന്നില്ല.. ഞാൻ എന്താ ചെയ്യാ” തളർന്ന പോലെ ആഷ്‌ലിൻ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു.
അവളുടെ അപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു. എന്തു പറഞ്ഞാണ് അവളെ സമാധാനിപ്പിക്കുക എന്നറിയാതെ ഇരുന്നു.