ഞാൻ പെട്ടന്ന് വായിൽ വന്ന ആ കള്ളം പറഞ്ഞതും അനീഷുചേട്ടൻ വണ്ടി വിട്ടു!
എന്റെ പിന്നിൽ മറഞ്ഞ ഇവളെ ഏട്ടൻ കണ്ടില്ല എന്ന് തോന്നുന്നു ഇവൾ ഏതാണ് എന്ന് ചോദിച്ചില്ല!
ഒരു ബൈക്ക് ദൂരെനിന്നേ വരുന്നത് കണ്ട ഇവൾ എങ്ങനെ അതെനിക്ക് പോവാനുള്ള വണ്ടിയാവും എന്ന് ഊഹിച്ചു പോകരുത് എന്ന് പറഞ്ഞോ ആവോ!!
അനീഷേട്ടൻ പോയതും അവൾ വാചാലയായി
പേര് ആതിര പാലാ ആണ് സ്വദേശം പാലാ അൽഫോസാ കോളജിലെ ഡിഗ്രി വിദ്യാർത്ഥിനി ആണ്….
മൂന്ന് വർഷം മുൻപ് ഇതേ ദിവസം ആ കാണുന്ന മുണ്ടക്കയം റൂട്ടിലെ വളവിൽ വച്ച് ഒരു ബൈക്ക് ആക്സിഡന്റിൽ ഒരു ആങ്ങളയും പെങ്ങളും മരിച്ചിരുന്നു…
അത് ഇവളുടെ ബന്ധുക്കൾ ആണ് ആ വളവിലെ വീട്ടിലെ ചേട്ടന്റെ കയ്യിൽ സൂക്ഷിച്ചു വച്ച ആ മൂന്ന് വർഷം മുൻപത്തെ ആ അപകട വാർത്ത വന്ന മനോരമ പത്രം ഉണ്ട് എന്ന് അറിഞ്ഞു അത് ഒന്ന് കാണാൻ വന്നതാണ്….
“എനിക്കിപ്പ പഴേപോലൊന്നും ഇങ്ങനെ വരാൻ സാധിക്കില്ല ട്ടോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് മാത്രാ… അതാണല്ലോ സനലേട്ടന്റെ “അമ്മ അവനെയൊന്നു തടയെടീ” എന്നു പറഞ്ഞപ്പ എനിക്കു രക്ഷിക്കാൻ സാധിച്ചേ… അമ്മക്കിപ്പ ഞാൻ വെണോന്നില്ലാലോ അമ്മേ മുറുകെ പിടിച്ചോണം ട്ടോ…!’
ആതിരയുടെ സങ്കടത്തോടെയുള്ള പറച്ചിൽ കേട്ട് ഞാൻ അമ്പരന്ന് ചോദിച്ചു……
“ഞാനതിനു പേരുപറഞ്ഞില്ലാലോ?
നീയെങ്ങനാ ഞാൻ സനലാണ് എന്ന് പറഞ്ഞത്?
നിനക്കെന്റെ അമ്മേ അറിയാവോ? അമ്മ എന്ത് എപ്പഴാ നിന്നോട് രക്ഷിക്കാൻ പറഞ്ഞെ?
എന്താ നീ എന്നെ രക്ഷിച്ചത്…..????”
ഒറ്റ ശ്വാസത്തിൽ ഉള്ള എന്റെ ചോദ്യത്തിന് വിഷാദം കലർന്ന ഒരു പുഞ്ചിരി ആയിരുന്നു ആതിരയുടെ മറുപടി!
പെട്ടന്ന് ഒരു വെള്ളിടി മുഴങ്ങി…. തീഗോളം ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് പോലെ മിന്നലും… ഞാൻ ഭയന്ന്
കാതുകൾ പൊത്തി കണ്ണുകൾ ഇറുക്കി അടച്ചു……
കണ്ണ് തുറന്നപ്പോൾ ഞാൻ വീണ്ടും നടുങ്ങി….. !!!
മുന്നിൽ നിന്ന ആതിര അവിടെയില്ല!!
ഭയന്ന് വിറച്ചു നിന്ന എന്റെ മുന്നിലൂടെ മുണ്ടക്കയത്ത് നിന്നും വന്ന ഫയർ എൻജിൻ മണിയും മുഴക്കി പാഞ്ഞുപോയി…
ഒപ്പം ആംബുലൻസും! തൊട്ട് പിന്നാലെ ഒരു പോലീസ് ജീപ്പും!!
അതിന് പിന്നാലെ വന്ന ജീപ്പ് എന്നെ കണ്ട് എന്റെ മുന്നിൽ സ്ലോ ചെയ്തു….
“കേറടാ……..”
ഞാൻ ആ ജീപ്പിന്റെ പിന്നിൽ ഞാന്നു!
ഫയർ എൻജിൻ പോരുന്നത് കണ്ടു പിന്നാലെ പോന്ന മുണ്ടക്കയത്തെ പരിചയക്കാരായ ജീപ്പ് ഡ്രൈവർമാർ ആണ്!!!
കാഞ്ഞിരപ്പള്ളി റൂട്ടിൽ കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോൾ കണ്ടു KSRTC ബസിന് അടിയിൽ ഇഞ്ച ചതച്ചത് പോലെ നുറുങ്ങിയ ബൈക്കിന്റെ ഭാഗങ്ങൾ….
നമ്പർ പ്ലേറ്റ് കണ്ട എന്നിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു എന്നെ വിളിച്ചിട്ട് ആതിര കാരണം ഞാൻ കയറി പോരാഞ്ഞ അനീഷുചേട്ടന്റെ ബൈക്ക്…..!!!!!
ഇടിച്ച ഉടൻ തന്നെ ആള് പോയി…..!