ജാങ്കോ നീ പിന്നീം.. [സുനിൽ]

Posted by

ഉറഞ്ഞ് തുള്ളി വന്ന വെളിച്ചപ്പാടിന്റെ വാൾ അമൃതയുടെ തലയിൽ ഒന്ന് സ്പർശിച്ചു….

വൈദ്യൂതാഘാതം ഏറ്റത് പോലെ ഒന്ന് ഞെട്ടിയ അമൃത ആ ഇരുന്ന ഇരുപ്പിൽ പിന്നിലേക്ക് മറിഞ്ഞു…

താഴെ വീഴാതെ പിന്നിൽ നിന്ന ഞാൻ അവളെ താങ്ങി അവളുടെ അമ്മ കിട്ടിയ തീർത്ഥജലം ശക്തമായി ആ മുഖത്തേക്ക് കുടഞ്ഞു…

കണ്ണുകൾ വലിച്ച് തുറന്ന അമൃത കണ്ണു കാണാൻ വയ്യാതെ ചുറ്റും മിഴിച്ച് ഒന്ന് നോക്കിയിട്ട് എന്റെ കൈകൾ തട്ടി മാറ്റിയിട്ട് പരതി അമ്മയുടെ കൈയ്യിൽ പിടിച്ചു…

“യ്യോ…. ആണ്ടെന്റെ കണ്ണാടി പോയി അതെടുത്തുതാ അമ്മേ”

ചന്തു തന്റെ കൈയ്യിൽ ഇരുന്ന ചിഞ്ചുവിന്റെ കണ്ണട അവളുടെ കൈയ്യിൽ കൊടുത്തു…

കണ്ണട മുഖത്ത് വച്ച ചിഞ്ചു അപരിചിതത്വത്തോടെ എന്റെ മുഖത്തേക്ക് നോക്കി..

“ഇതാരാമ്മേ.. എന്നെയീ പിടിച്ചത്… നമ്മളിതെവിടാ…?”

“ഞാൻ തൊഴാൻ വന്നതാ വീഴുന്നതു കണ്ടാ പിടിച്ചത് സോറി..”

എന്റെ ഉറച്ച ആ ശബ്ദം കേട്ട അച്ചന്റെയും അമ്മയുടെയും ചന്തുവിന്റെയും മുഖത്തെ ആ ഞെട്ടൽ കാണാത്ത മട്ടിൽ ഉറച്ച കാൽവെയ്പുകളോടെ ഞാൻ പുറത്തേക്ക് നടന്നു…

പിന്നാലെ വന്ന് തോളിൽ പതിയെ കൈവച്ച ചന്തു പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു….

“സനലണ്ണാ…”

ഞാൻ ചിരിയോടെ അവന്റെ കൈ എന്റെ തോളിൽ നിന്ന് എടുത്ത് തിരിഞ്ഞു….

“എന്താടാ…? നിന്റെ ചേച്ചിയെ തിരികെക്കിട്ടിയില്ലേ പിന്നെന്താ ഒരു വിഷമം? ഞാനിപ്പ ചിഞ്ചൂനോടു പറഞ്ഞതാ കാര്യം! അതാണ് വസ്തുത! ഊരറിയാത്ത പേരറിയാത്ത ആരോ ഒരാൾ! ഒരു ഭക്തൻ! വീണപ്പോൾ ഒന്ന് താങ്ങി അതവിടെ കഴിഞ്ഞു! അവളുടെ കഥയിൽ സനലും അമ്മയും ഇല്ല! ഉണ്ടാവരുത്!”

“സനലണ്ണാ…”

ചന്തു വീണ്ടും അവിശ്വസനീയതയോടെ വിളിച്ചു… ഞാൻ ചിരിച്ചു!

“എടാ നിന്റെ പെങ്ങളു ചിഞ്ചൂനെ ഞാനറിയില്ല അവളെന്നെയും! എന്റെ അമ്മു പോയി പോയപ്പ അവളു പറഞ്ഞതു നീയും കേട്ടില്ലേ? അവളു കാത്തിരിക്കും! ഞാൻ ചെല്ലാൻ…..”

പറഞ്ഞിട്ട് ചിരിയോടെ ഞാൻ മുന്നോട്ട് നടന്നു….
ചന്തുവിൽ നിന്ന് മറഞ്ഞതും ചിരി ഒരു നിറകൺചിരി ആയതും ചുണ്ടിൻ കോണിൽ ഒരു വരണ്ട പുഞ്ചിരിയോടെ ആ വാക്കുകൾ ഓടിയെത്തി…

“ജാങ്കോ നീ പിന്നീം…….”

🙏——–🙏

Leave a Reply

Your email address will not be published. Required fields are marked *