അവളത് കണ്ടു കാണുമോ, കണ്ടെങ്കിൽ എങ്ങനെ ആയിരിക്കും പ്രതികരിക്കുക ഇങ്ങനെ തുടങ്ങി ഒരു നൂറു ചോദ്യം എന്റെ ഉള്ളിലൂടെ കടന്ന് പോയി കൂടുതൽ വായിക്കാതിരിക്കാൻ വേണ്ടി ഞാൻ അവളോട് പറഞ്ഞു.
“ഞാൻ ബീഫ് വാങ്ങിച്ചിട്ടുണ്ട് വാ നമുക്ക് ഉണ്ടാക്കാൻ തുടങ്ങാം”
അവൾ തിടുക്കം ഒന്നും കാണിക്കാതെ പതിയെ ഡയറി മടക്കി വെച്ചു. കസേരയിൽ നിന്നെഴുന്നേറ്റ് എന്റെ നേരെ തിരിഞ്ഞിട്ടു ചോദിച്ചു.
“ഞാൻ ഈ സാരീ ഉടുത്തോണ്ട് തന്നെ അടുക്കളയിൽ കേറണോ?”
“വേണ്ട നിനക്ക് വേറെ ഡ്രസ്സ് ഞാൻ തരാം വാ”
ഞാനവളെ അനിയത്തിയുടെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.
“വീട്ടിൽ ഇടാനുള്ളതെല്ലാം ദെ ഈ താഴത്തെ കള്ളിയിൽ ഉണ്ട് ഏതാണെന്നു വെച്ചാൽ ഇട്ടിട്ട് താഴേക്ക് വാ” ഇതും പറഞ്ഞു ഞാൻ മുറി വിട്ട് പുറത്തേക്കു ഇറങ്ങി.
നേരെ അടുക്കളയിൽ എത്തി ബീഫ് കഴുകി വൃത്തി ആക്കി വേവിക്കാൻ വെച്ചു.
ആ സമയം കൊണ്ട് പുട്ടുണ്ടാക്കാൻ പൊടി നനച്ചു.
അപ്പോഴേക്കും അവളും എത്തി, ഒരു ടി ഷർട്ടും ത്രീ ഫോർത്തും ഇട്ടു കൊണ്ട്. ടി ഷർട്ട് നല്ല അയവായതിനാൽ തോളിൽ നിന്നു ഊർന്നു വീഴാൻ നിൽക്കുന്ന പോലെ തോന്നി. അവളെ അൺകംഫർട്ടബ്ൾ ആക്കണ്ട എന്നു വെച്ച് ഞാൻ ഒന്നും പറഞ്ഞില്ല.
“മോൾ പുട്ടുണ്ടാക്കിക്കോ ഇച്ചായൻ ബീഫ് കറി വെക്കാം” ഞാൻ നനച്ചു വെച്ച പുട്ട് പൊടിയും തേങ്ങ ചിരവി വെച്ചതും എടുത്തു കൊടുത്ത് പറഞ്ഞു.
“ഇച്ചായാ.. ഇത്തിരി ഓവർ ആവുന്നുണ്ടോ എന്നൊരു സംശയം” അവൾ ഇത്തിരി നീട്ടി കൊണ്ട് പറഞ്ഞു
“ഓഹ് പിന്നെ.. ഇനിയിപ്പോ ഫോര്മാലിറ്റി ഒക്കെ എന്നാത്തിനാ”
“മ്മ്.. ശെരി ശെരി” ഒരു ആക്കിയ ചിരി സമ്മാനിച്ച് അവൾ പറഞ്ഞു.
ഞാൻ സവാളയും തക്കാളിയും എടുത്ത് കറി വെക്കാനുള്ള ശ്രെമം ആരംഭിച്ചു. ശ്രെമം എന്ന് പറഞ്ഞാൽ, അത്യാവശ്യം നന്നായിട്ട് ഒക്കെ വെക്കും പക്ഷെ വീട്ടിൽ അങ്ങനെ അവസരം കിട്ടാത്തത് കൊണ്ട് എല്ലാർക്കും കഴിവ് അത്ര കണ്ട് അങ്ങ് അറിഞ്ഞു കൂടാ.. സാരമില്ല ഇവളെ ഞെട്ടിക്കാം..
..
ഉണ്ടാക്കി വന്നപ്പോ സമയം 4 മണി ആവാറായി. കഴിക്കാനായി എല്ലാം ടേബിളിൽ എടുത്ത് വെച്ച് ഞങ്ങൾ ഇരുന്നു.
“നോട് ബാഡ്.. ബീഫ് കറി കൊള്ളാം.. താൻ കൊള്ളാലോ ഇച്ചായാ.. തന്നെ കെട്ടുന്നവൾ രക്ഷപെട്ടു” അവളുടെ കാലു കൊണ്ട് എന്റെ കാലിനു തട്ടിയിട്ട് പറഞ്ഞു