“ഞാൻ വെറുതെ പറഞ്ഞതാ, ഞാൻ റിസൈൻ ചെയ്തില്ല. പക്ഷെ ലീവ് കഴിഞ്ഞ് പോയാൽ ഞാൻ ചെയ്യും.. എനിക്ക് ഇങ്ങനെ ഇരുന്നാ മതി” വിട്ട കൈ വീണ്ടും കൂട്ടി പിടിച്ചു അവൾ പറഞ്ഞു.
കുസൃതിയും സ്നേഹവും നിറഞ്ഞ അവളുടെ മറുപടി കേട്ട് എനിക്ക് ദേഷ്യപ്പെടാൻ ആവില്ലായിരുന്നു. ഞാൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു..
“ഇനി പറ.. എന്താ പറയാനുള്ളതെന്ന് പറഞ്ഞത്” ഞാൻ കുറച്ച് സീരിയസ് ആയി.
അവളെന്റെ കണ്ണുകളിലേക്ക് നോക്കി.. വീണ്ടും അകലേക്ക് കണ്ണുകൾ മാറ്റി..
“എവിടന്നാ ഞാൻ തുടങ്ങണ്ടെ.. ഇച്ചായനെ ആദ്യം കണ്ടത് മുതലോ.. അതോ എന്നെ ഇഷ്ടാണെന്ന് അറിഞ്ഞപ്പോ മുതലോ..” തീരത്ത് തട്ടി മടങ്ങുന്ന തിരമാലകൾ നോക്കി അവൾ ചോദിച്ചു.
“നീ എന്നോട് എന്താ പറയാതെ വിട്ടത് അത് മാത്രം മതി” അവളെ ചേർത്ത് പിടിച്ച കൈകൾ അയക്കാതെ ഞാൻ പറഞ്ഞു.
“ഇച്ചായൻ എന്നോട് നാട്ടിൽ ബിസിനസ് തുടങ്ങാണെന്ന് പറഞ്ഞത് ഓർമ ഉണ്ടോ? അത് കേട്ടപ്പോൾ എനിക്ക് കുറച്ച് സങ്കടം ഒക്കെ തോന്നി.. പിന്നെ തോന്നി നമുക്ക് വേണ്ടി അല്ലെ ചെയ്യുന്നത് എന്ന്.. കൂടെ ഞാനും വരാമെന്ന് ആഗ്രഹിച്ചാണ് പപ്പയോടു ഇച്ചായന്റെ കാര്യം പറയാമെന്നു വെച്ചത്.. ഞാൻ പപ്പയെ വിളിച്ചു, ഡീറ്റെയിൽസ് ഒന്നും പറയാതെ എനിക്കൊരാളെ ഇഷ്ടമാണ് എന്ന് മാത്രം പറഞ്ഞു.. ഇഷ്ടപ്പെട്ടു എന്നതിൽ പപ്പക്ക് കുഴപ്പം ഒന്നുമില്ല, കല്യാണം കഴിഞ്ഞാൽ അങ്ങോട്ട് വരണം എന്ന് മാത്രമാണ് പപ്പയുടെ നിർബന്ധം.. അതിൽ ഒരു വിട്ട് വീഴ്ചക്കും തയ്യാറല്ല, എനിക്കു സമ്മതം ആണെങ്കിൽ മുന്നോട്ട് പൊക്കോളാൻ പപ്പക്കും സമ്മതം. എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ അയാൾക്ക് ഇഷ്ടമുള്ള ജീവിതം ആണ് ഞാൻ ആഗ്രഹിക്കുന്നത്. അവിടെ ഞാൻ പപ്പയുടെ ഇഷ്ടത്തിന് എങ്ങനെ മുൻഗണന കൊടുക്കും എന്ന് ചോദിച്ചു വഴക്കായി.. എന്നോട് തമാശക്ക് പോലും ദേഷ്യപ്പെടാത്ത പപ്പ ആദ്യമായി എന്നോട് ദേഷ്യപ്പെട്ടു സംസാരിച്ചത് അന്നാണ്. ഞാൻ ജോലി റിസൈൻ ചെയ്യാൻ പോവാണെന്നു പപ്പയോടു പറഞ്ഞ് ലീവിന് അപ്ലൈ ചെയ്തു. ഇച്ചായൻ നാട്ടിലേക്കു വരുമ്പോ കൂടെ വരണം എന്ന് വിചാരിച്ചു ടിക്കറ്റ് വരെ ഞാൻ ബുക്ക് ചെയ്തു. പക്ഷെ തലേ ദിവസം രാവിലെ ആണ് പപ്പക്ക് സുഖമില്ല എന്ന് പറഞ്ഞു വിളിച്ചത്. കൂടുതൽ ഒന്നും സംസാരിക്കാൻ പോലും ആവാതെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് ഞാൻ അങ്ങോട്ട് പോയി. അവിടെ ചെന്നപ്പോൾ ശെരിക്ക് ട്രാപ്പിൽ ആയത് പോലെ ആയിരുന്നു ഞാൻ. പപ്പയും മമ്മിയും റിലേറ്റീവ്സ് എല്ലാരും കൂടെ എന്നെ ബ്രെയിൻ വാഷ് ചെയ്യാൻ വേണ്ടി വിളിച്ചു വരുത്തിയത് പോലെ. ചുറ്റും നിന്ന് ഉപദേശിച്ചു കൊണ്ടിരുന്നു. അവരുടെ നിർബന്ധത്തിനു വഴങ്ങി അവരുടെ മുന്നിൽ വെച്ചാ അന്ന് ഞാൻ ഫോൺ വിളിച്ചപ്പോൾ എടുത്തത്.