ഞാൻ അധിക നേരം അവിടെ നിന്നില്ല, പതിയെ കാർ മുന്നോട്ട് എടുത്തു.. തിരികെ വീട്ടിലേക്ക്..
വീട്ടിനകത്തു കയറി നേരെ ഹാളിലെ സെറ്റിയിലെക്ക് വെട്ടിയിട്ട വാഴ കണക്കെ ഞാൻ വീണു.. കുറച്ചു നാൾ കൂടെ ഇങ്ങനെ തന്നെ മുന്നോട്ട് പോയി പറയാൻ ഇരുന്നത് നേരത്തെ അവളറിഞ്ഞു എന്നല്ലേ ഉള്ളു അതിനിപ്പോ എന്താ.. എന്നായാലും അറിയണം.. അവൾക്ക് എന്നോടും ചെറിയൊരു ഇഷ്ടം ഉള്ളത് കൊണ്ട് തന്നല്ലേ എന്നോട് ദേഷ്യപെടാതെ ഇരുന്നത്.. എന്റെ ചിന്തകൾ കാടു കയറാൻ തുടങ്ങി..
ഞാൻ ഫോൺ എടുത്തു ആഷ്‌ലിനു ഒരു മെസ്സേജ് അയച്ചാലോ എന്നാലോചിച്ചു.. പിന്നെ ആ ശ്രെമം ഉപേക്ഷിച്ചു.
അടുത്ത ഒരാഴ്ചകാലം ഞാൻ സൈറ്റ്കളിൽ ആയിരുന്നു, കടുത്ത ചൂടിൽ സൈറ്റ് വിസിറ്റ് നടത്തുക എന്ന് പറയുന്നത് വലിയൊരു ജോലിയാണ്. ഇതിനിടെ ഓഫീസിൽ ജോലി കാര്യമായി ഇല്ലാത്തതു കൊണ്ട് പോയില്ല. ആഷ്‌ലിൻ ഇടക്ക് മെസ്സേജ് അയക്കും ഞങ്ങൾ കാഷ്വൽ ആയി മാത്രം സംസാരിച്ചു.
അതിനിടയിൽ ഒരിക്കൽ പോലും അവളെ ഫോൺ ചെയ്യാൻ ഞാൻ തുനിഞ്ഞില്ല. ഒരു ദിവസം ഫേസ്ബുക് നോക്കുന്നതിനിടയിൽ ആഷ്‌ലിന്റെ ബര്ത്ഡേ വരുന്ന വെള്ളിയാഴ്‌ച ആണെന്ന് ഞാൻ കണ്ടു. സർപ്രൈസ് ചെയ്യാനുള്ള പല വഴികളും ഞാൻ ആലോചിച്ചു വെച്ചെങ്കിലും അതിനൊപ്പം തന്നെ ഞാൻ എന്തെങ്കിലും ചെയ്താൽ അത് ഇഷ്ടപ്പെടുമോ എന്നൊരു ആശങ്കയും എന്നിൽ നിറഞ്ഞു നിന്നു. പക്ഷെ കൊടുക്കാനായി ഒരു റിംഗ് വാങ്ങി വെക്കാൻ തീരുമാനിച്ചു. ഒരു പ്ലാറ്റിനം റിംഗ്, വിത്ത് ബർത്ത് സ്റ്റോൺ.
വ്യാഴാഴ്ച സൈറ്റിൽ നിന്ന് നേരെ വീട്ടിലേക്ക് പോന്നു. കുളിയെല്ലാം കഴിഞ്ഞ് പുറത്തു പോയി ഫുഡും കഴിച്ച് വന്നു കിടന്നു. ഉറങ്ങി പോവാതിരിക്കാൻ വേണ്ടി യൂട്യൂബിൽ പഴയ മലയാള സിനിമ കോമഡി സീൻസ് കണ്ടു കൊണ്ട്. 12 മണി ആയപ്പോൾ ഞാൻ വാട്സ്ആപ്പ് എടുത്ത് ആഷ്‌ലിനു മെസ്സേജ് അയച്ചു. ഈ സമയത്ത് വിളിക്കാൻ എനിക്ക് തോന്നിയില്ല.
“ഹാപ്പി ബര്ത്ഡേ, സ്റ്റേ ബ്ലെസ്സഡ് ആൽവേസ്”
ഉടനെ തന്നെ റിപ്ലൈ വന്നു “താങ്ക് യു”
അപ്പോൾ തന്നെ വിളിച്ചു സംസാരിക്കണം എന്ന എന്റെ ആഗ്രഹത്തെ ഞാൻ പിടിച്ചു കെട്ടി, വിളിച്ചില്ല.
രണ്ട് മിനിറ്റിനു ശേഷം ഒരു മെസ്സേജ് കൂടെ വന്നു.
“ഒന്നു വിളിച്ചു വിഷ് ചെയ്തു കൂടെ”
“ഞാൻ അസമയത്തു പെൺകുട്ടികളെ ഫോൺ ചെയ്യാറില്ല, സോറി”
“ഓഹ്”
ഞാൻ തുടർന്നു ഒന്നും അയച്ചില്ല. നെറ്റ് ഓഫ് ചെയ്ത് അവളെ കുറിച്ചോർത്തു എപ്പോഴോ ഉറങ്ങി പോയി..