“എന്താക്ഷൻ.. ആദ്യം എഴുന്നേറ്റു നടക്കാൻ നോക്കടോ” അവൾ ഖോഷ്ടി കാണിച്ചു കൊണ്ട് ഹാളിലേക്ക് പോയി.
എനിക്കു ഭക്ഷണം കൊണ്ട് വന്നു വെച്ച് അമ്മ പോയി, കോരി കഴിക്കുന്നത് വലിയൊരു ജോലി ആണ്. പക്ഷെ അവൾ വന്ന് അടുത്തിരുന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും എന്നെ കൊണ്ട് കഴിപ്പിക്കാൻ. ഞാനെത്ര മിസ്സ് ചെയ്തിരുന്നു ഇതെല്ലാം എന്ന് മനസ്സിലാക്കായിരുന്നു ആ നിമിഷങ്ങളിൽ. നടക്കാൻ പോലും പറ്റാതെ കിടക്കാണേലും ‘വെർത് ഇറ്റ്’.
പിന്നീടുള്ള ദിവസങ്ങളിൽ ആഷ്‌ലിനോടുള്ള അമ്മയുടെ പെരുമാറ്റം കണ്ടപ്പോൾ അവളെ മരുമകളായി ദത്തെടുത്ത മട്ടായിരുന്നു. ആഷ്‌ലിനെ കാണാൻ പോലും കിട്ടാത്ത പോലായി, അമ്മയുടെ കൂടെ പാചകവും കഥ പറച്ചിലും എല്ലാം ആയി തിരക്കായപ്പൊ എന്നെ മറന്നു.
ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു… വോക്കറിന്റെ സഹായത്തോടെ ഞാൻ നടക്കാൻ തുടങ്ങി, ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ആഴ്ചയിൽ ഒരിക്കൽ ഹോസ്പിറ്റൽ വിസിറ്റിംഗ്.
ആഷ്‌ലിൻ വന്നിട്ട് ഒരു മാസത്തോളം ആയി, ഞങ്ങളിതു വരെ മുമ്പ് നടന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. അവളുടെ ജോലി കാര്യത്തെ കുറിച്ചും ലീവിനെ കുറിച്ചും ഒന്നും അവളിതു വരെ പറഞ്ഞു കേട്ടില്ല. അവളടുത്തുള്ളടത്തോളം കാലം എനിക്ക് സന്തോഷമായത് കൊണ്ട് ഞാൻ ചോദിക്കാനും മിനക്കെട്ടില്ല. പക്ഷെ ഇങ്ങനെ തുടർന്നാൽ പറ്റില്ലെന്ന് അറിയാം. അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു.
പതിവ് പോലെ ചെക്ക് അപ്പ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി നമുക്ക് ബീച്ചിലേക്ക് പോവാമെന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. നട്ടുച്ച സമയമാണ്, ടാക്സിയിൽ തന്നെ സിമെന്റ് ബെഞ്ചുകൾ ഇട്ട സ്ഥലത്തേക്ക് പോയി. പോകും വഴി ഞാൻ ആഷ്‌ലിനു എനിക്ക് ആക്‌സിഡന്റ് ഉണ്ടായ സ്ഥലം കാണിച്ചു കൊടുത്തു. അവളെന്റെ കൈകളിൽ മുറുകെ പിടിച്ചതെ ഉള്ളു.
ടാക്സിക്ക് കാശ് കൊടുത്തു വിട്ട് മരത്തണൽ ഉള്ള സ്ഥലം നോക്കി കടലിനഭിമുഖമായി ഞങ്ങളിരുന്നു. എന്റെ വലതു കരം അവളുടെ ഇടതു കരത്തിനുള്ളിൽ കോർത്തു പിടിച്ചു എന്റെ തോളിൽ ചാരി ആയിരുന്നു അവളുടെ ഇരുത്തം.
“ഇനി പോണില്ലേ?” ഞാൻ സംഭാഷണത്തിനു തുടക്കമിട്ടു.
“ഞാൻ പോണോ?” അവളെന്റെ കൈ ഒന്നൂടെ മുറുക്കി പിടിച്ചു.
“അപ്പൊ ജോലി?”
“ഞാൻ റിസൈൻ ചെയ്തു.”
“എന്താ? എന്തിന്.. നീ എന്നോട് ഇതേ പറ്റി ഒന്നും സംസാരിച്ചത് പോലുമില്ലലോ?” ഞാൻ കൈ വിട്ട് അവൾക്ക് അഭിമുഖമായി തിരിഞ്ഞിരുന്നു
“നമ്മളതിന് എന്നാ സംസാരിച്ചത്?” അവളുടെ ഉത്തരം മറ്റൊരു ചോദ്യമായിരുന്നു.
എനിക്കതിനു ഉത്തരമില്ല.. പക്ഷെ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറായില്ല..
“ഞാൻ ചോദിച്ചതിന് ആദ്യം മറുപടി പറ”