നേരിട്ട് പറയാൻ ആവാത്തത് കൊണ്ടാ ഞാൻ മെസ്സേജ് അയച്ചത്” അവൾക്ക് കരച്ചിൽ നിയന്ത്രിക്കാൻ ആവുന്നില്ലായിരുന്നു പൊട്ടി കരഞ്ഞു ഇരു കരങ്ങളിലും മുഖം പൂഴ്ത്തി അവളിരുന്നു.
“കഴിഞ്ഞില്ലേ.. അത് പോട്ടെ.. ആ കാണുന്ന ബെഞ്ച് കണ്ടോ അന്ന് ഞാനതിനു ചുവട്ടിൽ ഇരുന്നാ കരഞ്ഞത് ഇതേ പോലെ” അവൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തു.
കണ്ണു തുടച്ചു അവളൊന്നു ചിരിച്ചു..
“നീ മുഴുവൻ ആക്കിയില്ല.. എന്നിട്ട്” ഞാനവളെ പിടിച്ചു നേരെ ഇരുത്തി പറഞ്ഞു.
“അന്ന് ഞാനങ്ങനെ മെസ്സേജ് അയച്ചു നേരെ മുറിയിലേക്ക് പോയി. ഫോൺ എടുത്ത് ഇച്ചായനെ വിളിച്ചു.. ഫോൺ എടുക്കുന്നില്ല.. ദേഷ്യമായിരിക്കും എന്ന് വിചാരിച്ചു. അന്ന് രാത്രി വീണ്ടും വിളിച്ചു, പിറ്റേ ദിവസവും വിളിച്ചു.. പക്ഷെ സ്വിച്ച് ഓഫ്.. പിറ്റെന്ന് മുഴുവൻ ഞാൻ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. എനിക്കപ്പോ കുറേശെ പേടി ആയി, ഇച്ചായനെന്തെങ്കിലും പറ്റിയോ എന്നൊരു പേടി. ഞാൻ ഓഫീസിലേക്ക് എല്ലാം വിളിച്ചു നോക്കി.. അവരാരും കോൺടാക്ട് ഇല്ല എന്ന് മാത്രം പറഞ്ഞു. അപ്പോഴാണ് നാട്ടിലെത്തിയ ഉടനെ എന്നെ വിളിച്ച കാര്യം ഞാൻ ഓർത്തത്. അമ്മയുടെ നമ്പറിൽ നിന്നാണ് എന്നെ വിളിച്ചതെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ? ആ നമ്പറിലേക്ക് ഞാൻ തിരിച്ചു വിളിച്ചു. കുറെ പ്രാവശ്യം വിളിക്കേണ്ടി വന്നു.. പക്ഷെ അമ്മ എടുത്തു.. ആക്‌സിഡന്റ്ന്റെ കാര്യം പറഞ്ഞു.. ഞാൻ പൊട്ടി കരഞ്ഞു പോയി, അമ്മയാണ് എന്നെ ആശ്വസിപ്പിച്ചത്. ദുബായിലേക്ക് തിരിച്ചു പോവാണെന്നു പറഞ്ഞു ഞാൻ വീട്ടീന്ന് ഇറങ്ങി. അവിടന്ന് ഞാൻ ഇങ്ങോട്ട് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. ഞാൻ ഒറ്റക്കാ ഇവിടെ വന്നു കേറിയത്.. അമ്മക്ക് എന്നെ കണ്ടപ്പോഴേ മനസ്സിലായി അതെനിക്ക് വലിയ അത്ഭുതം ആയിരുന്നു. ആക്‌സിഡന്റ് ആയി മൂന്നാം ദിവസം മുതൽ ഞാനിവിടെ ഉണ്ട്. ലീവ് എക്സറ്റൻഡ് ചെയ്തത് നെക്സ്റ്റ് വീക്ക് കഴിയും” അവൾ പറഞ്ഞു നിർത്തി.
“നീ ഒരു സിനിമ സ്റ്റോറി പറഞ്ഞത് പോലുണ്ട്, എന്തോരം ട്വിസ്റ്റ് ആൻഡ് ടേൺ ആണ്.. പക്ഷെ ക്ലൈമാക്സ് അതെനിക്കിഷ്ടായി..” ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.
“അമ്മക്ക് നിന്നെ മനസ്സിലായതിൽ അത്ഭുതം വേണ്ട പലപ്പോഴും എന്റെ ഫോൺ വോൾപേപ്പർ അമ്മ കണ്ടു കാണും.. നിന്റെ മുഖം നിന്റെ ഫുൾ ഫിഗർ ഞാൻ വോൾപേപ്പർ ഇടാറുണ്ട്” ഞാൻ തുടർന്നു.
അവളെന്നെ കുറച്ച് അവജ്ഞതയോടെ ആണ് നോക്കിയത്.. വോൾപേപ്പറാ എന്ന അർത്ഥത്തിൽ ആവും..
“എന്റെ ഫോണിൽ ഒന്നും ഞാൻ ആരുടേം ഫോട്ടൊ വാൾപേപ്പർ ഇടാറില്ല” അവൾടെ ഫോൺ കാണിച്ചു കൊണ്ടാണത് പറഞ്ഞത്.
ഞാനെന്റെ ഫോൺ എടുത്ത് അവളെ കാണിച്ചു. പിറന്നാളിന്റെ അന്ന് എടുത്ത ഒരു ഫോട്ടോ ആയിരുന്നു അത്. കണ്ടപ്പോ അവൾടെ കണ്ണ് പെട്ടന്ന് നിറഞ്ഞു പോയി.. പരിസരം മറന്നു പെട്ടന്നവളെന്നെ കെട്ടി പിടിച്ചു.
“ഡീ വിട്.. നടു റോഡ് ആണ്” ഞാൻ പുറത്ത് തട്ടി കൊണ്ട് അവളെ വിടീപ്പിച്ചു.
“എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം എന്നെ ഓര്മിപ്പിച്ചതിനു” അവൾ ചിരിച്ചു കൊണ്ടാണത് പറഞ്ഞത്.