“ആ.. എന്റെ അമ്മച്ചി” ഈ വിളി കേട്ടു തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് പാതി വഴിയിൽ കുത്തി ഇരിക്കുന്ന അവളെയാണ്. എഴുന്നേൽക്കാൻ ശ്രെമിച്ചിട്ട് പറ്റാതെ അവളവിടെ തന്നെ ഇരിക്കായിരുന്നു. ഇതവൾടെ അടവാണോ എന്നറിയാത്തതു കൊണ്ട് പതുക്കെ അവളുടെ അടുത്തേക്ക് ഞാൻ ചെന്നു. അവളെന്നെ നോക്കുന്നെ പോലും ഇല്ലായിരുന്നു നടുവിന് കൈ കുത്തി വേദനയാൽ പുളയുന്ന അവളെ കണ്ടപ്പോ എനിക്ക് കളി കാര്യമായി എന്ന് മനസ്സിലായി.
“സോറി.. സോറി.. എണീക്കാൻ പറ്റുമോ? അതോ ഞാൻ എടുക്കണോ?” കൈകൾ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു കൊണ്ട് അവളോട് ഞാൻ ചോദിച്ചു.
രണ്ടു കയ്യും എന്റെ നേരെ നീട്ടി അവളവിടെ തന്നെ ഇരുന്നു. അത്ര കണ്ടു ഭാരം ഇല്ലാത്തതു കൊണ്ട് ഞാൻ അവളെ പൊക്കി എടുത്ത് എന്റെ റൂമിലേക്ക് നടന്നു. ബെഡിൽ കിടത്തി ഞാൻ അരികിൽ തന്നെ ഇരുന്നു.
“നല്ല വേദന ഉണ്ടോ?”
“ആഹ് എന്ത് ചോദ്യമാടോ ഇച്ചായാ നടുവും കുത്തി വീണാ പിന്നെ സുഖമാണോ ഉണ്ടാവ” അവൾ പരിഭവത്തോടെ ആയിരുന്നു.
“നല്ല വേദന ആണേൽ ഹോസ്പിറ്റലിൽ പോവാം” ഞാൻ വേവലാതിയോടെ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.
“അതൊന്നും വേണ്ടാ.. കുറച്ച് നേരം ഇവിടെ കിടക്കാം മാറിക്കോളും” അവൾ എന്നെ തടഞ്ഞു.
“എന്നാ ഞാൻ കുറച്ച് ഐസ് എടുത്ത് തരാം, വേദന കുറയും”
“മ്മ്”
ഞാൻ ഐസ് ക്യൂബ്സ് എടുക്കാനായി കിച്ചണിലേക്ക് പോന്നു. വെള്ളമടി ഒന്നും ഇല്ലാത്തത് കൊണ്ട് ഐസ് ക്യൂബ്സ് ഉണ്ടാക്കാൻ വെക്കാറൊന്നുമില്ല. എങ്ങാനും ഇരിപ്പുണ്ടോ എന്ന് നോക്കാം അല്ലെങ്കിൽ പോയി മേടിക്കേണ്ടി വരും. ഭാഗ്യം കുറച്ചിരിപ്പുണ്ട്, കഴിഞ്ഞ തവണ എന്തോ ആവശ്യത്തിന് വാങ്ങിച്ചതിന്റെ ബാക്കി. ഞാനത് എടുത്ത് ഒരു പോളിത്തീൻ കവറിലേക്ക് ആക്കി തിരിച്ചു റൂമിലേക്ക് തന്നെ ചെന്നു.
നെറ്റിയിൽ കൈ മടക്കി വെച്ച് കിടക്കയാണ് ആൾ കണ്ണടച്ചിട്ടുണ്ട്. ഞാൻ അരികിൽ ചെന്നു അവളെ വിളിച്ചു.
“ദാ ഇതെടുത്തു നടുവിന് വെക്ക് കുറച്ച് സമാധാനം ഉണ്ടാവും” ഞാൻ ഐസ് ബാഗ് എടുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു.
അവൾ പതിയെ എഴുന്നേറ്റ് എന്റെ കയ്യിൽ നിന്നത് വാങ്ങിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ ചെയ്തോളാം”
അതെന്നോട് പുറത്തോട്ട് പോവാൻ പറഞ്ഞതാണെന്ന് ഊഹിച്ച ഞാൻ എഴുന്നേറ്റു റൂമിനു പുറത്തേക്ക് നടന്നു.
ഹാളിൽ ഇരുന്ന് ടീവി ഓൺ ചെയ്ത് നെറ്ഫ്ലിക്സ് എടുത്ത് ചുമ്മാ ഓരോന്ന് എടുത്ത് വെക്കാൻ തുടങ്ങി. എനിക്ക് ക്ഷെമ തീരെ ഇല്ലാത്തത് കൊണ്ട് കണ്ടിട്ട് മുഴുവനാക്കാത്ത സീരീസുകൾ ഡസൻ കണക്കിന് ഉണ്ട്. കണ്ടു തുടങ്ങി 2 എപ്പിസോഡ് കഴിഞ്ഞാൽ ബാക്കി കഥ വിക്കിപീഡിയ നോക്കി വായിക്കും.