ഭക്ഷണം ഒന്നും മര്യാദക്ക് ഇല്ലാത്തോണ്ട് ആവും വയറൊക്കെ ചുരുങ്ങി പോയിട്ടുണ്ട്. ഇടി കിട്ടിയ ഞാൻ നിലവിളിച്ചു പോയി.
സോറി..സോറി എന്ന് പറഞ്ഞപ്പോഴേക്കും ഞാനവളെ പിടിച്ചു എന്റെ നെഞ്ചിലേക്ക് വീണ്ടും ചേർത്ത് പിടിച്ചു. ഒരുപാട് നാളായിട്ടു ഞാൻ അനുഭവിച്ചിട്ടില്ലാത്ത ആ അനുഭൂതി വീണ്ടും. ഡോറിനു പുറത്ത് കാലൊച്ച കേട്ടപ്പോൾ മനസില്ലാ മനസ്സോടെ അവളെ ചുറ്റി പിടിച്ച എന്റെ കൈ അയച്ചു, ആഷ്‌ലിൻ വേഗം എഴുന്നേറ്റു മാറി. ഡോർ തുറന്നു ഒരു ഡോക്ടറും രണ്ട് നഴ്സുമാരും അമ്മയുടെ കൂടെ കേറി വന്നു.
“ഹൗ ർ യു?” ഡോക്ടർ എന്നെ നോക്കി ചോദിച്ചു..
“ഐ ആം ഗ്രേറ്റ് ഡോക്ടർ”
“ഐ നോ.. വാട്ട് എബൌട്ട് യു?” ആഷ്‌ലിനെ നോക്കിയായിരുന്നു അടുത്ത ചോദ്യം.
നിറഞ്ഞ ചിരി മാത്രമായിരുന്നു അവളുടെ മറുപടി. എല്ലാവർക്കും ഇവളെ അറിയാമെന്നു എനിക്ക് മനസ്സിലായി.
മുറിവുകൾ എല്ലാം ഒന്നും കൂടെ നോക്കി, ഡോക്ടർ നേഴ്സ്മാരുടെ കൂടെ ഇറങ്ങി പുറകെ ആഷ്‌ലിനും. അമ്മ എന്റെ അരികിൽ വന്നിരുന്നു, ഒരു കള്ള ചിരി അമ്മയുടെ മുഖത്തുണ്ട്. എല്ലാം ചോദിച്ചു മനസ്സിലാക്കണം എന്നുണ്ട് എനിക്ക് പക്ഷെ അമ്മയോട് അതെ പറ്റി ചോദിക്കാൻ വല്ലാത്ത മടി.
ഒരാഴ്ചത്തെ കൂടെ ആശുപത്രി വാസം അവസാനിപ്പിച്ചു ഡിസ്ച്ചാർജായി വീട്ടിലേക്ക് പോവാണ് ഇന്ന്. ആക്‌സിഡന്റ് ആയത് കൊണ്ട് ആഷ്‌ലിൻ ഇങ്ങോട്ട് വരാനും അവളെ നഷ്ടപ്പെട്ടില്ല എന്നുറപ്പിക്കാനും സാധിച്ചത് കൊണ്ട് ഇതൊരു മോശം കാര്യമായി ഒന്നും തോന്നിയില്ല. ആരോഗ്യം കുറച്ചു നഷ്ടമായി അത് തിരിച്ചു പിടിക്കാവുന്നതേ ഉള്ളു.
ആംബുലൻസിൽ തന്നാണ് വീട്ടിലേക്ക് പോയത്, തനിച്ച് എഴുന്നേറ്റു നടക്കാൻ ആയിട്ടില്ല. വീട്ടിലെത്തി എന്റെ റൂമിൽ പ്രത്യേകമായി ഒരുക്കിയ കട്ടിലിലേക്ക് കിടത്തി.
അമ്മ ഇപ്പൊ വരാമെന്ന് പറഞ്ഞ് പുറത്തേക്ക്. ആഷ്‌ലിൻ എന്റെ മുറിയിൽ തന്നെ ഉണ്ട്, ഞാൻ അപ്പോഴാണ് ചുറ്റും നോക്കിയത് വാർഡ്രോബ് പാതി തുറന്നു കിടക്കാണ്. അവിടേം ഇവിടേം ഒക്കെ ഡ്രെസ്സും കിടക്കുന്നുണ്ട്, എന്റെ നോട്ടം കണ്ടിട്ടാവാം ആഷ്‌ലിൻ വേഗം ചെന്നു താഴെ കിടന്ന ഡ്രസ്സ് എല്ലാം പെറുക്കി എടുത്തു. എന്നെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു. നാട്ടിൽ വന്ന ശേഷം എന്റെ മുറിയിലാണ് ലഗേജ് എല്ലാം ഇറക്കി താമസമാക്കിയതെന്ന് എനിക്ക് മനസ്സിലായി.
കല്യാണത്തിന് മുമ്പേ തന്നെ കെട്ട്യോന്റെ മുറിയിൽ താമസമാക്കിയ ഭാര്യ. എനിക്ക് ചിരി വന്നത് ഞാൻ അടക്കി പിടിച്ചു അവളുടെ പ്രവർത്തികൾ നോക്കി കിടന്നു. എല്ലാം അടുക്കി പെറുക്കി വെച്ച് പെണ്ണെന്നെ നോക്കി പിന്നേം ചിരിച്ചു, ഒരു ചമ്മൽ നിറഞ്ഞ ചിരി.. ഞാൻ മറുപടിയായി കണ്ണിറുക്കി കാണിച്ചതെ ഉള്ളു..
“നീ അപ്പൊ ഇവിടെ ആണോ രാത്രി കിടക്കാൻ പോണേ? കാലിനു വയ്യാത്തോണ്ട് ആക്ഷൻ ഒന്നും ഉണ്ടാവില്ല” എന്റെ കാലിനെ ഞാനൊന്ന് നോക്കി.