“സോ.. എന്താ സാറിന്റെ ഉദ്ദേശം.. പ്രേമം ആണോ?”
ഞാൻ പെട്ടന്ന് ഞെട്ടി പോയി ആ ചോദ്യം കേട്ടതോടെ, ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്.
“ഞാൻ ഡയറി വായിച്ചായിരുന്നു” അവൾ തുടർന്നു.
സന്തോഷം, ഇത് ഞാൻ പ്രതീക്ഷിക്കെണ്ടാതിരുന്നു. ഇനി പറഞ്ഞിട്ട് ഒന്നുല്ല.. എന്റെ പ്രേമം ഞാൻ മുളയിലേ നുള്ളി കളയേണ്ട അവസ്ഥ ആയി..
എന്റെ നാക്ക് ഇറങ്ങി പോയതാണോ അതോ വായിലെ വെള്ളം മുഴുവൻ വറ്റിയതാണോ എന്നറിയില്ല, ഒരക്ഷരം വായിൽ നിന്ന് പുറത്ത് വന്നില്ല. എന്റെ നോട്ടം അവളുടെ മുഖത്ത് നിന്ന് താഴേക്ക് മാറ്റി ഒരു കുറ്റവാളിയെ പോലെ ഞാനിരുന്നു.
“ഐ ആം സോറി” അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ലായിരുന്നു.
“മ്മ്” അവളൊരു മൂളലിൽ മറുപടി ഒതുക്കി
ഞാൻ പതുക്കെ എഴുന്നേറ്റു റൂമിനു പുറത്തേക്ക് നടന്ന് ഹാളിലെ സോഫയിൽ ചാരി ഇരുന്നു. ആ ഇരുപ്പിൽ ചെറുതായൊന്നു മയങ്ങി പോയി..
“എഴുന്നേൽക്ക് എനിക്ക് പോണം, എത്ര നേരായി വിളിക്കുന്നു” സ്വപനത്തിൽ എന്ന പോലെ ഒരു ശബ്ദം കേട്ട ഞാൻ ഞെട്ടി ഉണർന്നു പോയി.
ആഷ്‌ലിൻ വസ്ത്രമെല്ലാം മാറി പോവാൻ തയ്യാറായിരിക്കുന്നു.
“സോറി.. അറിയാതെ ഉറങ്ങി പോയി” ഞാൻ മുഖം കഴുകാൻ വാഷ് ബേസിനടുത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു.
“വല്ലാണ്ട് ലേറ്റ് ആയി, എന്നെ കൊണ്ട് വിട്”
“ഞാൻ ചേഞ്ച് ചെയ്ത് ഇപ്പൊ വരാം” ഞാൻ വസ്ത്രം മാറാനായി ബെഡ്റൂമിലേക്ക് നടന്നു. എന്റെ മനസ്സാകെ മരവിച്ചു പോയ പോലെ ആയി, മനസ്സിലുള്ള പ്രണയം തുറന്ന് പറയാൻ കഴിയുന്നതിനു മുമ്പേ എല്ലാം അവസാനിച്ചു. ഞാൻ വേഗത്തിൽ തന്നെ വസ്ത്രം മാറി പുറത്തേക്ക് വന്നു.
ആഷ്‌ലിനോട് ഒന്നും സംസാരിക്കാതെ ഫ്ലാറ്റിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങാൻ തയ്യാറായി. ആഷ്‌ലിൻ പതുക്കെ എന്റെ പുറകിൽ നടന്നു വന്നു, വേദന എങ്ങനുണ്ട് എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും അവൾക്ക് എന്ത് തോന്നും എന്നോർത്തു ഒരക്ഷരം മിണ്ടിയില്ല. ലിഫ്റ്റിൽ കേറി താഴെ എത്തി കാറിൽ കയറുന്ന വരെയും ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
“സീറ്റ് ബെൽറ്റ് ഇട്” സീറ്റ് ബെൽറ്റ് വാണിംഗ് മുഴങ്ങിയപ്പോ ഞാൻ ആഷ്‌ലിനോട് പറഞ്ഞു.
അവളൊന്നും മിണ്ടാതെ അനുസരിച്ചു. വണ്ടി മുന്നോട്ടെടുത്തു.. വീണ്ടും നിശബ്ദത
വണ്ടി വില്ലക്ക് മുന്നിൽ നിർത്തി, അവൾ സീറ്റ് ബെൽറ്റ് അഴിച്ചു ഇറങ്ങാതെ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“ബൈ.. നാളെ കാണാം”
ഞാൻ ഒന്നും മിണ്ടാതെ കൈ ഉയർത്തി കാണിച്ചു.
അവളിറങ്ങി നടന്നു, ഗേറ്റ് തുറക്കുന്നത് വരെ കാത്തു നിന്നു. ഇടക്ക് എന്റെ നേരെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു, എന്തോ പറയാനുള്ളത് പോലെ..