വന്നയാൾ അട്ടഹസിച്ചുകൊണ്ട്..
“ഈ വീരസിംഹനെ തടയാൻ ഇനിയൊരവതാരം ഈ ഭൂമിയിൽ വേറെ ജനിക്കണം..”
പൊടുന്നനെ കൊള്ളിയാൻ മിന്നൽ പിണർ ഭൂമിയെ തൊട്ടുതലോടി.. കൂടെ ഇടിമുഴക്കവും..
ആരുടെയൊ വരവറിയിച്ചുകൊണ്ട് ഒരു ഫാൽക്കൺ പക്ഷി കടന്നുവരുന്നു..
അത് അവരുടെ തലക്ക് മുകളിൽ വട്ടം ചുറ്റി പറന്നുകൊണ്ടിരുന്നു…
ആ വൃദ്ധന്റേയും പെണ്മക്കളുടേയും മുഖത്ത് ആശ്വാസത്തിന്റെ കാറ്റ് വീശുന്നു..
വീരസിംഹന്റെ മുഖത്തെ അട്ടഹാസം നിലക്കുന്നു… ഒരു നിമിഷം അയാൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കുന്നു..
എന്താണു സംഭവിക്കുന്നതെന്നറിയാതെ അന്തവിട്ട് നിൽക്കുന്ന അനുയായികൾ..
അവിടെയാകെ ഒരു നിമിഷം നിശബ്ദത തളം കെട്ടി…
ആ നിശബ്ദ്ധതയെ കീറിമുറിച്ചുകൊണ്ട് …
“പാപത്തിന്റെ ശമ്പളം മരണമാണു…”
ആ ഘനഗാംഭീര്യശബ്ദം അവിടെയാകെ അലയടിച്ചു..
ആ വൃദ്ധന്റേയും മക്കളുടേയും മുഖത്ത് സന്ദോഷം കടന്നുവന്നു… തങ്ങൾ കേട്ട ആ ശബ്ദം, അതൊരു വിശ്വാസമായി ആ വയോധികന്റെ മുഖത്ത് പ്രതിഫലിച്ചു..
വീരസിംഹനും കൂട്ടാളികളും ഭയന്നുകൊണ്ട് ചുറ്റും നോക്കി…
കുറച്ച് മാറി , അവരുടെ പിന്നിലായി നിന്നിരുന്ന ആ മനുഷ്യനെ അവർ കണ്ടു..
വെളുത്ത പൈജാമ കുർത്തിയും ചുവന്ന ഷാൽവാർ പാന്റും..കഴുത്തിലൊരു ഷാളും.. (ചാർളി ലുക്ക്)
താടിയും പിരിച്ച് വെച്ച കട്ടി മീശയും ആ മുഖത്തിനു അഴകും വീരവും ആയിരുന്നു. വെളുത്ത് നല്ല അഴകൊത്തമുഖം.
കഴുത്തിൽ രുദ്രാക്ഷമാലയും, സൂര്യ മുഖം ലോക്കറ്റിൽ ഉള്ള ഒരു സ്വർണ മാലയും.
ഒരു മുപ്പത്തിയഞ്ച് വയസ്സ് പ്രായം. ആരോഗ്യദൃഡഗാത്രനായ ഒരാൾ.
അയാളെ കണ്ട് മറ്റുള്ളവരിൽ ഭയം നിറഞ്ഞു..
അവരിൽ ഒരാളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു..
“THANATOS”
“ങേ… തനാടോസ് ഓ… അതെന്തൂട്ടാാ”?..
അഞ്ചലിയുടെ ചോദ്യം കുട്ടായി നെ ദേഷ്യം പിടിപ്പിച്ചു..
” ശ്ശെ… കളഞ്ഞ്… ഒരു ഇമ്പത്തിലിങ്ങനെ പറഞ്ഞ് വരുവായിരുന്നു.. അതിനിടയിൽ കോപ്പ് ഇണ്ടാക്കിയവൾ…. ഇനി ഞാൻ പറയിണില്ല…”
അതും പറഞ്ഞ് അവൻ , കയറിയിരുന്നിരുന്ന മരചില്ലയിൽ നിന്ന് താഴെയിറങ്ങി..
“അങ്ങനെ പറയല്ലെ.. കുട്ടായി…. “. അഞ്ചലി കൊഞ്ചി..