ആഷ്ലിൻ 3
Ashlin Part 3 | Author : Jobin James | Previous Part
വിമാനത്തിൽ ഇരുന്ന് കൊണ്ടുള്ള ഉറക്കം എനിക്കെന്നും കഴുത്തു വേദന സമ്മാനിച്ചിട്ടേ ഉള്ളു. ഇത്തവണയും മാറ്റമില്ല, ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ കോഴിക്കോട് വിമാനത്താവളം എത്താറായിരുന്നു. എയർഹോസ്റ്റസ്മാർ വന്നു സീറ്റ് ബെൽറ്റ് ധരിക്കാനും സീറ്റ് പൊസിഷൻ ശെരിയാക്കാനും നിർദ്ദേശങ്ങൾ നൽകി കൊണ്ടിരുന്നു.
സമയം നോക്കിയപ്പോൾ 5 മണി കഴിഞ്ഞു. വാച്ച് എടുത്ത് ഒന്നര മണിക്കൂർ മുന്നിലേക്ക് നാട്ടിലെ സമയത്തേക്ക് മാറ്റി.
ലാൻഡ് ചെയ്ത് ഫോര്മാലിറ്റിസ് എല്ലാം തീർത്തു ലഗേജുമായി വിമാനത്താവളത്തിന് പുറത്തേക്ക്. പിക്ക് ചെയ്യാൻ ഒന്നും ആരുമില്ല, ഒരു ടാക്സി വിളിച്ചു നേരെ വീട്ടിലേക്ക്.
ഒരു മാസം മുമ്പേ തന്നെ അമ്മ നാട്ടിലേക്ക് പോന്നിരുന്നു, നാട്ടിൽ സെറ്റിൽഡ് ആവാം എന്ന് പറഞ്ഞപ്പോൾ തന്നെ അമ്മക്കതു ഏറെ സന്തോഷമായി. ഞങ്ങളുടെ ഇടവക പള്ളിയിൽ എല്ലാ ദിവസവും കുർബാന കൂടാമല്ലോ എന്നമ്മ പറയുകയും ചെയ്തു. അമ്മ നാട്ടിലെത്തിയ ഉടനെ തന്നെ ആദ്യം ചെയ്ത കാര്യം അച്ചനെ കൊണ്ട് വീട് വെഞ്ചിരിപ്പിക്കുക ആണ്. പുതുതായി താമസം തുടങ്ങുന്ന പോലെ തന്നെ ആയിരുന്നു അമ്മയുടെ പെരുമാറ്റം.
വീടിന് മുന്നിൽ ടാക്സി നിർത്തി കാശ് കൊടുത്തു ഇറങ്ങി. ഗേറ്റ് തുറന്ന് അകത്തേക്ക്, ഇന്റർലോക്ക് മുറ്റത്തിൽ കൂടെ 30 മീറ്റർ നടക്കാനുണ്ട് വീട്ടിലേക്ക്. ഇരുട്ട് പടർന്നു തുടങ്ങിയിട്ടുണ്ട് ഇരു വശത്തും മരങ്ങളും ചെടികളും, പൂച്ചെട്ടികൾ ഇടവിട്ട് വെച്ചിട്ടുണ്ട്. ഇത്രേം ഒക്കെ ചെയ്യാൻ അമ്മക്ക് എങ്ങനെ സമയം കിട്ടിയെന്ന് എനിക്ക് വല്ലാത്ത അത്ഭുതമായി. അവസാനമായി ഇവിടേക്ക് വന്നത് കഴിഞ്ഞ വർഷമാണ്. അന്നെല്ലാം അലങ്കോലമായി കിടപ്പായിരുന്നു, ഇന്ന് തൂത്തു വൃത്തിയാക്കി ഈ വീട് കാണുമ്പോ ശെരിക്കും എന്റെ വീട് എന്നനുഭവപ്പെടുന്നു. ഇത്രയും കാലം മറ്റൊരു രാജ്യത്ത് അതിഥിയായി കിടന്നതോർത്ത് എന്നോട് തന്നെ പുച്ഛവും.
ഫോൺ എടുത്തു നോക്കി, ഇല്ല നെറ്റ്വർക്ക് കാണിക്കുന്നില്ല. റോമിംഗ് ഒന്നും ആക്ടിവേറ്റഡ് അല്ല.
അമ്മ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു, വിശേഷങ്ങൾ ചോദിച്ചപ്പോൾ എല്ലാത്തിനും മൂളൽ മാത്രമായിരുന്നു എന്റെ മറുപടി. അത് കൊണ്ടാവാം പിന്നമ്മ ഒന്നും ചോദിച്ചില്ല.
വീടിനകത്തു കയറി ബാഗ് കസേരയിലേക്ക് ഇട്ട് ഫോൺ എടുത്ത് വൈഫൈ ഓൺ ആക്കി. ഇല്ല കണക്ട് ആവുന്നില്ല, വീണ്ടും ശ്രെമിച്ചു.. ഇല്ല
ഞാൻ അമ്മയെ വിളിച്ചു “അമ്മാ”
“എന്താടാ എന്തിനാ നീ കാറുന്നേ?”