“അപ്പൊ ഇന്ന് നിനക്ക് അത്ര സന്തോഷമില്ലേ..?” വീണ്ടും തോളിലേക്ക് ചാരി ഇരുന്ന അവളുടെ മുടിയിഴകൾ തലോടി കൊണ്ട് ഞാൻ ചോദിച്ചു.
“സെക്കന്റ് ഫേവറിറ്റ്” എന്റെ കയ്യിൽ ഒരുമ്മ തന്ന് കൊണ്ടാണ് പറഞ്ഞത്.
“സെക്കന്റ് ഫേവറിറ്റു ആയിട്ട് കയ്യിലാണോ ഉമ്മ..” ഞാൻ കൈ പിൻവലിച്ചു അവളെ എന്റെ നേരെ തിരിച്ചിരുത്തി.
“അയ്യടാ.. മോനാദ്യം മര്യാദക്ക് എഴുന്നേറ്റ് നടക്ക്.. എന്നിട്ടുമ്മ തരാം” അവളെന്നെ പിടിച്ചെഴുന്നേല്പിച്ചു.
“മതി.. പക്ഷെ വാക് മാറരുത്” അവളുടെ തോളിലൂടെ ചേർത്ത് പിടിച്ചു നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
അവളെന്നെ നോക്കി ഒന്നു ചിരിച്ചതേ ഉള്ളു.. കുസൃതി നിറഞ്ഞ പ്രേമാർദ്രയായ അവളുടെ ചിരി..
തിരിച്ചു വീട്ടിലേക്കുള്ള യാത്ര ഓൺലൈൻ ടാക്സിയിൽ ആക്കി. ബുക്ക് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ വണ്ടിയെത്തി, വീട്ടിക്കെത്തിയപ്പോ ഞങ്ങളെ കാണാതെ അമ്മ പൂമുഖത്തു തന്നെ ഇരിപ്പുണ്ട്. അപ്പോഴാണ് ഓർത്തത് വിളിച്ചു പറയാൻ മറന്നെന്ന്. എവിടെയെങ്കിലും കറങ്ങാൻ പോവാനുള്ള ആരോഗ്യം എനിക്കില്ല എന്ന തോന്നൽ അമ്മക്കുള്ളത് കൊണ്ടാണ് ഈ വേവലാതി.
വീട്ടിലെത്തി അമ്മയോട് കുശലം പറഞ്ഞ് അകത്തേക്ക്. ആഷ്‌ലിൻ എന്റെ കൂടെ മുറിയിലേക്ക് വന്നു, അമ്മ കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി മാത്രമേ ഞങ്ങളുടെ പ്രേമ സല്ലാപം ഒക്കെ ഉള്ളു. മുറിയിലേക്ക് കയറിയ ഉടനെ ഞാൻ കതകടച്ചു.
“എവിടെ എന്റെ ഉമ്മ?” അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു.
“ശ്.. വേദനിക്കുന്നു” കൈ വിടുവിച്ചു കൊണ്ട് അവൾ ദേഷ്യം കാണിച്ചു.
“ഞാൻ വേദനിപ്പിക്കുന്നില്ല.. വേഗം തന്നിട്ട് പൊക്കോ” ഞാൻ കതകിന്റെ മുന്നിൽ തന്നെ നിന്നു
“മാറിക്കെ അമ്മ അന്വേഷിക്കും മോശമാണ് ട്ടൊ” അവളെന്നെ പിടിച്ചു മാറ്റാൻ ഉള്ള ശ്രേമം തുടങ്ങി.
ഞാൻ മാറില്ലെന്ന് പറഞ്ഞു കുറെ കളിപ്പിച്ചെങ്കിലും, എന്റെ ആരോഗ്യമില്ലായ്‌മയെ മുതലെടുത്തു തള്ളി മാറ്റി. കതകു തുറന്നു പുറത്തേക്ക് ആഷ്‌ലിൻ ഇറങ്ങിയപ്പോൾ ഞാനെന്റെ ബെഡിനടുത്തേക്ക് പതിയെ ചുവട് വെച്ചു.
പോയതിന്റെ ഇരട്ടി വേഗത്തിൽ അവൾ തിരികെ വന്നു എന്റെ മുന്നിലേക്ക് വന്നു, കണ്ണുകൾ പാതി തുറന്നു വിയർപ്പ് പൊടിഞ്ഞ മേൽചുണ്ടുകളും നാണത്താൽ ചുവന്ന കവിളുകളുമായി അവളെന്റെ മുന്നിൽ എന്തിനോ വേണ്ടി കാത്തു നിന്നു. താല്പര്യമില്ലാത്ത പോലെ തട്ടി മാറ്റി ഞാൻ ബെഡിനടുത്തേക്ക് തന്നെ നടന്നു ബെഡിലേക്ക് കേറി ഇരുന്നു. നോക്കിയപ്പോൾ ആഷ്ലിൻ അതെ നിൽപ്പാണ്.