“വരാമെന്ന് പറഞ്ഞിട്ടുണ്ട്” അമ്മ എഴുന്നേറ്റ് മുറിക്കു പുറത്തേക്ക് നടന്നു വാതിലടച്ചു.
മിനുട്ടുകൾ കഴിഞ്ഞപ്പോഴേക്കും വാതിൽ വീണ്ടും തുറന്നു, ആഷ്‌ലിൻ.. ഞാൻ അവളെ അപ്പോഴാണ് പൂർണമായി ശ്രെദ്ധിക്കുന്നത്. അയഞ്ഞ മഞ്ഞ നിറത്തിലുള്ള ടോപ്പും ജീനും ആണ് വേഷം. ഉറക്ക കുറവ് കൊണ്ടാകാം കണ്ണിനു താഴെ കറുപ്പ് നിറം പടർന്നിട്ടുണ്ട്. പൂവിനേക്കാൾ സൗന്ദര്യമുള്ള അവൾടെ മുഖം വാടിയതായി കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.
അവളെനിക്കരികിലേക്ക് നടന്നു വന്ന് ബെഡിനരികെ നിന്നതേ ഉള്ളു..
ഞാൻ കൈ എത്തിച്ചു അവളുടെ കൈയിൽ പിടിക്കാൻ ആഞ്ഞു. എന്റെ ശ്രെമം കണ്ടത് കൊണ്ടാവാം ആഷ്‌ലിൻ കുറച്ച് കൂടെ എനിക്കരികിലേക്ക് നീങ്ങി നിന്നു. ഞാനവളുടെ കയ്യിൽ പിടിച്ചു എനിക്കരികിലേക്ക് ഇരിക്കാൻ പറഞ്ഞു.
എന്റെ മുഖത്തേക്ക് നോക്കുന്നില്ല എങ്കിലും പറഞ്ഞത് കേട്ട് അരികിൽ ഇരുന്നു. കയ്യെത്തിച്ചു ബെഡ് പൊസിഷൻ ശെരിയാക്കാനുള്ള കീപാഡ് എടുത്ത് ചാരി കിടക്കാൻ പാകത്തിലാക്കി. അവളെന്നെ ഇപ്പോഴും നോക്കുന്നില്ല..
“ഇച്ചായനോട് മിണ്ടില്ലേ?” കയ്യിൽ പതിയെ തലോടി കൊണ്ട് ഞാൻ ചോദിച്ചു.
അവളെന്നെ മുഖം തിരിച്ചു നോക്കി.. പക്ഷെ മറുപടി ഇല്ല..
“അത്രക്ക് ഇഷ്ടമാണ് എങ്കിൽ അന്നെന്തിനാ അങ്ങനെ മെസ്സേജ് അയച്ചത്” അവളുടെ മറുപടി ഇല്ലാത്തത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു.
ആ ചോദ്യം കേട്ടതോടെ അവളെന്റെ മുഖത്ത് നിന്ന് കണ്ണുകൾ പിൻവലിച്ചു. ഞാൻ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ ആണ് വീണ്ടുമെന്നെ നോക്കിയത്.
“പറ” ഞാൻ വീണ്ടും പറഞ്ഞു.
അവളെന്നെ നോക്കി കൊണ്ട് ഇരിക്കാണ്, ഒന്നും മിണ്ടുന്നില്ല.. പിന്നെ പതിയെ ചുണ്ടുകൾ ചലിക്കാൻ തുടങ്ങി.
“ഇപ്പോ തന്നെ പറയണോ? എല്ലാം മാറിയിട്ട് സമാധാനായിട്ട് നമുക്ക് സംസാരിച്ചാൽ പോരെ?” മുഖത്തൊരു പുഞ്ചിരി വരുത്തി കൊണ്ടാണത് പറഞ്ഞത്.
“മതി.. പക്ഷെ ഈ ചിരി എപ്പോഴും വേണം” ഞാനും പതിയെ ചിരിക്കാൻ ശ്രെമിച്ചു.
“ഞാൻ എപ്പോഴും ദെ ഇവിടെ ഉണ്ടാവും ഇങ്ങനെ ചിരിച്ചോണ്ട്” അവൾ ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിലേക്ക് ഒന്നു ചാഞ്ഞു.
“അയ്യോ അപ്പൊ ഇനി പോണില്ല? പറഞ്ഞത് അബദ്ധയല്ലോ” അവളെ പിടിച്ചെഴുന്നേല്പിക്കാൻ ഞാൻ നോക്കി.
“പോടാ ദുഷ്ടാ” അവൾ പഴയ പോലെ എന്റെ വയറ്റത്തിട്ട് ഒരിടി.